ന്യൂഡൽഹി ∙ ഹോക്കി ഇന്ത്യ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 9നകം നടത്താമെന്ന് ഡൽഹി ഹൈക്കോടതി നിയമിച്ച ഭരണസമിതിയും രാജ്യാന്തര ഹോക്കി ഫെഡറേഷനും തമ്മിൽ ധാരണയായി. പുതുക്കിയ ഭരണഘടനയുടെ ആദ്യ രൂപം ഫെഡറേഷനു നൽകിയതിനു പിന്നാലെയാണ് ഭരണസമിതി തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും ഉറപ്പു നൽകിയത്.
കോടതി ഇടപെടലിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഹോക്കി ഇന്ത്യയും സമാനമായ വിധി നേരിടേണ്ടി വരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫിഫയിൽ നിന്നു ഭിന്നമായി, കോടതിയുടെ ഇടപെടൽ ചട്ടലംഘനമായി രാജ്യാന്തര ഹോക്കി ഫെഡറേഷൻ പരിഗണിച്ചില്ല. ഈ വർഷം ഒഡീഷയിൽ നടക്കാനിരിക്കുന്ന ലോകകപ്പിനും ഇതോടെ ഭീഷണിയൊഴിവായി.
English Summary: Hockey India election process to be completed by October 9