ഗുസ്തി വിവാദം: കേന്ദ്രം നിയമിച്ച മേല്‍നോട്ട സമിതിക്കെതിരെ പൂനിയ, സാക്ഷി മാലിക്

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ ബജ്‌രംഗ് പൂനിയ സംസാരിക്കുന്നു
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ ബജ്‌രംഗ് പൂനിയ സംസാരിക്കുന്നു
SHARE

ന്യൂഡൽഹി ∙ ലൈംഗികാരോപണ വിവാദച്ചുഴിയിൽപെട്ട ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ടച്ചുമതലയ്ക്കു കേന്ദ്രം നിയോഗിച്ച സമിതിക്കെതിരെ ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയയും സാക്ഷി മാലിക്കും. സമിതി രൂപീകരിക്കുന്നതിനു മുന്‍പ് താരങ്ങളെ കേള്‍ക്കുമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ഇരുവരും ആരോപിച്ചു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, കായിക മന്ത്രി എന്നിവരെ ടാഗ് ചെയ്ത് നടത്തിയ ട്വീറ്റിലാണ് പൂനിയയും മാലിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘മേൽനോട്ട സമിതി രൂപീകരിക്കും മുൻപ് ഞങ്ങളുമായി ചർച്ച നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. പക്ഷേ, സമിതി രൂപീകരിക്കും മുൻപ് ഞങ്ങളുമായി കൂടിയാലോചന നടത്തിയില്ല എന്നതു ദുഃഖകരമാണ്’ – ടോക്കിയോ ഒളിംപിക്സിലെ മെഡൽ ജേതാവു കൂടിയായ പൂനിയയും സാക്ഷിയും സമാനമായ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.

ബോക്സിങ് താരം എം.സി.മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതിയെയാണ് മേൽനോട്ടത്തിനായി കേന്ദ്രം നിയോഗിച്ചത്. ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും ചില പരിശീലകർക്കുമെതിരായ ലൈംഗികാരോപണങ്ങളെക്കുറിച്ചും സമിതി അന്വേഷിക്കും. 4 ആഴ്ചയ്ക്കകം കായികമന്ത്രാലയത്തിനു റിപ്പോർട്ട് നൽകും.

നേരത്തേ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയോഗിച്ച ഏഴംഗ സമിതിയുടെയും അധ്യക്ഷ മേരി കോം തന്നെയായിരുന്നു. ഗുസ്തിതാരം യോഗേശ്വർ ദത്ത്, ബാഡ്മിന്റൻ താരം തൃപ്തി മുർഗുണ്ടെ, ടാർഗറ്റ് ഒളിംപിക് പോഡിയം സ്കീം ക്യാപ്റ്റൻ രാജഗോപാലൻ, സായ് എക്സിക്യൂട്ടീവ് ഡയറക്ടർ രാധിക ശ്രീമാൻ എന്നിവരാണു സമിതിയിലെ മറ്റംഗങ്ങൾ. ഇടക്കാല നടപടിയെന്ന നിലയിലാണു നിയമനം.

ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പിനായി കേന്ദ്രസർക്കാർ നിയമിക്കുന്ന മേൽനോട്ട സമിതി റിപ്പോർട്ട് നൽകുന്നതുവരെ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ് ചുമതലകളിൽനിന്നു മാറി നിൽക്കും. സമിതി ഭാരവാഹികൾക്കെതിരെയുള്ള ആരോപണങ്ങളിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ടു നൽകും. സമിതിയുമായി സഹകരിക്കുമെന്ന് ബ്രിജ് ഭൂഷൺ സിങ് പറഞ്ഞു.

English Summary: Bajrang Punia, Sakshi Malik express unhappiness over formation of oversight committee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS