മഹാബലിപുരം ∙ പതിനേഴുകാരൻ പയ്യൻ ലോക റാപിഡ് ചെസ് ജേതാവായപ്പോൾ അവധി പ്രഖ്യാപിച്ച രാജ്യം ഏതാണ്? എഡി രണ്ടാം നൂറ്റാണ്ടിൽ തങ്ങളുടെ നാട്ടിലാണ് ചെസ് ഉത്ഭവം കൊണ്ടത് എന്നു കരുതുന്ന രാജ്യം ഏതാണ്? 44–ാം ലോക ചെസ് ഒളിംപ്യാഡിൽ ജേതാവായ രാജ്യം ഏതാണ്? മൂന്നിനും ഉത്തരമൊന്നാണ്–ഉസ്ബെക്കിസ്ഥാൻ!
അബ്ദുസത്തറോവ്, യാക്കുബയോവ്, സിന്ദറോവ്, വാഖിദോവ്, വോഖിദോവ്. ഈ പേരുകൾ പ്രതാപം അവസാനിച്ച പഴയ സോവിയറ്റ് യൂണിയനിൽ നിന്നല്ല, ഒളിംപ്യാഡിലെ ഓപ്പൺ വിഭാഗത്തിൽ ജേതാക്കളായ ഉസ്ബെക്കിസ്ഥാനിൽ നിന്നാണ്. ഡച്ച്–ബോസ്നിയൻ താരമായിരുന്ന കോച്ച് ഇവാൻ സോക്കലോവിന്റെ ചുണക്കുട്ടികളാണിവർ. വെങ്കലം നേടിയ ഇന്ത്യൻ ബി ടീമിന്റെ ശരാശരി പ്രായം 17 ആണെങ്കിൽ ഉസ്ബെക്കിസ്ഥാൻ ടീമിന്റെ ശരാശരി പ്രായം 20.
എതിരാളിയുടെ വലുപ്പച്ചെറുപ്പം നോക്കാതെ അവസാനം വരെ പോരാടുന്ന നോഡിബ്രെക് അബ്ദുസത്തറോവ് എന്ന പതിനേഴുകാരൻ പയ്യനാണ് ടീമിന്റെ കുന്തമുന. കഴിഞ്ഞ വർഷം അബ്ദുസത്തറോവ് ലോക റാപിഡ് കിരീടം നേടിയപ്പോൾ ദേശീയ അവധി പ്രഖ്യാപിച്ചു ഉസ്ബെക്കിസ്ഥാൻ. ഒളിംപ്യാഡിൽ പത്താംറൗണ്ടിൽ ഇന്ത്യൻ താരം ഡി.ഗുകേഷിനെതിരെയുള്ള കളി പരാജയത്തിന്റെ വക്കിൽനിന്നും വിജയത്തിന്റെ കരയിലേക്കടുപ്പിച്ചതും ടീമിനു സ്വർണം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും അബ്ദുസത്തറോവാണ്.
എന്നാൽ അബ്ദുസത്തറോവല്ല ഉസ്ബെക്കിസ്ഥാനിലെ ആദ്യ ചെസ് ഹീറോ. രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോൾ താഷ്കെന്റ് പ്രവിശ്യയിലെ ചെറു പട്ടണമായ അൽമാലികിൽ ജനിച്ച ജോർജി അഗ്സാമോവ് അന്ന് എണ്ണപ്പെട്ട കളിക്കാരനായി കണക്കാക്കപ്പെട്ടിരുന്നു. 32–ാം വയസ്സിലെ അദ്ദേഹത്തിന്റെ അപകട മരണത്തിനു 18 വർഷം കഴിഞ്ഞാണ് റസ്തം കാസിംജാനോവ് എന്ന പുതുതാരോദയം ഉസ്ബെക് ഹൃദയങ്ങളെ കീഴടക്കിയത്. ഗാരി കാസ്പറോവ് എന്ന ചെസ് ഇതിഹാസം ലോക ചെസ് സംഘടനയെ പിളർത്തി സമാന്തര ലോക ചാംപ്യൻഷിപ്പുകൾ നടത്തിയ കാലഘട്ടം. അപ്പോഴാണ് 2004ൽ ഔദ്യോഗിക പിന്തുണയുണ്ടെങ്കിലും ജനസമ്മതി കുറഞ്ഞ ചാംപ്യൻഷിപ്പിൽ കാസിംജാനോവ് ലോക ജേതാവായത്. പിന്നീട്, പല ലോക ചെസ് ചാംപ്യൻഷിപ്പുകളിലും വിശ്വനാഥൻ ആനന്ദിന്റെ പരിശീലക സംഘത്തിലെ (സെക്കൻഡ്സ്) പ്രധാനിയായിരുന്നു കാസിംജാനോവ്.
സമർഖണ്ഡിൽ നിന്നുള്ള ആർക്കിയോളജിസ്റ്റും ചരിത്രകാരനുമായ യൂറി ബറിയാക്കോവ് അഫ്രാസിയാബ് നഗരത്തിലെ ഉത്ഖനനത്തിനിടെ ആനക്കൊമ്പിൽ തീർത്ത ഏഴു ചെസ് കരുക്കൾ കണ്ടെത്തിയെന്നും അതിനാൽ ചെസ് ഈ പ്രദേശങ്ങളിൽ പണ്ടേ പ്രചാരത്തിലുണ്ടായിരുന്നു എന്നതുമാണ് ഉസ്ബെക് വാദം. എഡി അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ചെസിന്റെ പ്രാചീനരൂപം ഉണ്ടാകുന്നതിനു മൂന്നു നൂറ്റാണ്ടു മുൻപേ ഉസ്ബെക്കിസ്ഥാനിൽ ചെസ് പ്രചാരത്തിലുണ്ടായിരുന്നെന്നും ഇവർ വാദിക്കുന്നു.
ഇന്ത്യൻ ടീമുകൾക്ക് തമിഴ്നാടിന്റെ വക ഒരു കോടി വീതം
ചെന്നൈ ∙ ചെസ് ഒളിംപ്യാഡിൽ വെങ്കല മെഡലുകൾ നേടിയ ഇന്ത്യൻ ടീമുകൾക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ ബി ടീമും വനിതാ വിഭാഗത്തിൽ ഇന്ത്യ എ ടീമും വെങ്കല മെഡലുകൾ നേടിയിരുന്നു.
English Summary: Chess Olympiad 2022: About Uzbekistan Chess Team