ADVERTISEMENT

കോട്ടയം ∙ കേരള കായികരംഗത്തെ തമ്മിലടിയുടെ ഏറ്റവും വലിയ ഉദാഹരണമായി ദേശീയ ഗെയിംസിനുള്ള വോളിബോൾ ടീം തിരഞ്ഞെടുപ്പ്. ഗെയിംസിൽ ഒരു ഇനത്തിൽ ഒരു കേരള ടീമിനു മാത്രമേ മത്സരിക്കാനാകൂ എന്നിരിക്കെ വോളിബോളിൽ വെവ്വേറെ ടീമുകളെ പ്രഖ്യാപിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിലും വോളിബോ‍ൾ അസോസിയേഷനും. പുരുഷ, വനിതാ വിഭാഗങ്ങളിലായി 18 പേർ വീതമുള്ള ആദ്യഘട്ട ടീമിനെ രണ്ടുകൂട്ടരും പ്രഖ്യാപിച്ചു. 

ദേശീയ കായിക ചട്ട ലംഘനത്തിന്റെ പേരിൽ രാജ്യത്തെ വോളിബോൾ ഫെഡറേഷന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരം നേരത്തേ നഷ്ടമായിരുന്നു. പിന്നാലെ ഫെഡറേഷന്റെ സംസ്ഥാന ഘടകമായ കേരള വോളിബോൾ അസോസിയേഷന് സ്പോർട്സ് കൗൺസിലും വിലക്കേർപ്പെടുത്തി. ഇക്കാരണത്താൽ ടീം സിലക്ഷൻ തങ്ങൾ ഏറ്റെടുത്തുവെന്നാണ് കൗൺസിലിന്റെ വാദം. ഞായറാഴ്ച കൊച്ചിയിൽ നടത്തിയ ഓപ്പൺ ട്രയൽസിലൂടെയാണ് കൗൺസിൽ ദേശീയ ഗെയിംസിനുള്ള പുരുഷ, വനിതാ ടീമുകളെ തിരഞ്ഞെടുത്തത്.  

വോളിബോൾ അസോസിയേഷനിൽ അഴിമതിയും അധികാരത്തർക്കവും രൂക്ഷമായ സാഹചര്യത്തിലാണ് സ്പോർട്സ് കൗൺസിലിന് വോളിബോൾ മത്സരങ്ങളുടെ നടത്തിപ്പും ടീം സിലക്ഷനും ഏറ്റെടുക്കേണ്ടി വന്നത്. ഇപ്പോഴും അതേ സാഹചര്യമാണ്. സിലക്ഷൻ ട്രയൽ‌സില്ലാതെയായിരുന്നു അസോസിയേഷന്റെ ടീം തിരഞ്ഞെടുപ്പ്. പ്രൈം വോളിബോൾ ലീഗിൽ മത്സരിച്ചത് കേരളത്തിലെ ഏറ്റവും മികച്ച കളിക്കാരാണ്. അവരെ പൂർണമായി തഴഞ്ഞു.

എന്നാൽ ദേശീയ ഗെയിംസ് സംഘാടകരായ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ അംഗീകാരവും ടീമിനെ തിര​ഞ്ഞെടുക്കാനുള്ള അധികാരവും തങ്ങൾക്കാണെന്നാണ് വോളിബോൾ അസോസിയേഷന്റെ വാദം. ദേശീയ ഗെയിംസ് ടീമിനെ തിരഞ്ഞെടുക്കാൻ അസോസിയേഷൻ സിലക്ഷൻ ട്രയൽസ് നടത്തിയില്ല. പകരം ഈ വർഷത്തെ 2 ദേശീയ ചാംപ്യൻഷിപ്പുകളിൽ മികച്ച പ്രകടനം നടത്തിയ 18 പേരെ ഉൾപ്പെടുത്തി ടീം രൂപീകരിച്ചു. ഫെഡറേഷന്റെ അനുമതിയില്ലാതെ നടന്ന പ്രൈം വോളിബോൾ ലീഗിൽ പങ്കെടുത്ത പുരുഷ താരങ്ങളിലാരെയും അസോസിയേഷന്റെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായി.

ദേശീയ ഗെയിംസിനുള്ള കേരള ടീമുകളുടെ എൻട്രികൾ സമർപ്പിക്കുന്നത് കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) മുഖേനയാണ്. അതിനാൽ ഈ 2 ടീമുകളിൽ കേരളത്തിനായി ആരു കളിക്കുമെന്ന തീരുമാനം ഇനി കെഒഎയുടെ കോർട്ടിലാണ്. ഈ മാസം 15 ആണ് എൻട്രി സമർ‌പ്പിക്കാനുള്ള അവസാന തീയതി. ഗുജറാത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 10 വരെയാണ് ദേശീയ ഗെയിംസ്. 

ദേശീയ ഗെയിംസ് ടീം തിരഞ്ഞെടുപ്പ് നടത്താനുള്ള അസോസിയേഷന്റെ അധികാരത്തിൽ കടന്നു കയറാനാണ് സ്പോർട്സ് കൗൺസിൽ ശ്രമം. മുൻ ദേശീയ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കേരള ടീമിന് ദേശീയ ഗെയിംസ് എൻട്രി ലഭിച്ചത്. അതുകൊണ്ടാണ് സിലക്ഷൻ ട്രയൽസില്ലാതെ അതേ ടീമിനെ അയയ്ക്കുന്നത്. പ്രൈം വോളിയിൽ കളിച്ചവരെ ടീമിൽ ഉൾപ്പെടുത്തേണ്ടെന്നത് ഫെഡറേഷനിൽ നിന്നു ലഭിച്ച നിർദേശമാണ്.

വോളിബോൾ അസോസിയേഷനിൽ അഴിമതിയും അധികാരത്തർക്കവും രൂക്ഷമായ സാഹചര്യത്തിലാണ് സ്പോർട്സ് കൗൺസിലിന് വോളിബോൾ മത്സരങ്ങളുടെ നടത്തിപ്പും ടീം സിലക്ഷനും ഏറ്റെടുക്കേണ്ടി വന്നത്. ഇപ്പോഴും അതേ സാഹചര്യമാണ്. സിലക്ഷൻ ട്രയൽ‌സില്ലാതെയായിരുന്നു അസോസിയേഷന്റെ ടീം തിരഞ്ഞെടുപ്പ്. പ്രൈം വോളിബോൾ ലീഗിൽ മത്സരിച്ചത് കേരളത്തിലെ ഏറ്റവും മികച്ച കളിക്കാരാണ്. അവരെ പൂർണമായി തഴഞ്ഞു. 

English Summary: Sports Council and Association announced separate teams for Volleyball

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com