ബാഡ്മിന്റനിൽ മലയാളി പെൺകുട്ടിക്ക് സ്വർണം; സമ്മാനത്തുക 2.20 കോടി

Mail This Article
റിയാദ്∙ സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റനില്‍ മലയാളി പെണ്‍കുട്ടിക്ക് സ്വര്‍ണ മെഡല്‍. റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസയാണ് ബാഡ്മിന്റൻ മത്സരത്തില്‍ ജേതാവായത്. 2 കോടി 20 ലക്ഷം ഇന്ത്യന്‍ രൂപ ഖദീജക്ക് ക്യാഷ് പ്രൈസായി ലഭിക്കും. വനിതാ സിംഗിള്‍സ് ബാഡ്മിന്റൻ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ കീഴടക്കി സ്വര്‍ണം നേടിയത്. മൂന്നു ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അല്‍ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ വിജയം നേടി.
ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ അല്‍ ഹിലാല്‍ ക്ലബിലെ ഹയ അല്‍ മുദരയ്യയെ 21-11, 21-10 സ്കോറിനാണ് മലയാളി താരം പരാജയപ്പെടുത്തിയത്. സൗദിയില്‍ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സൗദിയിലുളള വിദേശികള്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയുമാണ് റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഖദീജ നിസ.
ഐടി എഞ്ചിനീയര്‍ കൊടുവള്ളി കൂടത്തിങ്ങല്‍ അബ്ദുല്‍ ലത്തീഫിന്റെയും, ഷാനിദയുടെയും മകളാണ് ഖദീജ. സൗദി, ബഹ്റൈന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസ ബാഡ്മിന്റനില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഖദീജയുടെ സഹോദരന് മുഹമ്മദ് നസ്മിയും ബാഡ്മിന്റണില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മലയാള മനോരമ കെഎല്‍ 11 കിസ പേജില്‍ നേരത്തേ ഖദീജ നിസയെ പരിചയപ്പെടുത്തിയിരുന്നു.
English Summary: Kerala student won gold in Saudi national games