ഹോക്കി സ്റ്റിക്കിന് 1500 രൂപ അധികം വാങ്ങി; ഇൻഡിഗോയ്ക്കെതിരെ ശ്രീജേഷ്

Mail This Article
ബെംഗളൂരു ∙ വിമാനയാത്രയിൽ ഹോക്കി സ്റ്റിക്ക് കൊണ്ടുപോകാൻ 1500 രൂപ അധികം ഈടാക്കിയ ഇൻഡിഗോ എയർലൈൻസിനെതിരെ വിമർശനവുമായി ദേശീയ ഹോക്കി ടീം താരവും മലയാളിയുമായ പി.ആർ.ശ്രീജേഷ് രംഗത്ത്. ഗോൾകീപ്പർ കിറ്റ് കൊണ്ടുപോകാൻ അധിക ചാർജ് ഈടാക്കിയ വിമാനക്കമ്പനിക്കെതിരെ ട്വിറ്ററിലൂടെയാണ് ശ്രീജേഷ് രംഗത്തെത്തിയത്. രാജ്യാന്തര ക്രിക്കറ്റ് ഫെഡറേഷൻ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും 38 ഇഞ്ച് വരെയേ അനുവദിക്കാനാകൂ എന്ന നിലപാടാണ് എയർലൈൻസ് അധികൃതർ കൈക്കൊണ്ടതെന്ന് ശ്രീജേഷ് ആരോപിച്ചു.
‘‘രാജ്യാന്തര ഹോക്കി ഫെഡറേഷൻ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്കുമായി കളിക്കാൻ സമ്മതിക്കുന്നുണ്ട്. പക്ഷേ, 38 ഇഞ്ചിനു മുകളിൽ നീളമുള്ള ഹോക്കി സ്റ്റിക്കുമായി സഞ്ചരിക്കാൻ ഇൻഡിഗോ അനുവദിക്കുന്നില്ല. എന്തു ചെയ്യും? ഗോൾകീപ്പർ കിറ്റിനായി 1500 രൂപ അധികം അടയ്ക്കുക’ – ഇൻഡിഗോ കൊള്ളയടിക്കുന്നു എന്നു സൂചന നൽകുന്ന ‘ലൂട്ട്’ എന്ന ഹാഷ്ടാഗ് സഹിതം ശ്രീജേഷ് കുറിച്ചു. 1500 രൂപ അധികം അടച്ചതിന്റെ രസീതും ശ്രീജേഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ശ്രീജേഷ് ട്വീറ്റ് ചെയ്തതിനു പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അതേസമയം, ശ്രീജേഷിന്റെ പരാതി പരിഹരിച്ചുവെന്നു സൂചിപ്പിക്കുന്ന കമന്റുമായി ഇൻഡിഗോയും രംഗത്തെത്തിയിട്ടുണ്ട്.
‘‘ഈ കൂടിക്കാഴ്ചയ്ക്കു നന്ദി. താങ്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. സംഭവിച്ചത് എന്താണെന്നു താങ്കളെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്കായി എന്നാണ് കരുതുന്നത്. കായികമേഖലയിൽ താങ്കൾ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. തുടർന്നും ഇൻഡിഗോയിലെ യാത്രകൾക്കായി സ്വാഗതം – ടീം ഇൻഡിഗോ’ – അവർ ട്വീറ്റ് ചെയ്തു.
English Summary: India Hockey Star PR Sreejesh Slams IndiGo Airlines for Charging Him Extra