‘മോനേ ജാവലിൻ പറക്കണം,കണ്ണെത്താ ദൂരത്തേക്ക്’

HIGHLIGHTS
  • ജീവിതത്തിന്റെ വറുതികളിൽ നിന്നും പരുക്കിൽനിന്നും ചാട്ടുളി പോലെ കുതിച്ച വിദ്യാർഥി
asif-javelin-throw
സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടുന്ന മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ പി.സി.ആസിഫ്. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
SHARE

തിരുവനന്തപുരം ∙ കണ്ണെത്താദൂരം ഭേദിക്കുന്ന ജാവലിനിൽ ആസിഫ് തൊടുത്തു വച്ചൊരു സ്വപ്നമുണ്ട്. ജീവിതത്തിന്റെ വറുതികൾക്കു നടുവിലും കായിക ജീവിതത്തിനു പൂർണവിരാമം ആകുമായിരുന്ന പരുക്കുകൾക്കിടയിൽ നിന്നും ആസിഫ് കണ്ട സ്വപ്നം. അതാണ് ഇന്നലെ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ ജാവലിൻ പിറ്റിൽ 55.71 മീറ്റർ ദൂരമെറിഞ്ഞു നേടിയ സ്വർണം. മലപ്പുറം കടകശ്ശേരി ഐഡിയൽ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ ടി.സി.ആസിഫിന് കേൾക്കാൻ മിനുസമായ കഥകളോ ജീവിതമോ കൂടെയില്ല. പിറ്റിന്റെ ഇങ്ങേത്തലയ്ക്കൽ ആസിഫ് ജാവലിൻ ഉന്നം പിടിക്കുമ്പോൾ കാലത്തിന്റെ മറുതലയ്ക്കൽ ഉപ്പ സീതിക്കോയയുടെ സ്വപ്നമുണ്ട്.

അതു നേടിക്കൊടുക്കണമെന്ന ആസിഫിന്റെ വാശിയുടെ മൂർച്ചയുമുണ്ട്. 4 വർഷം മുൻപു ജോലി സ്ഥലത്തു പക്ഷാഘാതം വന്നു തളർന്നു വീണു കിടപ്പിലായ ഉപ്പ പറഞ്ഞ വാക്കുകളാണ്. ‘മോനേ ജാവലിൻ പറക്കണം, കണ്ണെത്താ ദൂരത്തേക്ക്..’ ഉപ്പയുടെ ആ ആഗ്രഹത്തിലും ആസിഫിന്റെ വാശിയിലുമാണു ജാവലിൻ ഇന്നലെ സ്വർണ ദൂരം സഞ്ചരിച്ചത്. കൊണ്ടോട്ടി പാന്നൂരിയാൻപാറയിൽ വീട്ടിൽ സീതിക്കോയയുടെയും ഫൗസിയയുടെയും അഞ്ച് മക്കളിൽ മൂത്തവനാണ് ആസിഫ്. ബാക്കി താഴെക്കുള്ള സഹോരങ്ങളെല്ലാം സ്കൂൾ വിദ്യാർഥികൾ. 

കൂലിപ്പണിക്കാരനായിരുന്ന ഉപ്പ കിടപ്പിലായ ശേഷം ഉമ്മയും ഇൗ അഞ്ച് മക്കളും ചേർന്ന് അടയ്ക്കാ തൊലി കളയുന്ന ജോലി ചെയ്താണു ജീവിതം മുന്നോട്ടു പോകുന്നത്. എങ്കിലും ആസിഫിന്റെ കായിക സ്വപ്നങ്ങൾക്കു തടയിടാതെ വളർത്തി. വീടിനടുത്ത് സ്കൂളിലായിരുന്നു അഞ്ചാം ക്ലാസ് വരെ. ലോംങ്ജംപായിരുന്നു അന്നുമുതൽ ഇഷ്ടം.  2019 സ്കൂൾ മീറ്റിൽ ലോംഗ്ജംപിനിടെ വീണു നടുവിന് പരുക്കേറ്റു. നടുവേദന കടുത്തതോടെ കായിക സ്വപ്നങ്ങൾക്ക് വിരാമം. 2019 സ്കൂൾ മീറ്റിൽ വെറുതേ ജാവലിൻ എറിഞ്ഞു നോക്കി. ഏറിൽ മികവു കണ്ടപ്പോൾ കോച്ച് പറഞ്ഞു ജാവലിൻ നോക്കാം. 2 വർഷത്തെ പരിശീലനം സംസ്ഥാനത്തു സ്വർണം. ദുരിത മിശ്രിതക്കൂട്ട് മാത്രമുള്ള ജീവിതത്തിന്റെ തലവര മാറുന്ന ഉൗർജമുള്ള സ്വർണം.

English Summary : Asif won Gold in Javelin throw by overcoming struggles in life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS