ADVERTISEMENT

വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഫിലിപ്പീൻ‌സ് നാണയ മാല, അമ്മാവന്റെ മകൾ ലിഡിയ..ഫിലിപ്പീൻസ് അത്‌ലീറ്റ് ലിഡിയ ഡി വേഗയുമായി എനിക്കുണ്ടായിരുന്ന ഉറച്ച സൗഹൃദത്തിന്റെ നേരടയാളങ്ങളാണ് ഇവ രണ്ടും. 1986ലെ ഏഷ്യൻ ഗെയിംസ് വേദിയിൽവച്ച് ലിഡിയയുടെ പിതാവ് എനിക്കു നൽകിയ സ്നേഹ സമ്മാനമാണ് ഫിലിപ്പീൻസ് നാണയങ്ങൾ കോർത്തിണക്കി നിർമിച്ച വെള്ളിമാല. 1983ൽ എന്റെ അമ്മാവന് ഒരു പെൺകുഞ്ഞ് പിറന്നപ്പോൾ പേരിടാൻ എന്നെ ചുമതലപ്പെടുത്തി. ഒട്ടും ആലോചിക്കാതെ അപ്പോൾ മനസ്സിലേക്കു വന്ന പേരാണ് ‘ലിഡിയ’.

2 ഏഷ്യൻ ഗെയിംസുകൾക്കിടയിലെ മത്സരകാലമാണ് ഞങ്ങൾക്കിടയിലെ സൗഹൃദവും പോരാട്ടവീര്യവും ഊട്ടിയുറപ്പിച്ചത്. പരസ്പരം ജയിക്കണമെന്ന വാശിയോടെ ട്രാക്കിലിറങ്ങിയിരുന്ന ഞങ്ങൾ കളത്തിനു പുറത്ത് സൗഹൃദം കാത്തുസൂക്ഷിക്കുന്നതിലും അതേ വാശി കാണിച്ചു. ഫിലിപ്പീൻസിൽനിന്നുള്ള ലിപ്സ്റ്റിക്, റിബണുകൾ, കമ്മലുകൾ തുടങ്ങി ലിഡിയയുടെ ഒട്ടേറെ സമ്മാനങ്ങൾ ഓരോ മത്സരത്തിനും ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോൾ എന്റെ ബാഗിൽ ഉണ്ടാകുമായിരുന്നു 

1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിലാണ് ഞാൻ ലിഡിയയോട് ആദ്യമായി സംസാരിക്കുന്നത്.  ഡൽഹിയിൽ 100 മീറ്ററിൽ ലിഡിയ സ്വർണം നേടിയപ്പോൾ എനിക്കു വെള്ളി. 200 മീറ്ററിൽ ‍എനിക്കു വെള്ളിയും ലിഡിയയ്ക്കു വെങ്കലവും. വിജയ പരാജയങ്ങൾ പരസ്പരം പങ്കിട്ടുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ 1986 സോൾ ഏഷ്യൻ ഗെയിംസ് വരെ നീണ്ടു. സോളിൽ 0.3 സെക്കൻഡിന്റെ വ്യത്യാസത്തിൽ ഞാൻ‌ സ്വർണവും ലി‍ഡിയ വെള്ളിയും നേടിയ 200 മീറ്റർ മത്സരം ഞങ്ങൾക്കിടയിലെ  കടുപ്പമേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു. 200 മീറ്ററിൽ ഒരിക്കലും ഞാൻ ലിഡിയയോട് തോറ്റിട്ടില്ല.

lydia-de-vega
ലിഡിയ ഡി വേഗ

1987 ഏഷ്യൻ ചാംപ്യൻഷിപ്പിനുശേഷം പിന്നീടൊരിക്കലും  നേരിൽക്കാണാൻ കഴിഞ്ഞില്ല. 2004ൽ സിംഗപ്പുരിൽ പരിശീലകയായ സമയത്ത്  ഫോണിൽ വിളിച്ചിരുന്നു. 2018ലെ  ഏഷ്യൻ‌ ഗെയിംസിനിടയിലാണ് ലിഡിയ കാൻസർ‌ ബാധിതയാണെന്ന വിവരമറിഞ്ഞത്.  എങ്കിലും ഇത്ര വേഗം വിട പറയുമെന്ന് ഒരിക്കലും കരുതിയില്ല. ലിഡിയയുടെ അച്ഛൻ തന്ന ആ വെള്ളിമാല എന്റെ കയ്യിലിരുന്ന് പൊള്ളുകയാണിപ്പോൾ!

 

Content Highlight: PT Usha remembers Lydia De Vega

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com