ജോളിയാണ് ട്രീസ! ഒരു ഗെയിംസിൽ 2 മെഡലുകൾ നേടുന്ന ആദ്യ മലയാളി

Mail This Article
ബർമിങ്ങാം ∙ ഇന്ത്യൻ ബാഡ്മിന്റനു കേരളം സമ്മാനിച്ച വണ്ടർ ഗേളാണ് 19 വയസ്സുകാരി ട്രീസ ജോളി. മാർച്ചിൽ നടന്ന ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ സെമിയിലെത്തി ചരിത്രം കുറിച്ച പെൺകുട്ടി ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലൂടെ സ്വന്തമാക്കിയത് ഇതുവരെ ഒരു മലയാളിക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടം; ഒരു ഗെയിംസിൽ 2 മെഡലുകൾ നേടുന്ന ആദ്യ കേരള താരമാണ് കണ്ണൂർ ചെറുപുഴ പുളിങ്ങോം സ്വദേശിനിയായ ട്രീസ. മിക്സ്ഡ് ഡബിൾസിൽ വെള്ളി നേടിയ ഇന്ത്യൻ ടീമംഗമായിരുന്ന ട്രീസ, ഗായത്രി ഗോപീചന്ദുമൊത്ത് വനിതാ ഡബിൾസിലെ വെങ്കലവും സ്വന്തമാക്കുകയായിരുന്നു.
വനിതാ ഡബിൾസിൽ തിങ്കൾ പുലർച്ചെ നടന്ന വെങ്കല മെഡൽ മത്സരത്തിൽ ഓസ്ട്രേലിയയുടെ യു ചെൻ– ഗ്രോണി സോമർവിൽ സഖ്യത്തെയാണ് ട്രീസ – ഗായത്രി സഖ്യം തോൽപിച്ചത് (21-15, 21-18). റാങ്കിങ്ങിലും പരിചയ സമ്പത്തിലും മുന്നിലുള്ളവരെ അട്ടിമറിച്ചായിരുന്നു ഗെയിംസിൽ ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. ഇരുവരുടെയും കരിയറിലെ ആദ്യ കോമൺവെൽത്ത് ഗെയിംസായിരുന്നു ഇത്.
വനിതാ ഡബിൾസിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സഖ്യമായ ഗായത്രിയും ട്രീസയും നേട്ടങ്ങളിലേക്കു കുതിക്കുന്നത് അതിവേഗമാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ ലോക റാങ്കിങ്ങിൽ 450–ാം സ്ഥാനത്തായിരുന്ന ഇരുവരും ഇപ്പോൾ 37–ാം റാങ്കിലാണ്. ജപ്പാനിൽ 22ന് ആരംഭിക്കുന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലും ട്രീസ സഖ്യം മത്സരിക്കുന്നുണ്ട്.
English Summary: Treesa Jolly-Gayatri Gopichand Pair Claim Bronze In Badminton Women's Doubles