ADVERTISEMENT

മലപ്പുറം∙ മുന്‍ ദേശീയ അത്‌ലറ്റ് സ്വര്‍ണ്ണവല്ലി ഇനി കായികക്ഷമതാ പരിശീലക. സര്‍ക്കാര്‍ സേവനത്തില്‍നിന്നു വിരമിച്ച ശേഷമാണ് പുതിയ ജീവിതവേഷത്തിലേക്ക് മാറിയത്. അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം നടത്തുന്ന കോഴ്‌സ് പാസായിട്ടാണ് സ്വര്‍ണ്ണവല്ലി ഫിറ്റ്‌നസ് ട്രെയിനര്‍ ആയത്.

അറുപത്തിരണ്ടുകാരിയായ സ്വര്‍ണവല്ലി മലപ്പുറം ജില്ലയിലെ അരിയല്ലൂരിലാണ് താമസം. വയനാട്ടിലെ വൈത്തിരിയില്‍നിന്നു ദേശീയ കായികതാരമായി വളര്‍ന്ന സ്വര്‍ണ്ണവല്ലി, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. സേവനത്തില്‍നിന്നു വിരമിച്ച് ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫിറ്റ്‌നസ് ട്രെയിനര്‍ ആകാന്‍ തീരുമാനമെടുത്തത്. തീരുമാനം നടപ്പാക്കുകയും ചെയ്തു. മലപ്പുറം അത്താണി, വള്ളിക്കുന്നിലാണ് വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ഫിറ്റ്‌നസ് ജിം എന്ന പേരില്‍ ജിംനേഷ്യം ആരംഭിച്ചത്.

swarnavalli-30-11
സ്വർണവല്ലി

കട്ടപ്പന ഗവ.കോളജിലായിരുന്നു കോഴ്‌സ് പരിശീലനം. പ്രാക്ടിക്കല്‍ പരിശീലനവും ഇന്റേണ്‍ഷിപ്പും ജിംനേഷ്യത്തില്‍. ‘‘അത്‌ലറ്റ് ആയതുകൊണ്ട് തന്നെ ഫിറ്റ്‌നസ് ശ്രദ്ധിക്കേണ്ടതും ഫോം നിലനിര്‍ത്തേണ്ടതും ആവശ്യമായതിനാല്‍ നിത്യേന പരിശീലനം ചെയ്യുമായിരുന്നു. കായിക ക്ഷമതയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ അതിന്റെ കാര്യകാരണങ്ങള്‍ സഹിതം അറിയാനുള്ള ആവേശം ആണ് ഫിറ്റനസ് ട്രെയിനര്‍ ആകാനുള്ള ആഗ്രഹത്തിലേക്ക് എത്തിച്ചത്.’’

അങ്ങനെ സ്വര്‍ണ്ണവല്ലി അസാപ് നടത്തുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിന് ചേര്‍ന്നു. പ്രതിദിന പരിശീലനത്തിന്റെ ഭാഗമായി ചെയ്യുന്ന ഓരോരോ കാര്യങ്ങള്‍ എന്തിന് വേണ്ടിയെണെന്നും എങ്ങനെയാണ് ഫിറ്റ്‌നസ് ട്രെയിനിങ് ചെയ്യേണ്ടത് എന്നും മനസ്സിലാക്കി. ‘‘ഇപ്പോള്‍ ശാരീരിക ക്ഷമതാ പരിശീലനത്തില്‍ കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ട് പോകാന്‍ കഴിയുന്നു. അതുപോലെ സ്‌പോര്‍ട്‌സില്‍ താല്‍പര്യവും അഭിരുചിയും ഉള്ളവരെ കൂടുതല്‍ വ്യക്തതയോടെ പരിശീലിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നുണ്ട്.’’– സ്വര്‍ണ്ണവല്ലി പറയുന്നു.

മികച്ച ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ ശരിയായ വ്യായാമം നല്‍കണം. അതിന് ശാരീരികക്ഷമത സംബന്ധിച്ച ബോധ്യം വേണം. കായിക മേഖലയിലെ കുട്ടികള്‍ക്ക് ഫിറ്റ്‌നസ് ട്രെയിനിങ് നല്‍കുകയാണ് ലക്ഷ്യമെന്നും സ്വര്‍ണ്ണവല്ലി പറഞ്ഞു. ചിട്ടയായി ജീവിക്കാനും ഒരാളെ ട്രെയിന്‍ ചെയ്യിക്കാനും കഴിവുള്ള ഏതൊരാള്‍ക്കും പ്രായഭേദമന്യേ ചെയ്യാന്‍ കഴിയുന്ന ഒരു കോഴ്‌സ് ആണ് ഇത്. വരും തലമുറ വ്യായാമം അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി ആരോഗ്യത്തോടെയിരിക്കാന്‍ സ്വര്‍ണ്ണവല്ലി ആശംസിക്കുന്നു. ഡയറ്റ്, നുട്രീഷന്‍ സംബന്ധിച്ച കോഴ്‌സുകള്‍ കൂടി അസാപ് വഴി ആരംഭിക്കണമെന്നാണ് സ്വര്‍ണ്ണവല്ലിയുടെ ആവശ്യം.

swarnavalli-30-1
സ്വർണവല്ലി

ഫിറ്റ്‌നസ് ട്രെയിനിങ് കോഴ്‌സ് ആരംഭിച്ച ശേഷം മൂന്ന് സുഹൃത്തുക്കളെ കൂടി സ്വര്‍ണ്ണവല്ലി കട്ടപ്പനയില്‍ എത്തിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം എറണാകുളം കടുങ്ങല്ലൂരിലെ ജിംനേഷ്യത്തിലാണ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയത്. 2016ലാണ് സ്വര്‍ണ്ണവല്ലി സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ചത്. സര്‍ക്കാര്‍ സേവന കാലത്തിന് ശേഷം വിവിധ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തിയാക്കി. പോളി ടെക്‌നിക് വിദ്യാഭ്യാസത്തിലൂടെ കംപ്യൂട്ടര്‍ കോഴ്‌സ്, ഫാഷന്‍ ഡിസൈനിങ്, ഡ്രൈവിങ് മുതലായവ ഇതില്‍പ്പെടും.

നിലവില്‍ അത്‌ലറ്റിക്‌സില്‍ ടെക്‌നിക്കല്‍ ഒഫീഷ്യല്‍ കൂടിയാണ് സ്വര്‍ണ്ണവല്ലി. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനവും നല്‍കുന്നുണ്ട്. 2015ല്‍ ഫ്രാന്‍സില്‍ നടന്ന ലോക മീറ്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. ചൈന ആതിഥേയരായ ഏഷ്യന്‍ മീറ്റില്‍ വെങ്കലവും ഉള്‍പ്പെടെ ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് 150ല്‍ അധികം കോഴ്സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്.

English Summary: Former National athlete Swarnavalli Becomes Fitness Trainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com