അഹമ്മദാബാദ് ∙ എന്താണ് നമുക്കു സംഭവിക്കുന്നതെന്ന വലിയ ചോദ്യമുയർത്തി ദേശീയ ഗെയിംസ് അത്‍ലറ്റിക്സിൽ കേരളം മൂക്കുംകുത്തിവീണു. കഴിഞ്ഞ മൂന്നു ദേശീയ ഗെയിംസുകളിലായി അത്‌ലറ്റിക്സിൽ ഹാട്രിക് കിരീടം കൈവശം വച്ച കേരളം ഇത്തവണ ഫിനിഷ് ചെയ്തത് അഞ്ചാം സ്ഥാനത്ത്. മൂന്നു സ്വർണവും 6 വെള്ളിയും 2 വെങ്കലവുമടക്കം വെറും 11 മെഡലുകളാണു കേരളത്തിന്റെ സമ്പാദ്യം. കേരളത്തിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ 13 സ്വർണവും 14 വെള്ളിയും 7 വെങ്കലവുമടക്കം 34 മെഡലുകൾ നേടിയ സ്ഥാനത്താണിത്. കഴിഞ്ഞ 3 ഗെയിംസുകളിൽ കേരളത്തിനു തന്നെയായിരുന്നു അത്‍ലറ്റിക്സ് കിരീടം.

11 സ്വർണമടക്കം 28 മെഡലുകൾ നേടിയ സർവീസസിനാണ് ഇത്തവണ അത്‍ലറ്റിക്സ് കിരീടം. കേരളത്തിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ 9 സ്വർണമടക്കം 20 മെഡലുകളുമായി അവർ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണത്തെ സ്കോർ നില പരിശോധിച്ചാൽ തന്നെ കേരളവും ആദ്യ നാലു സ്ഥാനക്കാരും തമ്മിലെ അന്തരം വ്യക്തമാകും. ഒന്നാം സ്ഥാനക്കാരായ സർവീസസ് 184 പോയിന്റ് നേടിയപ്പോൾ രണ്ടാംസ്ഥാനക്കാരായ തമിഴ്നാട് 134 പോയിന്റും ഉത്തർപ്രദേശ് 110 പോയിന്റും നേടി. നിലവിലെ ചാംപ്യൻമാരായ കേരളത്തിനു 100 പോയിന്റ് പോലും നേടാനായില്ല. 73.5 പോയിന്റ് ആണു കേരളത്തിന്. 100 മീറ്റർ, 5000 മീറ്റർ, 10,000 മീറ്റർ, പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസ്, പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസ്, പുരുഷവിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾ ചേസ്, പുരുഷ വിഭാഗം 800 മീറ്റർ തുടങ്ങിയവയുടെ ഫൈനൽ റൗണ്ടുകളിൽ കേരളത്തിനു മത്സരാർഥികൾ പോലുമുണ്ടാകാതിരുന്നത് സമീപകാല ചരിത്രത്തിലാദ്യം.

ഷോട്പുട്ട്, ഡിസ്കസ് ത്രോ, ഹാമർത്രോ, 35 കിലോമീറ്റർ നടത്തം, 4–400 മീറ്റർ റിലേ എന്നിവയിലും കേരളത്തിന് ആളുണ്ടായില്ല. പോൾവോൾട്ട്, 400 മീറ്റർ, 800 മീറ്റർ ഇനങ്ങളിൽ മെഡലുകളൊന്നും ലഭിച്ചതേയില്ല. 2011ലെ റാഞ്ചി ഗെയിംസിലും 2007ലെ ഗുവാഹത്തി ഗെയിംസിലും കേരളത്തിനു തന്നെയായിരുന്നു അത്‍ലറ്റിക്സ് കിരീടം.

Content Highlights: National Games, Athletics, kerala