ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ടം അന്റാർട്ടിക് സമുദ്രത്തിൽ

HIGHLIGHTS
  • കമാൻഡർ അഭിലാഷ് ടോമി മൂന്നാം സ്ഥാനത്ത്
abhilash-tomy
1- അഭിലാഷ് ടോമിയുടെ ബയാനത് പായ്‌വഞ്ചി ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ പിന്നിട്ടപ്പോൾ. 2- കമാൻഡർ അഭിലാഷ് ടോമി
SHARE

മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമി പങ്കെടുക്കുന്ന ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരം ഇന്ത്യൻ മഹാസമുദ്രം പിന്നിട്ട് അന്റാർട്ടിക് സമുദ്രത്തിൽ. 16 പായ്‌വഞ്ചികളുമായി ആരംഭിച്ച മത്സരത്തിൽ ഇപ്പോൾ 9 പേരുടെ വഞ്ചികളാണുള്ളത്. അപകടം ഉൾപ്പെടെയുള്ള കാരണങ്ങളാൽ 7 പേർ പിന്മാറി. നിലവിൽ 3–ാം സ്ഥാനത്താണ് അഭിലാഷിന്റെ വഞ്ചിയായ ബയാനത്. തനിക്കു സുപരിചിതമായ കടലിലൂടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കടന്നുപോയതെന്നും വരും ദിവസങ്ങളിൽ മികച്ച കാറ്റും അനുകൂല ഘടകങ്ങളും ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മുൻ ഇന്ത്യൻ നാവികസേനാംഗമായ അഭിലാഷ് ടോമി ‘മനോരമ’യോടു പറഞ്ഞു.

മത്സരം 85 ദിവസം പിന്നിട്ടു. 210 ദിവസം കൊണ്ടു മത്സരം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് – ഗോൾഡൻ ഗ്ലോബ് റേസ് സംഘാടകർ ഒരുക്കിയ സാറ്റലൈറ്റ് ഫോൺ സംഭാഷണത്തിൽ അഭിലാഷ് പറഞ്ഞു. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ഫിൻലൻഡ് നാവികൻ ടാപ്പിയോ ലീറ്റിനെനിനെ രക്ഷപ്പെടുത്താനുള്ള ഉദ്യമത്തിൽ അഭിലാഷും പങ്കെടുത്തിരുന്നു. വഞ്ചി മുങ്ങിയതിനെത്തുടർന്ന് മണിക്കൂറുകളോളം കടലിൽ കഴിയേണ്ടിവന്ന ടാപ്പിയോയുടെ അരികിലെത്താൻ നിയോഗിക്കപ്പെട്ടവരിൽ ഒരാൾ അഭിലാഷായിരുന്നു.

മത്സരത്തിൽ പങ്കെടുക്കുന്ന ഏക വനിതയായ ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റൻ നോയിഷെയ്ഫറാണ് അപകടസ്ഥലത്ത് ആദ്യമെത്തിയത്. അറുപത്തിനാലുകാരൻ ടാപ്പിയോയെ പിന്നീട് സിംഗപ്പൂർ ചരക്കുകപ്പലായ എംവി ധാര്യഗായത്രിയിലേക്കു മാറ്റി. യുകെയിൽനിന്നുള്ള സൈമൺ കർവെൻ ആണ് മത്സരത്തിൽ നിലവിൽ ഒന്നാം സ്ഥാനത്ത്. കിഴ്സ്റ്റൻ നോയിഷെയ്ഫർ രണ്ടാം സ്ഥാനത്തും. കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോണിൽനിന്ന് മത്സരം ആരംഭിച്ചത്. ഒരിടത്തും നിർത്താതെ, പരസഹായമില്ലാതെ കടലിലൂടെ 48,000 കിലോമീറ്ററോളം ചുറ്റി തുടങ്ങിയിടത്തു തന്നെ തിരികെ എത്തുകയെന്നതാണ് മത്സരം.

English Summary : Golden Globe Yacht Race in Antartic Ocean

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS