ADVERTISEMENT

കൊച്ചി ∙ വോളിബോൾ താരമായതിനെക്കുറിച്ചു ചോദിച്ചാൽ െപറു ദേശീയ വോളിബോൾ ടീം ക്യാപ്റ്റൻ എഡ്വാർഡോ റോമേ ചിരിക്കും; 200 സെന്റീമീറ്റർ (6 അടി 6 ഇഞ്ച്) ഉയരത്തിൽ നിന്ന്. ‘‘എനിക്കു 14 – 15 വയസ് ഉള്ളപ്പോൾ 192 സെന്റീമീറ്ററായിരുന്നു ഉയരം. ഉയരക്കാർ കുറവായ പെറുവിൽ അത് അസാധാരണം. സ്പോർട്സിൽ ഇറങ്ങാനായിരുന്നു വീട്ടുകാരുടെ നിർദേശം. പലതും പരീക്ഷിച്ചു. രസം തോന്നിയില്ല. അങ്ങനെയിരിക്കെ വോളിബോൾ ടീമിന്റെ കോച്ചിനെ കണ്ടു. അദ്ദേഹം വിളിച്ചതു ദേശീയ ടീമിനൊപ്പം പരിശീലനത്തിന്! അതുവരെ ഒരു അക്കാദമിയിലും ഞാൻ വോളി കളിച്ചിരുന്നില്ല. പിന്നീടു ദേശീയ ടീമിന്റെ ഭാഗമായി. 2017 മുതൽ വിദേശ പ്രഫഷനൽ ക്ലബ്ബുകൾക്കു കളിക്കുന്നു. സൗദി അറേബ്യ, സ്പെയിൻ, ഓസ്ട്രിയ, തുർക്കി. ദാ, ഇപ്പോൾ ഇന്ത്യയിലും!’’ – പ്രൈം വോളി ലീഗിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ക്യാപ്റ്റനാണ് ഓപ്പസിറ്റ് പൊസിഷനിൽ കളിക്കുന്ന ഇരുപത്തിയേഴുകാരൻ റോമേ.  

ഇന്ത്യയെന്നാൽ വൈവിധ്യം

ഞാൻ ആദ്യമായാണ് ഇന്ത്യയിൽ. ഇവിടെ റോഡിലിറങ്ങുമ്പോഴെല്ലാം പരിഭ്രമിച്ചു പോകും. എവിടെ നിന്നൊക്കെയാണു വാഹനങ്ങൾ വരുന്നതെന്നു മനസ്സിലാകില്ല. എന്റെ തലച്ചോറിന് അത്ര വേഗം പോരാ... കേരളീയ രുചികൾക്കു മസാല അൽപം കൂടുതലാണ്. പക്ഷേ, എനിക്ക് ഇഷ്ടമായി. കൂടുതൽ കഴിക്കാൻ തോന്നും! പെറുവിന്റെ രുചികളിൽ ഏറെ അഭിമാനിക്കുന്നവരാണു ഞങ്ങൾ. ലോകത്തെ ഏതു ഭക്ഷണത്തെയും അൽപം വിമർശിക്കുന്നതും പതിവ്. ഇന്ത്യൻ രുചികൾ പക്ഷേ, ഗംഭീരം. 

പ്രൈം വോളി രസകരം

പൂർണമായും വ്യത്യസ്ത അനുഭവമാകും; കളിക്കാർക്കും പ്രേക്ഷകർക്കും. പോയിന്റ് സിസ്റ്റത്തിലും കളി രീതിയിലുമൊക്കെ പരമ്പരാഗത കളിയിൽനിന്നു മാറ്റമുണ്ട്. കളിക്കു വേഗം കൂടുതലാണ്. സ്വാഭാവികമായും അതു കാണികൾക്കു വിരുന്നാകും. ഇന്ത്യൻ വോളിബോളിന്റെ പ്രചാരം വർധിപ്പിക്കാൻ പ്രൈം വോളി സഹായിക്കും. ബ്ലൂ സ്പൈക്കേഴ്സ് മികച്ച ടീമാണ്. നല്ല കോച്ച്, ടീം. ടീമിനു മികച്ച പിന്തുണ നൽകാൻ ആഗ്രഹിക്കുന്നു. 

ഫുട്ബോൾ മാത്രമല്ല, ഇഷ്ടം

വോളി കഴിഞ്ഞാൽ ഇഷ്ട ഗെയിം ഏതെന്നു ചോദിച്ചാൽ പറയുക എളുപ്പമല്ല. പെറുവിൽ ഫുട്ബോൾ വികാരമാണ്. പക്ഷേ, എന്റെ പ്രിയ ഗെയിം ഫുട്ബോൾ മാത്രമല്ല. കരാട്ടെ ഇഷ്ടമാണ്. ബാഡ്മിന്റനും സ്ക്വാഷും അത്‌ലറ്റിക്സും ഇഷ്ടമാണ്. (1980 കളിൽ കൊച്ചിയിൽ നെഹ്റു സ്വർണക്കപ്പ് ഫുട്ബോളിൽ പെറു കളിച്ചിരുന്നുവെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് അതിശയം. ഞങ്ങൾ ജയിച്ചോ തോറ്റോയെന്നു മറുചോദ്യം) 

 

ക്യാപ്റ്റനെന്നാൽ ഉത്തരവാദിത്തം. 

പെറു ടീം ക്യാപ്റ്റനായിട്ടു 4 വർഷമായി. വലിയ െവല്ലുവിളി, അതിലേറെ ഉത്തരവാദിത്തം. ദേശീയ ടീം ക്യാപ്റ്റന്റെ പെരുമാറ്റവും മനോഭാവവും മാതൃകയാകണം. ആ അനുഭവങ്ങൾ ബ്ലൂ സ്പൈക്കേഴ്സിനും ഗുണമാകും. 

English Summary : Eduardo Romay Kochi Blue Spikers captain speaks

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com