ADVERTISEMENT

കോട്ടയം ∙ ദേശീയ ഗെയിംസ് വോളിബോൾ മത്സരത്തിന് സ്പോർട്സ് കൗൺസിൽ നിർദേശിച്ച ടീമിന് എൻട്രി നൽകാൻ കഴിയില്ലെന്ന് കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) പ്രസിഡന്റ് വി.സുനിൽകുമാർ. അതത് അസോസിയേഷൻ നിർദേശിക്കുന്ന ടീമുകളെ ദേശീയ ഗെയിംസിൽ പങ്കെടുപ്പിക്കണമെന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ (ഐഒഎ) നിന്നുള്ള ‍നിർദേശം. ഇതിനു വിരുദ്ധമായി എൻട്രി അയച്ചാൽ അതു തഴയപ്പെടും. സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത ടീമിനെ ദേശീയ ഗെയിംസിൽ പങ്കെടുപ്പിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ഐഒഎയുടെഅനുമതി വാങ്ങണമെന്നും സുനിൽകുമാർ പറഞ്ഞു.

ദേശീയ ഗെയിംസ് വോളിബോൾ മത്സരങ്ങൾക്കായി സ്പോർട്സ് കൗൺസിലും വോളിബോൾ അസോസിയേഷനും കേരളത്തിൽ വെവ്വേറെ ടീമുകളെ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഇതിൽ ഏതു ടീം മത്സരിക്കുമെന്നതിൽ ആശങ്ക നിലനിൽക്കെയാണ് കേരള ഒളിംപിക് അസോസിയേഷന്റെ പ്രതികരണം.

രാജ് വിനോദ്, ടോം ജോസഫ്, കപിൽദേവ്, വിബിൻ ജോർജ്
രാജ് വിനോദ്, ടോം ജോസഫ്, കപിൽദേവ്, വിബിൻ ജോർജ്

കപ്പടിക്കാൻ സൂപ്പർ ടീം വേണം

പ്രൈം വോളിബോൾ ലീഗിൽ മത്സരിച്ച മലയാളി താരങ്ങൾക്ക് വോളിബോൾ അസോസിയേഷന്റെ ദേശീയ ഗെയിംസ് ടീമിൽ അവസരം നിഷേധിച്ച സംഭവത്തിൽ, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻമാരായ മലയാളികൾ പ്രതികരിക്കുന്നു 

കേരളത്തിലെ വോളിബോൾ പ്രേമികൾക്ക് ഒട്ടും സന്തോഷം നൽകുന്ന കാര്യങ്ങളല്ല സംഭവിക്കുന്നത്. കുറച്ചുവർഷങ്ങളുടെ മാത്രം ദൈർഘ്യമേ ഒരു വോളിബോൾ കളിക്കാരന്റെ കരിയറിനുള്ളൂ. അതിനിടയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാണ് എല്ലാവരുടെയും ശ്രമം. മത്സരങ്ങൾ കളിച്ചതിന്റെ പേരിൽ അവരെ ഉപദ്രവിക്കരുത്. കളിക്കാരുണ്ടെങ്കിലേ അസോസിയേഷനും ഭാരവാഹികളുമുണ്ടാകൂ എന്നത് മറക്കരുത്.-രാജ് വിനോദ്

രാജ്യത്തെ വോളിബോൾ താരങ്ങളുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു ഒരു പ്രഫഷനൽ ലീഗ്. അതിൽ പങ്കെടുത്തതിന്റെ പേരിൽ കളിക്കാരെ സംസ്ഥാന ടീമിൽനിന്നു മാറ്റിനിർത്തുന്നത് എന്തു കഷ്ടമാണ്. കോർട്ടിനെ പുറത്ത് അധികാര വടംവലി കുറച്ചുനാളായി നടക്കുകയാണ്. ഇതു തുടർന്നാൽ ഭാവിയിൽ വോളിബോൾ കളിക്കാൻ ആളെ കിട്ടാത്ത  അവസ്ഥയുണ്ടാകും.-ടോം ജോസഫ്

ദേശീയ ഗെയിംസിൽ സ്വർണമെന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. 4 തവണ കേരളത്തിനായി കളിച്ചിട്ടും അതു സാധിച്ചില്ല. മികച്ച കളിക്കാരെല്ലാം ടീമിലുണ്ടെങ്കിൽ ഇത്തവണ ഏറ്റവും സാധ്യതയുള്ള ടീം കേരളമാണ്. മറ്റു കാരണങ്ങളാൽ അത് ഇല്ലാതാക്കരുത്. വോളിബോളിനുവേണ്ടി ജീവിക്കുന്ന കളിക്കാരുടെ മനോവീര്യം തകർക്കുന്ന ഇടപെടലുകൾ ആരും നടത്തരുത്.-കപിൽദേവ്

ഏറ്റവും മികച്ച ടീമിനെ അയച്ച് ദേശീയ ഗെയിംസ് കിരീടം നേടുകയാവണം കേരളത്തിന്റെ ലക്ഷ്യം. മികവ് മാത്രമായിരിക്കണം ടീം സിലക്‌ഷനിൽ‌ മാനദണ്ഡം. ചിലരുടെ താൽപര്യങ്ങൾക്കുവേണ്ടി മികച്ച കളിക്കാരെ ഒഴിവാക്കുന്നത് ശരിയല്ല. അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും പ്രവർ‌ത്തനങ്ങൾ കളിക്കാരുടെ ക്ഷേമത്തിനു വേണ്ടിയാകണം.-വിപിൻ എം.ജോർജ്

English Summary: Controversy over Kerala volley ball team for national games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com