ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭരണത്തിനായി ഡൽഹി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതി ചുമതലയേറ്റെടുക്കുന്നതു സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. തിരഞ്ഞെടുപ്പിലൂടെയല്ലാതെ, പുറത്തു നിന്നുള്ള സമിതി ഭരണമേറ്റെടുക്കുന്നത് അസോസിയേഷനു രാജ്യാന്തര തലത്തിൽ നാണക്കേടുണ്ടാക്കുമെന്നു കേന്ദ്ര സർക്കാരാണ് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഇതു പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ആശ്വാസ ഇടപെടൽ. ഡൽഹി ഹൈക്കോടതി വിധിക്കെതിരെ അടിയന്തര ഇടപെടൽ തേടി ഐഒഎ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനെ അനുകൂലിച്ചാണു കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ നിലപാടെടുത്തത്.

കോടതി നിയോഗിക്കുന്ന സമിതി കാര്യങ്ങൾ ഏറ്റെടുത്താൽ ഐഒഎയെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി വിലക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്രം കോടതിയിൽ വിശദീകരിച്ചു. 

കടുത്ത ആശങ്ക ഉയർന്ന സാഹചര്യത്തിൽ എല്ലാ കക്ഷികളോടും തൽസ്ഥിതി തുടരാൻ നിർദേശിക്കുന്നുവെന്നു കോടതി പ്രതികരിച്ചു. തൽസ്ഥിതി നിർദേശിച്ച സാഹചര്യത്തിൽ ഭരണച്ചുമതല തൽക്കാലം മാറേണ്ടതില്ലെന്നും കോടതി പ്രത്യേകം പറഞ്ഞു. ദേശീയ കായിക ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ഐഒഎ ഭരണസമിതിയെ ഡൽഹി ഹൈക്കോടതി പിരിച്ചുവിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് തൽസ്ഥിതി. കേസ് 22നു വീണ്ടും പരിഗണിക്കും. അതിനു ശേഷമേ പിരിച്ചുവിടൽ അടക്കമുള്ള നടപടികളിൽ തീർപ്പുണ്ടാകൂ.

ദേശീയ കായിക ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതി ഡൽഹി ഹൈക്കോടതി പിരിച്ചുവിട്ടതിനെതിരെയാണു സുപ്രീം കോടതിയിലെ ഹർജി.

English Summary: Supreme Court Orders Status Quo On Delhi HC Direction Placing Indian Olympic Association Under Committee Of Administrators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com