ADVERTISEMENT

ബെംഗളൂരു ∙ പ്രഫഷനൽ വോളിബോളിന്റെ ആവേശപ്പോരാട്ടങ്ങൾക്ക് ഇന്നു പന്തുയരും. പ്രൈം വോളിബോൾ ലീഗ് രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത തണ്ടർബോൾട്ട്സും ആതിഥേയരായ ബെംഗളൂരു ടോർപിഡോസും. ബെംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് ഉദ്ഘാടന മത്സരം. കേരളത്തിൽ നിന്നുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കറ്റ് ഹീറോസും ഉൾപ്പെടെ 8 ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിലെ മത്സരങ്ങൾ സോണി ടെൻ ചാനലുകളിൽ തത്സമയം കാണാം. സോണി ടെൻ 2ൽ മലയാളം കമന്ററിയുമുണ്ട്. 

ഹൈദരാബാദ് ബ്ലാക് ഹോക്സ്, മുംബൈ മെറ്റിയോസ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ചെന്നൈ ബ്ലിറ്റ്സ് എന്നിവയാണ് ലീഗിലെ മറ്റു ടീമുകൾ. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ വേദികളിലായാണ് മത്സരങ്ങൾ. 12 വരെയാണ് ബെംഗളൂരുവിലെ മത്സരങ്ങൾ. തുടർന്ന് ലീഗ് ഹൈദരാബാദിലേക്കു മാറും. പ്രൈം വോളിയിലെ അവസാന ഘട്ട പോരാട്ടങ്ങൾക്ക് ഫെബ്രുവരി 24 മുതൽ കൊച്ചി വേദിയൊരുക്കും. ലീഗ് ഘട്ടത്തിലെ അവസാന 8 മത്സരങ്ങൾക്കു പുറമേ സെമിയും ഫൈനലും കൊച്ചിയിലാണ്. മാർച്ച് അഞ്ചിനാണ് കലാശപോരാട്ടം. 8 ടീമുകൾ പരസ്പരം മത്സരിക്കുന്ന ലീഗ് റൗണ്ടിൽ നിന്ന് മികച്ച 4 ടീമുകൾ സെമിയിലേക്കു മുന്നേറും. 

വെനസ്വേലയുടെ ഒളിംപിക്സ് ടീമംഗം ജോസ് വെർഡി (കൊൽക്കത്ത), പെറു ദേശീയ ടീം ക്യാപ്റ്റൻ എഡ്വാർഡോ റോമെയ് (കൊച്ചി), ഓസ്‌ട്രേലിയൻ ദേശീയ ടീമംഗം ട്രെന്റ് ഒഡിയ (ഹൈദരാബാദ്) എന്നീ വിദേശ താരങ്ങളുടെ സാന്നിധ്യമാണ് ഇത്തവണ ലീഗിന്റെ പ്രധാന ആകർഷണം. ഓരോ ടീമിലും 2 വിദേശ താരങ്ങൾ വീതമുണ്ട്. ലീഗിലെ ആകെയുള്ള 112 കളിക്കാരിൽ 36 പേരും മലയാളികളാണ്.

English Summary: Prime Volleyball second season from today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com