കളിച്ചാലും കുറ്റം! ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങൾ കേരള ടീമിൽനിന്നു പുറത്ത്

volleyball
SHARE

കോട്ടയം ∙ 8 വർഷമായി ഇന്ത്യൻ വോളിബോൾ ടീമിലെ ഓൾറൗണ്ടറായ ജെറോം വിനീത്, 7 വർഷമായി കളിക്കുന്ന ബ്ലോക്കർ ജി.എസ്.അഖിൻ, 2019 മുതൽ ദേശീയ ടീമിൽ സ്ഥിരാംഗമായ ഷോൺ ടി.ജോൺ... ഇന്ത്യൻ വോളിബോളിലെ മിന്നും താരങ്ങളായ ഇവരാരും ദേശീയ ഗെയിംസിനായി വോളിബോൾ‌ അസോസിയേഷൻ പ്രഖ്യാപിച്ച കേരള ടീമിലില്ല. ഈ വർഷം ആരംഭിച്ച ഫ്രാഞ്ചൈസി വോളിബോൾ ലീഗിൽ (പ്രൈം വോളിബോൾ ലീഗ്) കളിച്ചുവെന്ന കാരണത്താലാണ് ഇവർക്കെല്ലാം വിലക്ക്. അതേസമയം, സ്പോർട്സ് കൗൺസിൽ സിലക്‌ഷൻ ട്രയൽസിലൂടെ തിരഞ്ഞെടുത്ത 18 അംഗ കേരള ടീമിലെ 15 പേരും പ്രൈം വോളിബോൾ ലീഗിൽ കളിച്ചവരാണ്. ഈ 2 ടീമുകളിൽ ഏതിനാണ് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അർഹത കിട്ടുകയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ട കേരള ഒളിംപിക് അസോസിയേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രൈം വോളി

ദേശീയ വോളിബോൾ ഫെ‍ഡറേഷനെ പൂർ‌ണമായി ഒഴിവാക്കി, സ്പോർട്സ് മാർക്കറ്റിങ് കമ്പനിയായ ബേസ്‌ലൈൻ വെഞ്ചേഴ്സും 6 ഫ്രാഞ്ചൈസികളും ചേർന്ന് ഫെബ്രുവരിയിൽ പ്രൈം വോളിബോൾ ലീഗ് സംഘടിപ്പിച്ചിരുന്നു. ലീഗിൽ പങ്കെടുക്കുന്നതിന് ഫെഡറേഷൻ അന്നു കളിക്കാരെ വിലക്കിയില്ല. അതോടെ പ്രമുഖ താരങ്ങളെല്ലാം ലീഗിന്റെ ഭാഗമായി.

കേരളത്തിനായും ഇന്ത്യയ്ക്കായും കളിക്കണമെന്ന ആഗ്രഹത്തിലാണ് ഞങ്ങൾ 365 ദിവസവും കഠിന പരിശീലനം നടത്തുന്നത്. പ്രൈം വോളിബോൾ ലീഗിൽ പങ്കെടുക്കരുതെന്ന് ആരും ഞങ്ങളോട് പറഞ്ഞിരുന്നില്ല. 7 വർഷത്തെ കാത്തിരിപ്പിനുശേഷം ദേശീയ ഗെയിംസിൽ കളിക്കാനുള്ള അവസരമാണ് ഞങ്ങൾക്കു നിഷേധിക്കുന്നത്.

ജി.എസ്.അഖിൻ ദേശീയ വോളിബോൾ താരം

പ്രൈം വോളിബോൾ ലീഗിൽ മത്സരിച്ചവരെ കേരള ടീമിൽ ഉൾപ്പെടുത്തരുതെന്ന് ദേശീയ ഫെ‍ഡറേഷനിൽ നിന്നു തങ്ങൾക്കു നിർദേശം ലഭിച്ചുവെന്നാണ് കേരള അസോസിയേഷൻ ഭാരവാഹികൾ ഇപ്പോൾ പറയുന്നത്. സിലക്‌ഷൻ ട്രയൽ‌സ് ഒഴിവാക്കി അസോസിയേഷൻ സ്വന്തം നിലയ്ക്കു ടീമിനെ പ്രഖ്യാപിച്ചത് ഇക്കാരണത്താലാണ്.

ഉത്തരവുണ്ട്, പക്ഷേ!

രാജ്യത്തെ വോളിബോൾ താരങ്ങളെ സ്വകാര്യ ലീഗുകളിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കില്ലെന്ന് വോളിബോൾ ഫെഡറേഷൻ നേരത്തേ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ (സിസിഐ) സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളതാണ്. പിന്നാലെ കമ്മിഷൻ ഉത്തരവുമിറക്കിയിരുന്നു. ബേസ്‍‌ലൈൻ വെഞ്ചേഴ്സും ഫെ‍ഡ‍റേഷനും തമ്മിലുള്ള കേസിലാണ് നടപടി. ഇതനുസരിച്ച് പ്രൈം വോളിബോൾ ലീഗ് നടക്കുന്ന സമയത്ത് ഫെഡറേഷൻ കളിക്കാരെ വിലക്കിയില്ല. പക്ഷേ ലീഗിനു ശേഷം അച്ചടക്ക നടപടി തുടങ്ങി.

English Summary: Senior volleyball players out from Kerala team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}