അസാധാരണ പതനം!

HIGHLIGHTS
  • ദേശീയ ഗെയിംസിനു സമാപനം; കേരളത്തിന് കഴിഞ്ഞ ഗെയിംസിനെക്കാൾ 108 മെഡൽ കുറവ്
Volley ball team
ദേശീയ ഗെയിംസ് പുരുഷ വോളിബോളിൽ ജേതാക്കളായ കേരള ടീമിന്റെ ആഹ്ലാദപ്രകടനം.
SHARE

ആ 108 മെഡലുകൾ എവിടെപ്പോയി? ഗുജറാത്ത് ദേശീയ ഗെയിംസിനു കൊടിയിറങ്ങിയപ്പോൾ ബാക്കിയാകുന്നത് ആശങ്കയുണർത്തുന്ന ഈ ചോദ്യം. കേരളം വേദിയൊരുക്കിയ കഴിഞ്ഞ ഗെയിംസിൽ 54 സ്വർണമടക്കം 162 മെഡലുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു ആതിഥേയരുടെ ഫിനിഷിങ്. ഇത്തവണ 23 സ്വർണമടക്കം ആകെ 54 മെഡലുകൾ മാത്രം. ആതിഥേയരെന്ന ആനുകൂല്യം കഴിഞ്ഞവട്ടം ഊർജം പകർന്നെന്നു വാദിച്ചാൽ പോലും 108 മെഡലുകൾ ഒറ്റയടിക്കു നഷ്ടപ്പെടുത്തും വിധം കേരളം ദേശീയ ഗെയിംസിൽ തകർന്നടിയുന്ന കാഴ്ച സമീപകാലത്താദ്യം.

ഗെയിംസിലെ അത്‍ലറ്റിക്സിൽ ഹാട്രിക് ചാംപ്യൻമാരെന്ന ഖ്യാതി തച്ചുടച്ച് കേരളം ഇത്തവണ അഞ്ചാം സ്ഥാനത്തേക്കു വീണുപോയപ്പോൾ തന്നെ ഓവറോൾ കിരീടപ്പോരാട്ടത്തിന്റെ ഭാവി വ്യക്തമായിരുന്നു. അത്‍ലറ്റിക്സിൽ മാത്രം കഴിഞ്ഞ ഗെയിംസിൽ 13 സ്വർണമടക്കം 34 മെഡൽ നേടിയ സ്ഥാനത്ത് ഇത്തവണ 3 സ്വർണമടക്കം 11 മെഡലുകളായിരുന്നു കേരളത്തിനു നേടാനായത്. 5 സ്വർണമടക്കം 8 മെഡലുകളുമായി നീന്തലിൽ സജൻ പ്രകാശിന്റെ ഒറ്റയാൾ പോരാട്ടമാണു കേരളത്തെ കൂടുതൽ പരുക്കേൽപ്പിക്കാതെ കാത്തത്. ഒച്ചയും ബഹളവുമില്ലാതെയെത്തിയ റോവിങ്, കനോയിങ്, കയാക്കിങ് സംഘങ്ങളും റോളർ സ്കേറ്റിങ്, സ്കേറ്റ് ബോർഡിങ്, ഫെൻസിങ്, ജൂഡോ സംഘങ്ങളും സുവർണ നേട്ടങ്ങളുമായി പിന്തുണയേകി.

Volley team
വനിതാ വോളിബോളിൽ ജേതാക്കളായ കേരള ടീമിന്റെ സെൽഫി.

അത്‍ലറ്റിക്സിലടക്കം കേരളം അവിശ്വസനീയമായി പിന്നാക്കം പോകുന്നതിനു പിന്നിലെ കാരണം സംബന്ധിച്ച അന്വേഷണങ്ങൾക്കോ പരിഹാര നടപടികൾക്കോ സർക്കാർ തലത്തിൽ ശ്രമം തുടങ്ങാത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. സ്കൂൾ, കോളജ് തലങ്ങളിൽ മികച്ച കായികതാരങ്ങളെ കണ്ടെത്ത‍ാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകി വളർത്തിയെടുക്കാനും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നടക്കുന്ന ശ്രമങ്ങൾ വിജയം കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഗെയിംസിൽ വെറും 8 സ്വർണം നേടി 11–ാം സ്ഥാനത്തായിരുന്നു കർണാടക ഇത്തവണ 27 സ്വർണമടക്കം 88 മെഡലുകളുമായി നാലാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. തമിഴ്നാട് എട്ടാം സ്ഥാനത്തു നിന്ന് 73 മെഡലുകളുമായി അഞ്ചാം സ്ഥാനത്തേക്കും ഉയർന്നു.

കിരീടം നിലനിർത്തി സർവീസസ് കരുത്ത്
∙ സജൻ പ്രകാശ് മികച്ച പുരുഷതാരം

അഹമ്മദാബാദ് ∙ ദേശീയ ഗെയിംസ് ഓവറോൾ കിരീടം നിലനിർത്തി സർവീസസ് ടീം. 61 സ്വർണവും 35 വെള്ളിയും 32 വെങ്കലവുമടക്കം 128 മെഡലുകൾ അവർ സ്വന്തമാക്കി. മഹാരാഷ്ട്ര രണ്ടാം സ്ഥാനവും ഹരിയാന മൂന്നാം സ്ഥാനവും നേടി. ഗെയിംസിലെ മികച്ച പുരുഷ താരമായി കേരളത്തിന്റെ സജൻ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. 6 സ്വർണം നേടിയ കർണാടകയുടെ കുട്ടി നീന്തൽതാരം ഹാഷിക രാമചന്ദ്രൻ (14) ആണു മികച്ച വനിതാ താരം. ഗെയിംസിലാകെ പിറന്നത് 5 ദേശീയ റെക്കോർഡുകൾ.

Sajan Prakash
സജൻ പ്രകാശ്

വോളിയിൽ ഇരട്ട സ്വർണം

സൂറത്ത് ∙ തർക്കങ്ങൾക്കു തകർക്കാൻ കഴിയാത്ത മികവുമായി പുരുഷ, വനിതാ ടീമുകൾ പടനയിച്ചപ്പോൾ ഇരട്ട സ്വർണവുമായി കേരളത്തിന്റെ വോളിബോൾ ടീമുകൾ ദേശീയ ഗെയിംസിനു സമാപ്തി കുറിച്ചു. പുരുഷ വിഭാഗത്തിൽ കേരളം തമിഴ്നാടിനെ തോൽപിച്ചാണു കിരീടം നേടിയത് (25–23,28–26,27–25). വനിതാ വിഭാഗത്തിൽ കേരളം ബംഗാളിനെയും തോൽപിച്ചു (25–22, 36–34, 25–19). ടീം തിരഞ്ഞെടുപ്പിന്റെ പേരിൽ വോളിബോൾ അസോസിയേഷനും സ്പോർട്സ് കൗൺസിലും തമ്മിലുള്ള വടംവലി സുപ്രീം കോടതി വരെ എത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}