ADVERTISEMENT

കായികലോകത്തെ അപ്രതീക്ഷിത അട്ടിമറികളിലൊന്നിനാണ് മ്യൂണിക് റൂഡി സെഡൽമെയർ ഇൻഡോർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 1972 മ്യൂണിക് ഒളിംപിക്സിലെ ബാസ്കറ്റ്ബോൾ ഫൈനലിൽ യുഎസ് സോവിയറ്റ് യൂണിയനോട് തോറ്റപ്പോൾ ഞെട്ടിയത് അമേരിക്ക മാത്രമല്ല, കായികലോകം മുഴുവനാണ്. കാരണം ബാസ്കറ്റ്ബോൾഎന്നാൽ അമേരിക്കയായിരുന്നു അന്ന്. ശീതയുദ്ധത്തിന്റെകൂടി പശ്ചാത്തലത്തിൽ നടന്ന ആ മൽസരത്തിൽ അമേരിക്ക നേരിട്ട പരാജയം കുറച്ചൊന്നുമല്ല അവരെ ഞെട്ടിച്ചത്. ആ ഓർമകൾക്ക് ഇന്ന് അരനൂറ്റാണ്ട്. ആ കഥ അടുത്തറിയാം.  

∙ ഒളിംപിക്സിലെ ‘ബാസ്കറ്റ്’

1936 ബർലിൻ മേള മുതലാണ് ബാസ്കറ്റ്ബോൾ ഒളിംപിക്‌സിൽ മൽസരയിനമാക്കിയത്. അന്നുമുതൽ അമേരിക്കയുടെ അശ്വമേധമാണ് ഈ ഇനത്തിൽ കണ്ടത്. 1936 മുതൽ 1968 വരെ നടന്ന ഏഴു മേളകളിലും യുഎസ് പുരുഷ ടീമാണ് സ്വർണം കഴുത്തിലണിഞ്ഞത്. എതിരാളികൾ ആരെന്നു പോലും നോക്കാതെ എല്ലാത്തവണയും അവർ വിക്ടറി സ്റ്റാൻഡിലേക്ക് മാർച്ച് ചെയ്തു.  ഒരു മൽസരത്തിൽപ്പോലും  തോൽക്കാതെയുള്ള വിജയങ്ങൾ അവരുടെ കുതിപ്പിന് അടിവരയിട്ടു. ആ മേൽകൈയോടെയാണ് യുഎസ് മ്യൂണിക്കിന് വിമാനം കയറിയത്. എതിരാളികളെ ഇല്ല എന്ന തന്റേടത്തോടെയാണ് അവർ ടൂർണമെന്റിന് എത്തിയതും. സോവിയറ്റ് യൂണിയനാകട്ടെ നാലു വെള്ളിയും (1952–64)  1968ൽ വെങ്കലവും നേടി ഏറെ പിന്നിലും. എൻബിഎയിൽ പങ്കെടുക്കുന്നതുകൊണ്ട്  പ്രഫഷണൽ താരങ്ങൾ എന്ന ലേബല്‍ ചാർത്തപ്പെട്ടതിനാൽ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്താൻ പറ്റാത്ത സാഹചര്യവും അമേരിക്ക മറികടന്നുകൊണ്ടേയിരുന്നു.  അമേരിക്കയുടെ ബി ടീം എന്ന ലേബലുണ്ടായെങ്കിലും കുറവുകളെല്ലാം നികത്തി അവർ ഒളിംപിക് കിരീടങ്ങളുടെ എണ്ണം ഏഴിൽ എത്തിച്ചു.

∙ മ്യൂണിക്ക് ബാസ്‌കറ്റ്

ശീതസമരത്തെത്തുടർന്ന് കായികരംഗത്തും യുഎസ് – സോവിയറ്റ് യൂണിയന്‍ വൈരം തിളച്ചു പൊങ്ങിയിരുന്നു. സോവിയറ്റ് യൂണിയന്റെ സമ്പൂർണ ആധിപത്യം  മ്യൂണിക് മേളയിലുണ്ടാവണം എന്ന വാശി രാജ്യത്തിനുണ്ടായിരുന്നു. പല ഒഫീഷ്യലുകളെയും പണം നൽകി സ്വാധീനിച്ചു എന്നൊരു ആരോപണം മുഴങ്ങി നിന്നിരുന്നു. ഒളിംപിക്ബാസ്കറ്റ്ബോളിനുവേണ്ടി നിർമിച്ച റൂഡി സെഡൽമെയർ ഇൻഡോർ സ്റ്റേഡിയം (ഔഡി ഡോം) 6700 കാണികൾക്കാണ് ഇരിപ്പിടം നൽകിയത്. പ്രാഥമിക ഘട്ടത്തിൽ ഇരുടീമുകളും കാര്യമായ എതിർപ്പില്ലാതെയാണ് ഫൈനലിലേക്ക് കടന്നത്. പ്രാഥമിക ഘട്ടത്തിൽ ഇരുടീമുകളും 7 വീതം ജയവുമായിട്ടാണ് സെമിയിഫൈനലിൽ കടന്നത്. സെമിയിൽ യുഎസ് ഇറ്റലിയെയും (68–38) സോവിയറ്റ് ക്യൂബയും (67–61) തോൽപിച്ച് ഫൈനലിലെത്തി. 

∙ ഞെട്ടിപ്പിച്ച് ആ തോൽവി

1972 സെപ്റ്റംബർ 9. രാത്രി 11.30. തുടർച്ചയായ 63 വിജയങ്ങൾ എന്ന നേട്ടവുമായിട്ടാണ് യുഎസ് കലാശപ്പോരാട്ടത്തിനിറങ്ങിയത്. മൽസരത്തിന്റെ പാതി കഴിഞ്ഞപ്പോൾ സോവിയറ്റ് മുന്നിലെത്തിയിരുന്നു (26–21). അടുത്ത പാതി യുഎസ് തിരിച്ചടിച്ചെങ്കിലും (29–25)  കായികപ്രേമികളെ ഞെട്ടിച്ചുകൊണ്ട്  യുഎസ് ആദ്യമായി പരാജയം അറിഞ്ഞു. 51–50 എന്ന സ്‌കോറിലാണ് ഫൈനൽ അവസാനിച്ചത്.  സോവിയറ്റ് യൂണിയന്‍ ഒളിംപിക് ബാസ്കറ്റ്ബോളിൽ ആദ്യ കിരീടം ഉയർത്തി. ഒപ്പം വിവാദങ്ങളുടെ പെരുമഴയും തുടങ്ങി. അധികൃതരുടെ ഭാഗത്തുനിന്ന് അവസാന നിമിഷമുണ്ടായ ആശയക്കുഴപ്പമാണ് അമേരിക്കയുടെ വിജയം തട്ടിത്തെറിപ്പിച്ചത് എന്ന വാദവുമായി അമേരിക്ക പ്രതിഷേധമുയർത്തി. വിധിനിർണയത്തിൽ പക്ഷപാതം ആരോപിച്ച് യുഎസ് ടീം അന്നു മെഡൽ സ്വീകരിച്ചില്ല. ഇന്നും അവ രാജ്യാന്തര ഒളിംപിക് സമിതിയുടെ (ഐഒസി) പക്കലാണ്. . 

∙ തിരിച്ചുപിടിച്ച് വീണ്ടും ജേതാക്കൾ

1972ൽ യുഎസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടങ്കിലും 1976ൽ അവർ സ്വർണം വീണ്ടെടുത്തു. 1980ൽ യുഎസ് നേതൃത്വത്തിൽ ഒളിംപിക്സ് ബഹിഷ്കരണം. 1984ൽ സ്വന്തം നാട്ടി‌ൽ ജേതാക്കൾ. 1988 സോൾ മേളയിൽ ടീമിന്റെ കരുത്തു ചോരാൻ തുടങ്ങി. അന്ന് ആദ്യമായി മൂന്നാം സ്ഥാനത്ത്.  1992ൽ നേടിയ സ്വർണം നാലുവർഷത്തിനിപ്പുറം അറ്റ്‌ലാന്റയിലും സിഡ്നിയിലും അവർ നിലനിർത്തി. 1988ൽ സോവിയറ്റ് യൂണിയനും 2004ൽ അർജന്റീനയും സ്വർണമണിഞ്ഞു. 1980ൽ അമേരിക്ക പങ്കെടുക്കാതിരുന്നതിനാൽ അക്കുറി യുഗസ്ലാവ്യ സ്വർണം നേടി. 

∙ മ്യൂണിക് തോൽവി അഭ്രപാളിയിലും വിൽപത്രത്തിലും

1972  മ്യൂണിക് ഒളിംപിക്സ് ബാസ്കറ്റ്ബോളിൽ അപ്രതീക്ഷിതിത തോൽവി ഏറ്റുവാങ്ങിയ യുഎസ്  ടീമിനെ ആസ്പദമാക്കി ഇഎസ്പിഎൻ തയാറാക്കിയ ഡോക്യുമെന്ററിയാണ് ‘സിൽവർ റീയൂണിയൻ’. തോൽവി ഏറ്റുവാങ്ങിയ യുഎസ് ടീമിലെ 12 കളിക്കാർ  2012ൽ ഒത്തുകൂടി ഒരു നിർണായക തീരുമാനമെടുത്തതായിരുന്നു ഡോക്യുമെന്ററിക്ക് പ്രചോദനം. വിവാദ തീരുമാനത്തിലൂടെ ജയം നിഷേധിക്കപ്പെട്ട ആ വെള്ളി മെഡൽ ഒരിക്കലും സ്വീകരിക്കരുത് എന്നായിരുന്നു അവരുടെ തീരുമാനം. ഐഒസിയുടെ നിരന്തരമായ അഭ്യർഥനയെ തുടർന്നാണ് അവർ യോഗം ചേർന്നതുപോലും. ടീം അംഗങ്ങളിലൊരാളായ കെന്നത്ത് ബ്രയാൻ ഡേവിസ് ഒരു പിടികൂടി കടന്നു ചിന്തിച്ചു. തന്റെ അനന്തരാവകശികളാരും ഈ മെഡൽ സ്വീകരിക്കരുത് എന്ന് ഡേവിസ് തന്റെ വിൽപത്രത്തിൽ എഴുതിയുംവച്ചു.

∙ പ്രഫഷണലുകൾക്കും സ്വാഗതം

1992ലെ ഒളിംപിക്സിൽ പ്രഫഷണൽ താരങ്ങൾക്കുകൂടി ബാസ്കറ്റ്ബോളിൽ പ്രവേശനം നൽകപ്പെട്ടതോടെയാണ് ബാസ്ക്കറ്റ്ബോൾ ഒളിംപിക്സിൽ ഗ്ലാമർ ഇനമാകുന്നത്.  1988വരെ അമച്വർ താരങ്ങൾക്കുമാത്രമാണ് ഒളിംപിക് ബാസ്‌ക്കറ്റ്‌ബോളിൽ പ്രവേശനംനൽകിയിരുന്നത്. എന്നാൽ 1989ൽ രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോൾ സംഘടനയായ എഫ്‌ഐബിഎ നിയമത്തിൽ മാറ്റം വരുത്തി.

∙ ഡ്രീം ടീം

പ്രഫഷണൽ താരങ്ങൾക്ക് ഒളിംപിക്സിൽ പ്രവേഷനം അനുവദിച്ചതോടെ 1992ലെ ബാർസിലോന ഒളിംപിക്സിൽ അമേരിക്കയുടെ ഡ്രീം ടീം തന്നെ അവതരിച്ചു. മഹാരഥന്‍മാരായ മൈക്കൽ ജോർദാൻ, മാജിക് ജോൺസൺ, ലാറി ബേഡ് എന്നിവർ ദേശീയ ജഴ്സിയണിഞ്ഞു. പൂർണ അർഥത്തിൽ ഒരു ‘സ്വപ്ന ടീം’. പ്രതീക്ഷിച്ചപോലെ ആ സ്വപ്‌ന ടീം തങ്കപ്പതക്കമണിഞ്ഞു. പ്രാഥമിക ഘടത്തിലും നോക്കൗട്ട് റൗണ്ടിലും ഒരു മൽസരം പോലും തോൽക്കാതെയായിരുന്നു അമേരിക്കയുടെ ഫൈനലിലേക്കുള്ള മുന്നേറ്റം. ഫൈനലിൽ ക്രൊയേഷ്യയെ 117–85 എന്ന സ്‌കോറിൽ തോൽപ്പിച്ച് കിരീടവും നേടി. 

∙ മുന്നിൽ യുഎസ് തന്നെ 

ഒളിംപിക്സിലെ പുരുഷൻമാരുടെ ബാസ്കറ്റ്ബോൾ ചരിത്രം പരിശോധിച്ചാൽ ആകെ 16 സ്വർണവുമായി യുഎസ് തന്നെയാണ് മുന്നിൽ. ഇതുകൂടാതെ ഒരു വെള്ളിയും (1972) രണ്ട് വെങ്കലവും (1988, 2004) അവർ നേടി. ആകെ നടന്ന 20 ടൂർണമെന്റുകളിൽ ഒന്നൊഴികെ എല്ലാത്തിലും അവർ പങ്കെടുത്തു. (1980ൽ യുഎസ് ഒളിംപ്‌ക്‌സ് ബഹിഷ്‌കരിച്ചു). സോവിയറ്റ് യൂണിയൻ രണ്ടു തവണയും  (1972, 88) അർജന്റീന (2004) ഒരുതവണയും ജേതാക്കളായി. 

∙ തിരിച്ചടി വേറെയും

ഒളിംപിക്‌സ് ബാസ്‌കറ്റ്‌ബോളിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് 1972 ഫൈനൽ സാക്ഷ്യം വഹിച്ചത്. എന്നാൽ യുഎസ് വേറെയും വലിയ തോൽവി നേരിട്ടിട്ടുണ്ട്. 2004ലെ ആതൻസ് മേളയിൽ പ്രാഥമിക ഘട്ടത്തിൽ പോർട്ട റീക്കോയോടേറ്റ തോൽവി മറക്കാനാവില്ല. അന്ന് വെങ്കലം നേടിയെങ്കിലും ടീമിനേറ്റ വലിയ തിരിച്ചടിയായിരുന്നു അത്. 72 വർഷവും 112 മൽസരങ്ങളും പിന്നിട്ട അവരുടെ ഒളിംപിക്‌സ് ബാസ്‌ക്‌റ്റ്‌ബോൾ ചരിത്രത്തിലെ മറ്റൊരു തിരിച്ചടിയായി ആ മൽസരം. 

English Summary: 50 years of painful, and controversial, loss of US to the Soviet Union in the 1972 Olympics  basketball

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com