ADVERTISEMENT

ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ എംപി ടോക്കിയോ ഒളിംപിക്സിൽ പരാജയപ്പെട്ട തന്നെ ഓട്ടക്കാലണ എന്നു വിളിച്ച് ആക്ഷേപിച്ചെന്നു ഒളിംപ്യൻ വിനേഷ് ഫോഗട്ടിന്റെ ആരോപണം. മാനസികമായി തളർത്തുന്ന സമീപനമാണ് ഫെഡറേഷനിൽനിന്നു സമീപകാലത്തുണ്ടായതെന്നും ഇതിനുത്തരവാദി പ്രസിഡന്റാണെന്നും അവർ പറഞ്ഞു. ഗുസ്തി താരങ്ങൾക്കു പുറമേ, വനിതാ പരിശീലകർ വരെ ചൂഷണത്തിന് ഇരയായെന്നാണ് അവരുടെ ആരോപണം. വിനേഷ് ഫോഗട്ട് സംസാരിക്കുന്നു.

‘‘ഈ വിഷയം പുതിയതല്ല. ഏറെ നാളായി താരങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇപ്പോഴും തുടരുന്നു. എല്ലാവർക്കുമായി ഞങ്ങൾ ഇപ്പോൾ സംസാരിക്കുന്നു. ഞങ്ങളെ കേൾക്കാൻ ആരുമില്ലാത്ത സ്ഥിതി വന്നപ്പോഴാണ് പരസ്യമായി പറയേണ്ടിവന്നത്.

നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ വിശദീകരിക്കാമോ?

ഫെഡറേഷൻ പ്രസിഡന്റും ചില പരിശീലകരും ലൈംഗികചൂഷണം നടത്തുന്നു. വലിയ അധികാരങ്ങൾ ഉപയോഗിച്ചു ഞങ്ങളുടെ വ്യക്തിജീവിതത്തിൽ അടക്കം കൈകടത്തുകയാണ് അവർ. പ്രതികരിച്ചാൽ സാധ്യമായ എല്ലാ വഴികളിലൂടെയും ഞങ്ങളെ അവഹേളിക്കാനും അവർ ശ്രമിക്കുന്നു. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചു. താരങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഫെഡറേഷൻ പ്രസിഡന്റിനു മാത്രമായിരിക്കും ഉത്തരവാദിത്തം.

കായിക മന്ത്രാലയത്തിൽനിന്ന് സഹായം ലഭിച്ചോ?

ഞങ്ങൾ സർക്കാരിനോ കായിക മന്ത്രാലയത്തിനോ എതിരല്ല. എല്ലാ രീതിയിലും ചൂഷണം ചെയ്യുന്ന സ്ഥിതിയാണ് ബന്ധപ്പെട്ട അധികൃതർക്കുള്ളത്. താരങ്ങൾ ഒളിംപിക്സിനു പോയതു പോലും മതിയായ പിന്തുണയോടെയല്ല. അന്നു ഞങ്ങൾക്കൊപ്പം ഫിസിയോ തെറപ്പിസ്റ്റോ കോച്ചോ ഉണ്ടായിരുന്നില്ല.

പരിശീലകർ നിങ്ങളെ സഹായിച്ചില്ലേ?

കായികതാരങ്ങൾ മാത്രമല്ല, വനിതാ കോച്ചുമാരും ചൂഷണത്തിന് ഇരകളായിട്ടുണ്ട്. ഫെഡറേഷനുള്ളിൽ രണ്ടുതരം കോച്ചുമാരുണ്ട്. ഒന്ന്, ഫെഡറേഷന്റെ തലപ്പത്തിരിക്കുന്നവരുടെ ഇഷ്ടക്കാരും ഏറ്റവും അടുത്ത ആളുകളുമായവർ. മറ്റൊന്ന്, അവഗണിക്കപ്പെട്ടവർ. തലപ്പത്തുള്ളവരുടെ ചൂഷണം കൂടി ഏൽക്കേണ്ടി വരുന്നുവെന്നതാണ് വനിതാ കോച്ചുമാരുടെ പ്രയാസം.

ഇതിന് എന്താണ് പരിഹാരം?

ഫെഡറേഷന്റെ മാനേജ്മെന്റിനെ പൂർണമായും മാറ്റണം. ഞങ്ങൾ ഉന്നയിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അനുകൂല ഇടപെടലാണ് ആഗ്രഹിക്കുന്നത്.

English Summary: Vinesh Phogat Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com