വീണ്ടും വാളോങ്ങി കോടതി; ഐഒഎ ഭരണസമിതിയെ പിരിച്ചുവിട്ടു

HIGHLIGHTS
  • ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതിയെ കോടതി പിരിച്ചുവിട്ടു
  • കോടതി നിയോഗിച്ച പ്രത്യേക സമിതിയിൽ ഉപദേശകരായി അഭിനവ് ബിന്ദ്രയും അഞ്ജുവും
  • ഐഒഎ ഭരണ സമിതിയിൽ 25 % കായിക താരങ്ങൾ വേണമെന്ന് നിർദേശം
Delhi-High-Court
ഫയൽ ചിത്രം
SHARE

ന്യൂഡൽഹി ∙ ദേശീയ കായിക ചട്ടങ്ങൾ കാറ്റിൽ‌ പറത്തി, അധികാര ദുർവിനിയോഗം നടത്തുന്ന കായിക സംഘടനകൾക്കെതിരെ കോടതി വീണ്ടും വാളോങ്ങിയപ്പോൾ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) എന്ന വൻമരം കൂടി വീണു. തിരഞ്ഞെടുപ്പ് നടപടികൾ അനിശ്ചിതമായി വൈകിപ്പിച്ചതും ചിലരെ ആജീവനാന്ത ഭാരവാഹികളാക്കാനുള്ള നീക്കങ്ങളുമാണ് ഐഒഎ ഭരണസമിതിക്കെതിരെ കടുത്ത നടപടിക്കു ഡൽഹി ഹൈക്കോടതിയെ പ്രേരിപ്പിച്ചത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഇന്ത്യൻ ഘടകമായ ഐഒഎയുടെ പുതിയ സമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് 16 ആഴ്ചയ്ക്കകം നടത്തണമെന്നു കോടതി നിർദേശിച്ചു.

കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ ഉപദേശകരായി ഒളിംപ്യൻമാരായ അഭിനവ് ബിന്ദ്ര (ഷൂട്ടിങ്), അഞ്ജു ബോബി ജോർജ് (അത്‌ലറ്റിക്സ്), ബൊംബെയ്‌ല ദേവി (അമ്പെയ്ത്ത്) എന്നിവരുമുണ്ട്. സമാന വിലക്കു നേരിടുന്ന രാജ്യത്തെ ഫുട്ബോൾ‌, ഹോക്കി, അമ്പെയ്ത്ത് ഫെഡറേഷനുകളുടെ പ്രവർത്തനങ്ങൾ നിലവിൽ നിയന്ത്രിക്കുന്നതും കോടതി നിയോഗിച്ച ഭരണസമിതിയാണ്.
പ്രസിഡന്റിന് ആജീവനാന്തം പദവിയിൽ തുടരാൻ അനുമതി നൽകുന്ന വ്യവസ്ഥകൾ നിലവിലെ ഭരണഘടനയിലുണ്ടെന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. അസോസിയേഷന്റെ ജനറൽ ബോഡിയിലും നിർവാഹക സമിതിയിലും 25 % പ്രാതിനിധ്യം കായിക മേഖലയിൽ നേട്ടങ്ങൾ കൊയ്ത താരങ്ങൾക്കു നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഭാരവാഹിത്വത്തിൽ നിന്നു വിലക്കണം എന്നും കോടതി നിർദേശിച്ചു.

രാജ്യാന്തര വിലക്കിനും സാധ്യത

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വൈകിയതിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) വിലക്ക് ഭീഷണി നേരിടുന്നതിനിടെയാണ് അസോസിയേഷനു തിരിച്ചടിയായി ഭരണസമിതി പിരിച്ചുവിട്ടത്. കഴിഞ്ഞ ഡിസംബറിലാണു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ നീണ്ടു പോവുകയായിരുന്നു. കോടതി നിയോഗിച്ച ഭരണസമിതി വരും ദിവസങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ ബാഹ്യ ഇടപെടലായി കണ്ടാൽ, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്തതു പോലെ ഒളിംപിക് അസോസിയേഷനെതിരെയും രാജ്യാന്തര സംഘടനയുടെ നടപടിയുണ്ടായേക്കുമെന്ന ആശങ്കയുണ്ട്.

രാജ്യാന്തര വിലക്ക് നേരിട്ടാൽ എന്തു സംഭവിക്കും

ഒളിംപിക്സിൽ ഇന്ത്യയുടെ പങ്കാളിത്തം പ്രതിസന്ധിയിലാകും. താരങ്ങൾ രാജ്യത്തിന്റെ പേരിലല്ലാതെ സ്വന്തം നിലയിൽ മത്സരിക്കേണ്ടി വരും. ഇന്ത്യൻ ഒളിംപിക് അസോസിയേഷനുള്ള രാജ്യാന്തര സംഘടനയുടെ ധനസഹായം മുടങ്ങും.

ദേശീയ കായിക ചട്ടം

2011ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ കായിക ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ രാജ്യത്തെ കായിക സംഘടനകളുടെ പ്രവർത്തനം. ഇതിലെ വ്യവസ്ഥകൾ‌ ലംഘിച്ചതിനാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഭരണസമിതിയെ പിരിച്ചുവിട്ടത്.

ദേശീയ കായിക ചട്ടത്തിലെ പ്രധാന വ്യവസ്ഥകൾ:

∙കായിക സംഘടനകളിൽ ഭരണസമിതിയുടെ കാലാവധി 4 വർഷം മാത്രം. അതിനുശേഷം തിരഞ്ഞെടുപ്പ് നടത്തണം

∙സംഘടനകളിൽ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ പദവികൾ വഹിക്കുന്നവർക്ക് 70 വയസ്സിൽ കൂടാൻ പാടില്ല

∙പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ പദവിയിൽ ഒരാൾക്ക് പരമാവധി ‌‌12 വർഷം മാത്രം

∙കായിക സംഘടനകളുടെ നിർവാഹക സമിതിയിൽ കായിക താരങ്ങൾക്ക് 25 ശതമാനം സംവരണം


ഗുജറാത്ത് ദേശീയ ഗെയിംസ് അനിശ്ചിതത്വത്തിൽ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഭരണസമിതിയെ കോടതി പുറത്താക്കിയതോടെ അടുത്തമാസം ഗുജറാത്തിൽ നടക്കേണ്ട ദേശീയ ഗെയിംസും അനിശ്ചിതത്വത്തിൽ‌. ഐഒഎയും കേന്ദ്രസർ‌ക്കാരും സംയുക്തമായാണ് ഗെയിംസ് നടത്താനിരുന്നത്. ഐഒഎയെ വിലക്കിയതോടെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും കേന്ദ്ര കായിക വകുപ്പും ഗെയിംസിന്റെ സംഘാടന ചുമതല ഏറ്റെടുത്തേക്കും.
ദേശീയ ഗെയിംസിന് എൻട്രി സമർപ്പിക്കുന്നത് ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ സംസ്ഥാന ഘടകമായ സംസ്ഥാന ഒളിംപിക് അസോസിയേഷനുകൾ മുഖേനയാണ്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇക്കാര്യത്തിലും മാറ്റമുണ്ടായേക്കും.

‘ഞങ്ങൾ വേറെ ലെവൽ’

രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കു (ഐഒസി) കീഴിലാണ് തങ്ങളെന്നും ദേശീയ കായിക ചട്ടത്തിലെ നിർദേശങ്ങൾ തങ്ങൾക്കു ബാധകമല്ലെന്നുമായിരുന്നു കോടതിയിൽ ഇന്ത്യൻ‌ ഒളിംപിക് അസോസിയേഷന്റെ വാദം. ഐഒസിയുടെ വ്യവസ്ഥകൾ‌ മാത്രം പിന്തുടരുന്ന ഭരണഘടനയാണ് തങ്ങൾക്കുള്ളതെന്ന വാദവും കോടതി തള്ളി.

English Summary: Delhi High Court hands over affairs of Indian Olympic Association to temporary CoA; strikes down provisions of IOA Constitution

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}