ADVERTISEMENT

കോട്ടയം ∙ ദേശീയ ഗെയിംസ് വോളിബോൾ ടീം സിലക്‌ഷൻ വിവാദം ചൂടുപിടിക്കുന്നതിനിടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഡൽഹിയിൽ. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടനും വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭാരവാഹികൾ, കേന്ദ്ര കായിക മന്ത്രാലയ പ്രതിനിധികൾ എന്നിവരെ നേരിൽക്കണ്ടു സംസാരിച്ചു. സ്പോർട്സ് കൗൺസിൽ സിലക്‌ഷൻ ട്രയൽസിലൂടെ തിരഞ്ഞെടുത്തവരാണ് ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിന്റെ ഔദ്യോഗിക ടീമെന്ന് അറിയിക്കാനായിരുന്നു ഇത്. സമാന്തരമായി കേരള വോളിബോൾ അസോസിയേഷനും ടീമിനെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഐഒഎ തീരുമാനിക്കുന്ന ടീമിനാണു ഗെയിംസിൽ കളിക്കാനാവുക. എന്നാൽ വിഷയത്തിൽ ദേശീയ ഗെയിസ് സംഘാടകരായ ഐഒഎ നിലപാട് അറിയിച്ചിട്ടില്ല. സംസ്ഥാന വോളിബോൾ അസോസിയേഷൻ നിർദേശിക്കുന്ന ടീമിനു ദേശീയ ഗെയിംസ് എൻട്രി നൽ‌കണമെന്നതാണ് തങ്ങൾക്കു ലഭിച്ച നിർദേശമെന്നു കഴിഞ്ഞദിവസം കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) വ്യക്തമാക്കിയിരുന്നു. 

കൗൺസിൽ ടീമിനെ അയയ്ക്കണമെങ്കിൽ സംസ്ഥാന സർ‌ക്കാർ‌ ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ നിന്ന് പ്രത്യേക അനുമതി തേടണമെന്നായിരുന്നു കെഒഎ ഭാരവാഹികളുടെ നിലപാട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൗൺസിൽ സംഘം ഡൽഹിയിൽ ഐഒഎ ഭാരവാഹികളെ കണ്ടത്. 

അതിനിടെ ദേശീയ ഗെയിംസിന് എൻട്രി സമർപ്പിക്കുന്നതിനുള്ള സമയപരിധി ഐഒഎ ഈ മാസം 20 വരെ നീട്ടിയത് കേരളത്തിന് ആശ്വാസമായി. എൻട്രികൾ 15ന് അകം സമർപ്പിക്കണമെന്നായിരുന്നു നേരത്തേയുള്ള നി‍ർദേശം. കേരള വോളിബോൾ ടീം സിലക്‌ഷനിലെ തർക്കങ്ങൾ പരിഹരിക്കാൻ‌ ഇതോടെ കൂടുതൽ സമയം ലഭിക്കും.

 

പ്രൈം വോളി കളിച്ചവരെ ഒഴിവാക്കിയിട്ടില്ല: വോളി അസോസിയേഷൻ

 

കോട്ടയം ∙ പ്രൈം വോളിബോൾ ലീഗിൽ പങ്കെടുത്തതിന്റെ പേരിൽ മികച്ച കളിക്കാരെ ദേശീയ ഗെയിംസ് ടീമിൽ‌നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് കേരള വോളിബോൾ അസോസിയേഷൻ. ദേശീയ സീനിയർ ചാംപ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കേരള ടീം ദേശീയ ഗെയിംസിനു യോഗ്യത നേടിയത്. അന്നു കേരളത്തിനായി കളിച്ച താരങ്ങളെ മാറ്റിനിർത്തി പ്രൈം വോളിബോളിൽ കളിച്ചവരെ ഇപ്പോൾ ഉൾപ്പെടുത്താൻ കഴിയില്ല. രാജ്യാന്തര ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം ക്യാംപിലേക്ക് പ്രൈം വോളി ലീഗിൽ മത്സരിച്ച മലയാളികളെ തിര‍ഞ്ഞെടുത്തെങ്കിലും അവർ അതു നിരസിച്ചു. ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ മടി കാണിച്ചവരാണ് പണത്തോടുള്ള അമിത ആവേശം കാരണം ഇപ്പോൾ ദേശീയ ഗെയിംസിൽ കളിക്കാനൊരുങ്ങുന്നതെന്ന് വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനോയ് ജോസഫ്, സെക്രട്ടറി സി.സത്യൻ എന്നിവർ‌ പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com