ബെയ്ജിങ് ∙ ഈ വർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് റഷ്യ, ബെലാറൂസ് രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾക്ക് ക്ഷണം.
സെപ്റ്റംബർ അവസാനവാരം ആരംഭിക്കുന്ന ഗെയിംസിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് മത്സരാനുമതി നൽകുമെന്ന് സംഘാടകരായ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) അറിയിച്ചു. 2024ലെ പാരിസ് ഒളിംപിക്സിനുള്ള പ്രധാന യോഗ്യതാ മത്സരം കൂടിയാണ് ഏഷ്യൻ ഗെയിംസ്.
വിവിധ യൂറോപ്യൻ രാജ്യങ്ങളിലായി നടക്കുന്ന ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളിൽ നിലവിൽ റഷ്യ, ബെലാറൂസ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒളിംപിക്സ് യോഗ്യത നേടാൻ താരങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഒസിഎ അറിയിച്ചു.
യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയും ബെലാറൂസും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) വിലക്ക് നേരിടുകയാണ്. 2024 ഒളിംപിക്സിൽ ഇരുരാജ്യങ്ങൾക്കും പങ്കെടുക്കാനാകില്ല. എന്നാൽ റഷ്യ, ബെലാറൂസ് കായിക താരങ്ങളെ ഒളിംപിക് പതാകയ്ക്കു കീഴിൽ സ്വതന്ത്ര അത്‌ലീറ്റുകളായി മത്സരിപ്പിക്കുമെന്ന് ഐഒസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
English Summary : Athletes from Russia and Belarus to participate in Asian games