കോട്ടയം ∙ ആകെ താരങ്ങളിൽ മൂന്നിലൊന്നും മലയാളികൾ. മത്സരിക്കുന്ന 8 ടീമുകളിൽ രണ്ടെണ്ണം കേരളത്തിൽനിന്ന്. മത്സരാവേശം നിറയുന്ന രാജ്യത്തെ 3 വേദികളിലൊന്ന് കൊച്ചി. പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സീസണിനു നാളെ തുടക്കമാകുമ്പോൾ കോർട്ടിനകത്തും പുറത്തും നിറയുന്നതു കേരളത്തിന്റെ വോളിബോൾ പെരുമ.
8 ടീമുകളിലായി 112 താരങ്ങൾ അണിനിരക്കുന്ന പ്രൈം വോളിബോൾ ലീഗിൽ ഇത്തവണ 36 മലയാളി താരങ്ങളുണ്ട്. കേരളത്തിന്റെ പ്രിയ ടീമുകളായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കറ്റ് ഹീറോസും പോരാട്ടക്കളത്തിലുണ്ട്. ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ അരങ്ങേറുമ്പോൾ നോക്കൗട്ട് ഉൾപ്പെടെ അവസാന റൗണ്ടിലെ ആവേശപ്പോരാട്ടങ്ങൾക്കു കൊച്ചി വേദിയൊരുക്കും. മത്സരങ്ങൾ സോണി ടെൻ ചാനലിൽ തത്സമയം കാണാം.
പരിശീലകരായി 4 മലയാളികൾ
നാലു ടീമുകളുടെ മുഖ്യ പരിശീലകർ മലയാളികളാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ടോം ജോസഫ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന്റെയും മുൻ ഇന്ത്യൻ താരം കിഷോർ കുമാർ കാലിക്കറ്റ് ഹീറോസിന്റെയും മുഖ്യ പരിശീലകരാണ്. മുൻ ഇന്ത്യൻ പരിശീലകൻ സണ്ണി ജോസഫാണ് മുംബൈ മെറ്റിയോസിന്റെ ചീഫ് കോച്ച്.
മുൻ കേരള പരിശീലകൻ എസ്.ടി.ഹരിലാലാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ ഒരുക്കുന്നത്.കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ പരിശീലക സംഘത്തിൽ 3 മലയാളികൾകൂടിയുണ്ട്. ബോബി സേവ്യർ, സജീവ് പി.വാസു എന്നിവർ സഹപരിശീലകരും ബിജോയ് ബാബു ടെക്നിക്കൽ ഡയറക്ടറുമാണ്. മലയാളിയായ ലക്ഷ്മി നാരായണൻ കാലിക്കറ്റിന്റെയും ലിജോ ജോസഫ് ബെംഗളൂരുവിന്റെയും സഹപരിശീലകരാണ്.
24
പ്രൈം വോളിയിൽ കൊച്ചിയിലെ മത്സരങ്ങൾ ഫെബ്രുവരി 24 മുതൽ
2
കേരളത്തിന് 2 ടീം
36
ലീഗിൽ 36 മലയാളി താരങ്ങൾ
7
കൂടുതൽ മലയാളി താരങ്ങൾ കൊച്ചി ടീമിൽ; 7 പേർ
13
അഹമ്മദാബാദിന്റെ ഷോൺ ടി.ജോണാണ് വിലയേറിയ മലയാളിതാരം. 13 ലക്ഷമാണ് പ്രതിഫലം.
English Summary : Prime volley ball season two From Feb 04