ADVERTISEMENT

വോളിബോൾ തർക്കം അഹമ്മദാബാദിലേക്ക്; ദേശീയ ഗെയിംസിനു പുറപ്പെടുന്ന കേരള ടീമിന് അസോസിയേഷന്റെ വക ‘ഇറക്കുമതി’ പരിശീലകർ

 

അഹമ്മദാബാദ് ∙ ഇവിടംകൊണ്ടൊന്നും തീരില്ലെന്ന മട്ടിൽ കേരള വോളിബോളിലെ അധികാരത്തർക്കം ദേശീയ ഗെയിംസ് വേദിയിലേക്കും നീളുന്നു. സുപ്രീം കോടതിയിൽ വരെ കേസ് നടത്തി സമ്പ‍ാദിച്ച വിധിയുമായി കേരള വോളിബോൾ ടീം ഇന്നു ദേശീയ ഗെയിംസിനു യാത്ര പുറപ്പെടാനിരിക്കെ വോളിബോൾ അസോസ‍ിയേഷൻ സ്വന്തംനിലയ്ക്കു ടീമിനു പുതിയ പരിശീലകരെ നിയോഗിച്ച് ഗെയിംസ് വേദിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. 

അർജുന അവാർഡ് ജേതാവ് ടോം ജോസഫ് അടക്കം കഴിഞ്ഞ ഒന്നരമാസമായി ടീമിനെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന പരിശീലകർക്ക് ഗെയിംസ് വേദിയിലേക്കുള്ള പ്രവേശനം പോലും ഇതോടെ സംശയത്തിലായി. ടീമുമായി ഒരു ബന്ധവുമില്ലാത്ത, ഒരു ദിവസം പോലും പരിശീലന ക്യാംപിൽ ഇല്ലാതിരുന്ന പുതിയ പരിശീലകരുമായി സഹകരിക്കേണ്ടതില്ലെന്ന‍ാണു കളിക്കാരുടെ തീരുമാനം. 

ഭാവ്നഗറിലെ ദേശീയ ഗെയിംസ് വേദിയിലേക്ക് ഇന്നു രാവിലെ 8.30ന് കേരളത്തിന്റെ പുരുഷ, വനിതാ ടീമുകളും പരിശീലകരും ട്രെയിനിൽ പുറപ്പെടും. സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത ടീമാണിത്. ഗെയിംസിനു വേണ്ടി കൗൺസിലും വോളിബോൾ അസോസിയേഷനും വെവ്വേറെ ടീമുകളെ തിരഞ്ഞെടുത്തതു വിവാദമായിരുന്നു. ഇതിനെതിരെ സ്പോർട്സ് കൗൺസിലിന്റെ ടീം ഹൈക്കോടതിയെ സമീപിച്ചു. അനുകൂലവിധി ലഭിച്ചു. വോളിബോൾ അസോസിയേഷൻ സുപ്രീം കോടതി വരെ അപ്പീൽ പോയെങ്കിലും കളിക്കാർക്ക് അനുകൂലമായ‌ാണു വിധി വന്നത്. ഇതോടെ സ്പോർട്സ് കൗൺസിലിന്റെ ടീമും പരിശീലകരും ഗുജറാത്തിലേക്കു പുറപ്പെടാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. 

എന്നാൽ, കോടതിയുടെ വിലക്കിൽ പരിശീലകർ ഉൾപ്പെടുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഗെയിംസിന‍ുള്ള കേരള ടീമിന്റെ ഔദ്യോഗിക പരിശീലകരായി വോളിബോൾ അസോസിയേഷൻ സ്വന്തം നിലയ്ക്കു പുതിയ പരിശീലകരെ നിയോഗിച്ചത്.  ഇവരുമായി സഹകരിക്കില്ലെന്നു കളിക്കാർ തീരുമാനിച്ചതോടെ വീണ്ടും സംഘർഷാന്തരീക്ഷമായി.

 

English Summary: Tussle in Kerala volleyball team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com