ADVERTISEMENT

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്)∙ അപ്രതീക്ഷിത അപകടങ്ങൾക്കും കൂറ്റൻ തിരമാലകൾക്കും മുന്നിൽ കീഴടങ്ങാത്ത മനസ്സുമായി മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയുടെ സാഹസിക സമുദ്ര പ്രയാണം ആരംഭിച്ചു. 4 വർഷം മുൻപ് അപകടത്തിൽപ്പെട്ട് മത്സരം പൂർത്തിയാക്കാനാവാതെ വന്ന ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിന്റെ പുതിയ എഡിഷനിലാണ് അഭിലാഷ് ടോമി (43) പങ്കെടുക്കുന്നത്.

ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോൻ തുറമുഖത്ത് ഇന്നലെ ഇന്ത്യൻ സമയം രാത്രി എട്ടുമണിയോടെയാണ് മത്സരത്തിനു തുടക്കമായത്. ബയാനത് എന്നു പേരിട്ട പായ്‌വഞ്ചിയിലാണ് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ അഭിലാഷ് മത്സരിക്കുന്നത്. ഒരു വനിത ഉൾപ്പെടെ 16 പേരുടെ പായ്‌വഞ്ചികളാണു മത്സരരംഗത്തുള്ളത്.

abhilash-tomy-0402

ലെ സാബ്‌ലെ ദെലോനിൽനിന്ന് ആരംഭിച്ച്, ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ 48,000 കിലോമീറ്ററോളം ചുറ്റി തുടങ്ങിയിടത്തു തന്നെ തിരികെയെത്തുകയെന്നതാണ് മത്സരം. ലോകത്തിലെ ഏറ്റവും വെല്ലുവിളിയേറിയ സാഹസിക കായിക വിനോദങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്.

സമുദ്ര യാത്രകൾക്ക് അരനൂറ്റാണ്ടു മുൻപ് ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യകൾ മാത്രം അവലംബിച്ചായിരിക്കണം യാത്രയെന്നതാണു പ്രധാന നിബന്ധന. ജിപിഎസ്, കംപ്യൂട്ടർ – ഇലക്ട്രോണിക്സ് സംവിധാനങ്ങൾ തുടങ്ങിയവയൊന്നും ഉപയോഗിക്കാനാവില്ല. വടക്കുനോക്കിയന്ത്രം ഉപയോഗിച്ചാവണം സഞ്ചാരദിശ തീരുമാനിക്കേണ്ടത്.

2018 സെപ്റ്റംബർ 21ന് ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്ഷോഭത്തിൽ വഞ്ചി തകർന്നു പരുക്കേറ്റ അഭിലാഷിന് ഗോൾഡൻ ഗ്ലോബ് മത്സരത്തിൽനിന്നു പി‍ൻമാറേണ്ടി വന്നിരുന്നു. ഇത്തവണ വിജയകരമായി ഫിനിഷ് ചെയ്യുകയാണു ലക്ഷ്യമെന്ന് അഭിലാഷ് ടോമി ‘മനോരമ’യോടു പറഞ്ഞു. 210 ദിവസങ്ങൾ കൊണ്ടു മത്സരം പൂർത്തിയാക്കാമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Abhilash Tomy, Golden Globe Race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com