ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്: എതിരില്ലാതെ ഉഷ; പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയും

pt-usha
പി.ടി.ഉഷ
SHARE

ന്യൂഡൽഹി ∙ ഇന്ത്യൻ അത്‌ലറ്റിക്സിലെ ഇതിഹാസതാരവും രാജ്യസഭാംഗവുമായ പി.ടി. ഉഷ ഇന്ത്യൻ ഒളിംപിക് അസോസിസേഷൻ (ഐഒഎ) പ്രസിഡന്റാകും. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമായിരിക്കും ഉഷ. ഡിസംബർ 10നു നടക്കേണ്ട തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷയ്ക്ക് എതിരില്ല. പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ  അവസാനിച്ചു. സൂക്ഷ്മപരിശോധന നാളെ നടക്കും. ഡിസംബർ 1 മുതൽ 3 വരെ പിൻവലിക്കാം. 

ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ ഉഷ, 95 വർഷത്തെ ചരിത്രമുള്ള  ഐഒഎയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാകും. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎ പ്രസിഡന്റുമാരായത്. 1938 മുതൽ 1960 വരെ  ഐഒഎ അധ്യക്ഷനായിരുന്ന യാദവീന്ദ്ര സിങ് മഹാരാജാവ് 1934ൽ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ കളിച്ചിരുന്നു എന്നതുമാത്രമാണ് ഇതുവരെയുള്ള ഐഒഎ പ്രസിഡന്റുമാരിലെ ഏക കായികബന്ധം. 

മറ്റ് 4 സ്ഥാനങ്ങളിലേക്കും എതിരില്ലാതെ പത്രിക

ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് പദത്തിനു പുറമേ മറ്റു നാലു സ്ഥാനങ്ങളിലേക്കു കൂടി പത്രിക നൽകിയത് എതിരില്ലാതെ. സീനിയർ വൈസ്പ്രസിഡന്റ്, വൈസ് പ്രസിഡന്റ് (പൊതുവിഭാഗം), ജോയിന്റ് സെക്രട്ടറി (പൊതുവിഭാഗം), ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് ഒരാൾ വീതമാണു പത്രിക നൽകിയത്. വനിതകൾക്കു വേണ്ടി മാറ്റിവച്ചിരിക്കുന്ന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികളിലേക്കു മത്സരമുണ്ട്. എക്സിക്യൂട്ടീവ് കൗൺസിലിലെ 4 സ്ഥാനങ്ങൾക്കായി 12 പേർ പത്രിക നൽകിയിട്ടുണ്ട്.

പ്രസിഡന്റ്, ഒരു സീനിയർ വൈസ് പ്രസിഡന്റ്, 2 വൈസ് പ്രസിഡന്റുമാർ, ട്രഷറർ, 2 ജോയിന്റ് സെക്രട്ടറിമാർ, 6 എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നതാണ് ഐഒഎ ഭരണസമിതി. എക്സിക്യൂട്ടീവ് കൗൺസിലിലെ ആറു പേരിൽ 2 പേർ മുതിർന്ന കായികതാരങ്ങളിൽ നിന്നു നാമനിർദേശം ചെയ്യപ്പെടുന്നവരാണ്.

സീനിയർ വൈസ് പ്രസിഡന്റ് പദവിയിലേക്ക് നാഷനൽ റൈഫിൾ അസോസിയേഷൻ പ്രതിനിധി അജയ് പട്ടേൽ, വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഒളിംപിക് മെഡൽ ജേതാവ് ഗഗൻ നരങ്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ, ട്രഷറർ സ്ഥാനത്തേക്കു റസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റ് സഹദേവ് യാദവ് എന്നിവർ മാത്രമാണു പത്രിക നൽകിയത്.

വനിതകൾക്കു മാറ്റിവച്ച വൈസ്പ്രസിഡന്റ് പദവിയിലേക്ക് രാജലക്ഷ്മി സിങ് ഡിയോ, അളകനന്ദ അശോക് എന്നിവർ പത്രിക നൽകി. വനിതകൾക്കുള്ള ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു ശാലിനി ഠാക്കൂർ, സുമൻ കൗശിക്, അളകനന്ദ അശോക് എന്നിവരാണു മത്സരിക്കുന്നത്. ഒളിംപിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്, ആർച്ചറി താരം ഡോള ബാനർജി എന്നിവരാണു എക്സിക്യൂട്ടീവ് കൗൺസിലിലേക്കു നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന താരങ്ങൾ.

ഡിസംബർ 1 മുതൽ 3 വരെ പത്രിക പിൻവലിക്കാം. അന്തിമ സ്ഥാനാർഥിപ്പട്ടിക 4നു പ്രസിദ്ധീകരിക്കും. രാജ്യാന്തര തലത്തിൽ മികച്ച പ്രകടനം നടത്തിയ 8 പേർ ഉൾപ്പെടെ 77 പേരാണ് ഐഒഎ വോട്ടർ പട്ടികയിലുള്ളത്. പി.ടി. ഉഷ ഉൾപ്പെടെയുള്ളവർ മികച്ച കായികതാരങ്ങളുടെ വിഭാഗത്തിലാണ്. 

English Summary: PT Usha will become Indian Olympic Association President

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS