ADVERTISEMENT

സമ്മി ഒരു ‘സംഭവമാണ്’. ദേശീയ ഗെയിംസിൽ പുരുഷ താരങ്ങൾ മാത്രം പടയ്ക്കിറങ്ങിയിരുന്ന സർവീസസിന്റെ അത്‌ലറ്റിക്സ് ടീമിലേക്ക് പാറ്റൺ ടാങ്ക് പോലെ ഇടിച്ചുകയറുന്ന ആദ്യ വനിതയാണ് ഹരിയാനക്കാരി സമ്മി കാളിരവൻ (19). ഗുജറാത്ത് ദേശീയ ഗെയിംസിൽ 400 മീറ്ററിൽ സമ്മി സർവീസസിനു വേണ്ടി മത്സരിക്കും. ജേതാക്കൾക്കിടയിലെ ജേതാക്കളെന്നു വിളിക്കപ്പെടുന്ന സർവീസസ് ടീം പതിറ്റാണ്ടുകളായി ദേശീയ ഗെയിംസിൽ നേട്ടങ്ങൾ പിടിച്ചടക്കുന്നുണ്ടെങ്കിലും ട്രാക്കിലും ഫീൽഡിലും ഒരു വനിതാ അത്‍ലീറ്റ് പോലും ഇവർക്കായി മൈതാനത്തിറങ്ങിയ ചരിത്രമില്ല. സൈന്യത്തിന്റെ പുതിയ ‘മിഷൻ ഒളിംപിക് വിങ്’ നയമനുസരിച്ച് മിലിട്ടറി പൊലീസിലേക്കു നേരിട്ടു റിക്രൂട്മെന്റ് ലഭിച്ച ആദ്യ വനിതാ അത്‍ലീറ്റാണ് സമ്മി. 

സൈന്യത്തിന്റെ ഔദ്യോഗിക ടീമായ സർവീസസിൽ വനിതാ താരങ്ങൾ പലരുണ്ടെങ്കിലും ഇവരെല്ലാം ആയുധങ്ങൾ ഉപയോഗിച്ചുള്ള മത്സരയിനങ്ങളിൽ പങ്കെടുക്കുന്നവരാണ്. കഴിഞ്ഞ ദേശീയ ഗെയിംസിൽ സ്വർണം നേടിയ ട്രാപ് ഷൂട്ടർ സീമ തോമർ, റൈഫിൾ മാർക്ക് വുമൺ ക്യാപ്റ്റൻ ഹർഷിത ദഹിയ, പിസ്റ്റൽ ഷൂട്ടർ മേജർ അനുജ വർമ, കോംപൗണ്ട് ആർച്ചർ ആരതി ജോഷി എന്നിവരടക്കം സുപ്രധാന വനിതാ താരങ്ങൾ ഇത്തവണ ദേശീയ ഗെയിംസിൽ സർവീസസിനായി മത്സരിക്കുന്നുണ്ടെങ്കിലും സമ്മി കാളിരവൻ തന്നെ ശ്രദ്ധാകേന്ദ്രം. 

400 മീറ്റർ ഓട്ടക്കാരിയായ സമ്മി സൈന്യത്തിലെത്തിയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂവെങ്കിലും ഇതിനകം വിവിധ രാജ്യാന്തര മത്സരങ്ങളിൽ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. ലോക അണ്ടർ 20 അത്‌ലറ്റിക്സിൽ 400 മീറ്ററിൽ വെള്ളി നേടാനായി. ദേശീയ ചാംപ്യൻപട്ടവും കരസ്ഥമാക്കി. 53.57 സെക്കൻഡാണ് മികച്ച വ്യക്തിഗത നേട്ടം.

English Summary: National Games athletics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com