ADVERTISEMENT

നായിബ് സുബേദാർ അവിനാഷ് സാബ്‌ലെ, ഇതാ ഉഗ്രനൊരു സല്യൂട്ട്!
‌കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾ ചേസ് മത്സര ട്രാക്കിൽ കെനിയയുടെ സമ്പൂർണ ആധിപത്യം തകർത്തു വെള്ളിമെഡൽ നേടിയ ഇന്ത്യൻ സൈനികൻ. ബർമിങ്ങാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിൽ, വെറും 0.05 സെക്കൻഡിന് അവിനാഷ് സാബ്‌ലെയ്ക്കു സ്വർണം നഷ്ടമായപ്പോൾ സങ്കടപ്പെടുകയായിരുന്നില്ല കായികലോകം, പകരം ആർത്തുവിളിച്ചു, ഇതാ ഇന്ത്യയുടെ സാബ്‌ലെ, കെനിയൻ കരുത്തിനെ തോൽപിച്ച അദ്ഭുതം!
ഇന്ത്യൻ കരസേനയുടെ മഹാർ റെജിമെന്റിന്റെ ഭാഗമായ ഈ സൈനികനിലൂടെ നേടിയമെ‍ഡൽ രാജ്യത്തിനുള്ള വിലപ്പെട്ട സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി സമ്മാനമായി!

സാബ്‌ലെയെ ‘പായും ഉൽക്ക’യെന്നും ‘മിറക്കിൾ ബോയ്’ എന്നും വിളിച്ച് മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ ഇങ്ങു മഹാരാഷ്ട്രയിൽ പാടത്തു പണി കഴിഞ്ഞു വരികയായിരുന്നു അച്ഛൻ മുകുന്ദും അമ്മ വൈശാലിയും. അവർക്കു സ്റ്റീപ്പിൾ ചേസ് എന്താണെന്നോ ബർമിങ്ങാം എവിടെയാണെന്നോ അറിയില്ല. മകൻ ജയിച്ചെന്നു മാത്രമറിയാം. അവൻ മിടുക്കനാണെന്നുമറിയാം!
ബീഡ് ജില്ലയിലെ മാണ്ഡ്‌വ ഗ്രാമത്തിലെ ബാലാ ഘട്ട് മലമുകളിലാണ് ഇരുപത്തേഴുകാരൻ അവിനാഷ് സാബ്‌ലെയുടെ വീട്. അച്ഛനും അമ്മയും 3 ആൺമക്കളും ഒറ്റമുറി വീട്ടിലാണു താമസം. മുറ്റത്ത് 3–4 പശുക്കളും. പുലർച്ചെ 2 മണിക്ക് അച്ഛനും അമ്മയും ഇഷ്ടിക ക്കളത്തിലേക്കു പോകുമ്പോൾ മൂത്തമകൻ അവിനാഷും ഒപ്പം കൂടും. ജോലിക്കിടയിൽ അനിയൻ യോഗേഷിന് ഒപ്പം 6 കിലോമീറ്റർ അകലെ സ്കൂളിലേക്കും വച്ചുപിടിക്കും. ഇതായിരുന്നു അവിനാഷിന്റെ കരിയറിലെ ആദ്യ ‘സ്റ്റീപ്പിൾ ചേസ്’.

കായിക രംഗത്തു മികവു തെളിയിച്ചശേഷം സ്പോർട്സ് റിക്രൂട്ട്മെന്റിലൂടെ സൈന്യത്തിലെത്തിയ ആളല്ല അവിനാഷ് സാബ്‌ലെ. 12–ാം ക്ലാസിനുശേഷം കരസേനാംഗമായ സാബ്‌ലെ തുടർന്ന് കഠിന പരിശീലനത്തിലൂടെ ലോകനേട്ടങ്ങളിലേക്കു കുതിപ്പ് തുടങ്ങുകയായിരുന്നു. രാജസ്ഥാനിലെ കൊടും ചൂടിലും സിയാച്ചിനിലെ തന്ത്രപ്രധാന മേഖലയിലെ കൊല്ലുന്ന തണുപ്പിലുമായിരുന്നു മഹാർ റെജിമെന്റിന്റെ ഭാഗമായുള്ള ആദ്യ നിയമനങ്ങൾ. സൈനിക പരിശീലനകാലത്തെ സ്പോർട്സ് ട്രെയിനിങ്ങിനിടെയാണ് കോച്ച് അമരീഷ് കുമാർ സാബ്‌ലെയിലെ ഓട്ടക്കാരനെ തിരിച്ചറിഞ്ഞത്. സിയാച്ചിനിലെ കൊടുംതണുപ്പിൽ മഹാർ റെജിമെന്റിനൊപ്പം 4 വർഷക്കാലം സാബ്‌ലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇങ്ങനെ ഏറെ വ്യത്യസ്തമായ കാലാവസ്ഥകളിൽ കരുത്തോടെ ജോലി ചെയ്ത സാബ്‌ലെയുടെ ശാരീരിക– മാനസിക സഹനശേഷി സ്റ്റീപ്പിൾ ചേസിൽ മികവുണ്ടാക്കുമെന്നു കണ്ടെത്തിയതു കോച്ച് അമരീഷ് ആണ്. 2017ലെ ഫെഡറേഷൻ കപ്പ് സ്റ്റീപ്പിൾ ചേസിൽ അഞ്ചാം സ്ഥാനമായിരുന്നു ആദ്യനേട്ടം. അതേവർഷം ദേശീയ ഓപ്പൺ‌ ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം. 2018ലെ ഓപ്പൺ മീറ്റിൽ ദേശീയ റെക്കോർഡ് തിരുത്തി. പിന്നീടു 8 തവണ കൂടി സ്വന്തം ദേശീയ റെക്കോർഡ് തന്നെ തിരുത്തിയ മികച്ച പ്രകടനങ്ങൾ. ടോക്കിയോ ഒളിംപിക്സിൽ അടി പതറിയെങ്കിലും പിഴവുകളെല്ലാം തിരുത്തിയുള്ള ഉജ്വല തിരിച്ചുവരവാണ് ബർമിങ്ങാമിൽ കണ്ടത്. കോമൺവെൽത്ത് വേദിയിൽ, കഴിഞ്ഞ 28 വർഷമായി സ്റ്റീപ്പിൾ ചേസിൽ ആദ്യ 3 സ്ഥാനങ്ങളും കെനിയക്കാരുടെ കുത്തകയായിരുന്നു. ഇത്തവണ അവിനാഷ് സാബ്‌ലെ ആ കുത്തക തകർത്തു. സർവ ഇന്ത്യക്കാരുടെയും അഭിമാനപാത്രമായി!

കോമൺവെൽത്ത് ഗെയിംസിനു ശേഷമെന്ത് എന്ന ചോദ്യത്തിനു സാബ്‌ലെയുടെ മറുപടി ഇതാണ്:
‘അതു കഴിഞ്ഞു. അതു മറക്കണം. ആ ഓട്ടം നടന്നിട്ടില്ലെന്ന മട്ടിൽ കൂടുതൽ ശക്തിയോടെ പരിശീലിക്കണം, രാജ്യത്തിനായി ഒളിംപിക് മെഡൽ നേടണം.’
സബാഷ് സാബ്‌ലെ, സബാഷ്. ജയിച്ചു വരൂ...!

Content Highlight: Avinash Sable, Athletics, Commonwealth games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com