ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയ ഗെയിംസിന് ഒന്നര മാസം മാത്രം ശേഷിക്കെ മത്സര ഉപകരണങ്ങൾ ഇല്ലാതെ കനോയിങ്, കയാക്കിങ്, സൈക്ലിങ് ടീമുകൾ പ്രതിസന്ധിയിൽ. മത്സരത്തിന് ഉപയോഗിക്കുന്ന നിലവാരമുള്ള സൈക്കിളുകളും ബോട്ടുകളും തുഴച്ചിൽ ഉപകരണങ്ങളും ലഭിക്കാതായതോടെ പരിശീലനം അവതാളത്തിൽ. ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾക്ക് സ്പോർട്സ് കൗൺസിൽ മുഖേനയാണ് സർക്കാർ ഫണ്ട് ലഭിക്കുന്നത്. ആവശ്യമായ സാധനങ്ങളുടെ പട്ടിക ആഴ്ചകൾക്കു മുൻപേ നൽകിയെങ്കിലും നടപടിയായിട്ടില്ല. 2015ലെ ദേശീയ ഗെയിംസിനായി വാങ്ങി നൽകിയ ഉപകരണങ്ങളിൽ ഭൂരിഭാഗവും കാലപ്പഴക്കം കൊണ്ടും പരിപാലനമില്ലാതെയും നശിച്ചു. സെപ്റ്റംബർ 27 മുതൽ ഗുജറാത്തിലാണു ദേശീയ ഗെയിംസ് നടക്കുക.

കഴിഞ്ഞ തവണ കനോയിങിലും കയാക്കിങ്ങിലുമായി 5 സ്വർണവും 10 വെള്ളിയുമുൾപ്പെടെ 21 മെഡലാണ് ലഭിച്ചത്. സിംഗിൾ, ഡബിൾ, ഫോർ ഇൻ ഇനങ്ങൾക്കായി മൂന്നു ബോട്ടുകൾ വീതമെങ്കിലും ലഭ്യമാക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു ലക്ഷങ്ങൾ വില വരും. ഒപ്പം തുഴകളും കാൽകുത്തി നിന്നു തുഴയാനുളള പാഡുകളും വേണം. ഒരു തുഴയ്ക്കു മാത്രം 45000 രൂപയാണ്. വെള്ളച്ചാട്ടത്തിലെ തുഴച്ചിൽ മത്സരമായ കനോ സലാലം, ഡ്രാഗൺ ബോട്ട് എന്നിവയ്ക്കായി പരിശീലിക്കാനും വള്ളങ്ങളില്ല. ആലപ്പുഴ സായ് സെന്ററിൽ ലഭ്യമായ വള്ളങ്ങളിലാണ് പരിശീലനം നടത്തുന്നത്. 

കഴിഞ്ഞ ഗെയിംസിൽ 7 സ്വർണവും 5 വെള്ളിയുമുൾപ്പെടെ 18 മെഡലാണ് സൈക്ലിങിൽ നേടിയത്. ഇത്തവണ ട്രാക്ക്, റോഡ് ഇനങ്ങളിലായി 27 പേർ സൈക്ലിങ് ടീമിലുണ്ട്. ഇവരെല്ലാം സ്വന്തം സൈക്കിളിലും മറ്റുള്ളവരുടെ സൈക്കിൾ പങ്കിട്ടും പരിശീലിക്കുന്നവരാണ്. ട്രാക്ക് സൈക്കിളിന് 7–8 ലക്ഷം രൂപ വരെയും റോഡ് സൈക്കിളിന് 5 ലക്ഷത്തോളവുമാണ് വില. 

ഫണ്ട് ഇതുവരെ വന്നിട്ടില്ല

ഉപകരണങ്ങൾക്കായി ഫണ്ട് ഇതുവരെ വന്നിട്ടില്ല. വൈകാതെ തന്നെ ലഭ്യമാകും. അസോസിയേഷനുകൾ ആവശ്യപ്പെടുന്നത്ര ഉപകരണങ്ങൾക്കുള്ള ഫണ്ട് ഇല്ല. ലഭ്യമാകുന്ന ഫണ്ട് നേരിട്ട് നൽകും. അവർ ഉപകരണങ്ങൾ വാങ്ങണം. ചുരുങ്ങിയ സമയത്തിനുള്ളിൽ സർക്കാരിനു ടെൻഡർ നടപടി പൂർത്തിയാക്കി ഇതൊന്നും വാങ്ങി നൽകാനാകില്ല

മേഴ്സി കുട്ടൻ‌ (പ്രസിഡന്റ്, കേരള സ്പോർട്സ് കൗൺസിൽ)

 

English Summary: National games Kayaking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com