ADVERTISEMENT

ചാലക്കുടി ∙ അമ്മമാരെക്കാൾ വലിയ പോരാളികൾ വേറെയില്ലെന്ന് ഇവരുടെ പ്രകടനം കാണുന്ന ആരും സമ്മതിച്ചു പോകും! സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ 5 അമ്മമാരുടെ പ്രകടനമാണ് അവരുടെ ടീമുകളെ ആകാശത്തോളമുയർത്തിയത്. ഇവർ ഉയർത്തിവിട്ട പന്തുകൾ ബാസ്കറ്റ് മാത്രമല്ല നിറച്ചത്, ഇവർക്കു വേണ്ടി കയ്യടിക്കാനെത്തിയ മക്കളുടെ ഹൃദവും കൂടിയാണ്.

സ്റ്റെഫി നിക്സൺ, ജി. റോജമോൾ, ടി.എസ്. നീനുമോൾ, പി.എസ്. പൂജമോൾ, പി.എസ്. ജീന എന്നിവരാണു കളിക്കളത്തിലെ അമ്മമാർ. ഇതിൽ ജീന ഒഴികെ നാലു പേരും കളിക്കുന്നത് എറണാകുളത്തിനു വേണ്ടി. ജീന തിരുവനന്തപുരത്തിനു വേണ്ടിയും. ഇവരുടെ മികവിൽ ഫൈനലിലെത്തിയ എറണാകുളം, തിരുവനന്തപുരം ടീമുകൾ ഇന്നു പരസ്പരം ഏറ്റുമുട്ടാനിരിക്കുകയാണ്. കൊരട്ടി സ്വദേശിനിയും കെഎസ്ഇബി ജീവനക്കാരിയുമായ സ്റ്റെഫി നിക്സൺ, ബാസ്കറ്റ്ബോൾ താരം ‍യൂഡ്രിക് പെരേരയുടെ ഭാര്യയാണ്. ഇന്ത്യൻ ടീം ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്. സ്റ്റെഫിയുടെ അഞ്ചു വയസ്സുകാരൻ മകൻ എറിക് കളി കാണാൻ ഒപ്പമുണ്ട്.

ആലപ്പുഴ സ്വദേശിനിയായ ജി. റോജമോൾ രണ്ടു വയസുകാരി തൻവി റോണയുടെ അമ്മയാണ്. ബാസ്കറ്റ്ബോൾ താരമായ ചെന്നൈ സ്വദേശി നരേഷാണ് റോജയുടെ ഭർത്താവ്. കെഎസ്ഇബിയിലാണു ജോലി. 

പൊലീസിൽ ജോലിചെയ്യുന്ന വയനാട് സ്വദേശിനി ടി.എസ്. നീനുമോൾ പാലക്കാട് സ്വദേശി ഇൻഫന്റ് ഷിരോണിന്റെ ഭാര്യയാണ്. രണ്ടു വയസുകാരി ഹനാനിയയാണ് ഇവരുടെ മകൾ. കുട്ടിയെ വയനാട്ടിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം നിർത്തിയിട്ടാണ് നീനുമോൾ ചാംപ്യൻഷിപ്പിനു വന്നത്.

കോട്ടയം സ്വദേശി പി.എസ്. പൂജമോൾ സെക്രട്ടേറിയറ്റിലാണു ജോലിചെയ്യുന്നത്. തിരുവല്ല സ്വദേശിയും ബാസ്കറ്റ്ബോൾ താരവുമായ ശ്രീരാഗ് ആണ് ഭർത്താവ്. 10 മാസം പ്രായമുള്ള മകൻ ധ്രുവിനെ കളികാണാൻ ഇവർ ഒപ്പംകൂട്ടി. 

വയനാട് സ്വദേശിനിയായ പി.എസ്. ജീന കെഎസ്ഇബി ജീവനക്കാരിയാണ്. മേലൂർ സ്വദേശി ജാക്സൺ ആണ് ഭർത്താവ്. ഒരു വയസ്സുള്ള മകൻ  ഡേവും ഒപ്പമുണ്ട്. 

Content Highlights: Basketball, Motherhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com