ADVERTISEMENT

തിരുവനന്തപുരം ∙ പെയിന്റിങ് ആണു തൊഴിലെങ്കിലും തന്റെ വീടൊന്നു പെയിന്റടിച്ചു വൃത്തിയാക്കാൻ സുധീരനു കഴിഞ്ഞിട്ടില്ല. പെയിന്റ് പൂശണമെങ്കിൽ ആദ്യം ഭിത്തിയുടെ തേപ്പുപണി തീർക്കണം. ഇതിനൊക്കെ വേണ്ടിവരുന്ന പണത്തിന്റെ പത്തിലൊന്നെങ്കിലും കയ്യിലുണ്ടെങ്കിൽ മകൾക്കു നല്ലൊരു ജോടി സ്പൈക്സ് വാങ്ങി നൽകാമല്ലോ എന്നാണു സുധീരൻ ചിന്തിക്കുക. കഷ്ടപ്പാടറിഞ്ഞു വളർന്ന ആ മകൾ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ പെൺ വിഭാഗം ലോങ്ജംപിൽ സ്വർണമണിഞ്ഞു. നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനി ഇ.എസ്. ശിവപ്രിയയാണ് 5.37 മീറ്റർ ചാടി സ്വർണം നേടിയത്.

ഒരു മുറിയും ഹാളും അടുക്കളയും മാത്രമുള്ള കൊച്ചു വീട്ടിലാണു ചെമ്മാപ്പിന്നി ഇയ്യാനി സുധീരന്റെയും ചാന്ദിനിയ‍ുടെയും 2 പെൺമക്കളുടെയും ജീവിതം. 3 വർഷം മുൻപാണു വീടിന്റെ ഹ‍ാളിന്റെ ഭിത്തി പൊളിച്ചുമാറ്റി ഒരു മുറി കൂട്ടിച്ചേർക്കാൻ പണി തുടങ്ങിയത്. ഭിത്തി കെട്ടിയതോടെ പണികൾ നിലച്ചു. ഭിത്തി തേക്കാനോ പണി തീർക്കാനോ കഴിഞ്ഞില്ല. അത്‍ലറ്റിക്സിൽ ശിവപ്രിയയുടെ താൽപര്യവും കഠിനാധ്വാനവും കണ്ടപ്പോൾ അച്ഛനും അമ്മയും കൂടെനിന്നു. നാട്ടിക സ്പോർട്സ് അക്കാദമിയിൽ കോച്ച് വി.വി. കണ്ണനാണു പരിശീലകൻ. ദിവസവും രാവിലെ വീട്ടിൽ നിന്ന് ഏഴരക്കിലോമീറ്റർ അകലെ പരിശീലന സ്ഥലത്തേക്ക് അച്ഛനും മകളും രണ്ടു സൈക്കിളിൽ പുറപ്പെടും. മകളെ പരിശീലനത്തിനു വിട്ട ശേഷം അച്ഛൻ ജോലിസ്ഥലത്തേക്കു പോകും. കായികമേളയ്ക്കായി ശിവപ്രിയ യാത്ര പുറപ്പെട്ടപ്പോൾ ക‍ൂടെയുണ്ടാകാൻ സുധീരനും ചാന്ദിനിയും കൊതിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു ദിവസത്തെ കൂലി നഷ്ടപ്പെട്ടാൽ പോലും കുടുംബം കഷ്ടപ്പെടുമെന്നതു തന്നെ കാരണം. കുടുംബക്കാരും നാട്ടുകാരുമൊക്കെ പിരിവെടുത്തു വാങ്ങി നൽകിയ സ്പൈക്സ് ഉപയോഗിച്ചാണ് ശിവപ്രിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 5.68 മീറ്ററെന്ന മികച്ച സമയം കുറിച്ചിട്ടുണ്ടെങ്കിലും കണങ്കാലിനേറ്റ പരുക്കിന്റെ വേദന ഇപ്പോഴും അലട്ടുന്നതിനാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്ന വേദനയിലാണു ശിവപ്രിയ.

English Summary: Shivapriya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com