ADVERTISEMENT

വോളി അസോസിയേഷന്റെ ടീമിന് ദേശീയ ഗെയിംസ് എൻട്രി  നൽകുമെന്ന് കേരള ഒളിംപിക് അസോസിയേഷൻ

കോട്ടയം ∙ വോളിബോൾ കോർട്ടിലെ അധികാര വടംവലിയിൽ സ്പോർട്സ് കൗൺസിൽ ടീമിന് തിരിച്ചടി. ഗുജറാത്തിൽ‌ അടുത്തമാസം ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ തിരഞ്ഞെടുത്ത ടീം കേരളത്തിനായി മത്സരിക്കാൻ സാധ്യതയേറി. അസോസിയേഷൻ‌ ടീമിനെ ദേശീയ ഗെയിംസിൽ പങ്കെടുപ്പിക്കുന്നതിനുള്ള എൻട്രി ഇന്നു സമർപ്പിക്കുമെന്ന് കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) പ്രസിഡന്റ് വി.സുനിൽ‌കുമാർ പറഞ്ഞു. ദേശീയ ഗെയിംസിന് എൻട്രി സമർപ്പിക്കേണ്ട അവസാന തീയതിയും ഇന്നാണ്.

ദേശീയ ഗെയിംസ് വോളിബോൾ മത്സരങ്ങൾക്കായി സ്പോർട്സ് കൗൺസിലും വോളിബോൾ അസോസിയേഷനും കേരളത്തിൽ വെവ്വേറെ ടീമുകളെ പ്രഖ്യാപിച്ചത് ഈ മാസം ആദ്യമാണ്. ഇതു വലിയ വിവാദമായിരുന്നു. ടീം സിലക്ഷൻ തർക്കംകോടതിയിലെത്തിയതോടെ ഉചിതമായ ടീമിന് മത്സരാനുമതി നൽകാൻ ഹൈക്കോടതി കേരള ഒളിംപിക് അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു. അതത് അസോസിയേഷൻ നിർദേശിക്കുന്ന ടീമുകളെ ഗെയിംസിൽ പങ്കെടുപ്പിക്കണമെന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ (ഐഒഎ) നിന്നുള്ള നിർദേശമെന്നും ഇതനുസരിച്ച് വോളിബോൾ അസോസിയേഷന്റെ ടീമിന് എൻട്രി നൽകാൻ‌ മാത്രമേ തങ്ങൾക്കു കഴിയൂവെന്നുമാണ് കേരള ഒളിംപിക് അസോസിയേഷന്റെ വാദം. 

തങ്ങളുടെ ടീമിനെ ഗെയിംസിൽ പങ്കെടുപ്പിക്കാൻ അനുമതി തേടി സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ നേരത്തേ ഡൽഹിയിലെത്തി ഐഒഎ ഭാരവാഹികളെ നേരിൽക്കണ്ടിരുന്നു. കേന്ദ്ര കായിക മന്ത്രാലയത്തിലും സമ്മർദം ചെലുത്തി. പക്ഷേ അതൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. കൗൺസിൽ ടീമിന് അവസരം നിഷേധിക്കപ്പെടുന്നതോടെ നിരാശരാകുന്നത് താരങ്ങളാണ്. സ്പോർട്സ് കൗൺസിൽ സിലക്ഷൻ ട്രയൽസിലൂടെ തിരഞ്ഞെടുത്ത 18 വോളിബോൾ താരങ്ങൾ കഴിഞ്ഞ 2 ആഴ്ചയായി എറണാകുളത്ത് പരിശീലനം നടത്തിവരുകയാണ്. വോളിബോൾ അസോസിയേഷൻ ടീമിന്റെ പരിശീലന ക്യാംപ് ഇതുവരെ ആരംഭിച്ചിട്ടില്ല.

Content Highlights: Kerala volleyball association, Kerala olympic association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com