കണ്ണൂർ∙ നഗരത്തെ ലോകപ്രശസ്തിയിലേക്കുയർത്തിയ കണ്ണൂർ ‘ബീച്ച് റൺ’ മാരത്തൺ വീണ്ടുമെത്തുന്നു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ആറാമത്തെ മാരത്തണാണിത്. മുംബൈ റണ്ണിൽ പങ്കെടുക്കുന്ന രാജ്യാന്തര മാരത്തൺ റണ്ണർമാരും പയ്യാമ്പലത്തെത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നു കഴിഞ്ഞ 3 വർഷം മാരത്തൺ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. മലയാള മനോരമയാണു മീഡിയ പാർട്ണർ.
ഫെബ്രുവരി 26ന് നടക്കുന്ന ബീച്ച് റണ്ണിൽ എലീറ്റ് ഇന്റർനാഷനൽ (10 കിലോമീറ്റർ), അമച്വർ (10 കി.മീ), വെറ്ററൻസ് (10 കി.മീ), ഹെൽത്ത് റൺ (3 കി.മീ), ചേംബർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള മെംബേഴ്സ് ആൻഡ് ഫാമിലി റൺ (10 കി.മീ), ഫൺ റൺ (3 കി.മീ) വിഭാഗങ്ങളാണുണ്ടാവുക. എലീറ്റ് വിഭാഗത്തിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്ക് 50,000 രൂപ, 25,000 രൂപ, 10,000 രൂപ വീതം സമ്മാനത്തുക ലഭിക്കും. അമച്വർ : യഥാക്രമം 25,000 രൂപ, 15,000 രൂപ, 5,000 രൂപ. വെറ്ററൻസ് 25000 രൂപ, 15,000 രൂപ, 5000 രൂപ. ഹെൽത് റൺ – 5,000 രൂപ, 2500 രൂപ, 1000 രൂപ. ആദ്യത്തെ 3 വിഭാഗങ്ങളിലും 600 രൂപയും മറ്റു വിഭാഗങ്ങളിൽ 400 രൂപയുമാണു റജിസ്ട്രേഷൻ ഫീസ്. റജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ടി ഷർട്ടും സ്ട്രിങ് ബാഗും നൽകും. ഇത്തവണ 2000ൽ പരം പേർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബീച്ച് റൺ ചെയർമാൻ എ.കെ.റഫീക് പറഞ്ഞു. 3.67 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. റജിസ്ട്രേഷന് ക്ലിക്ക് ചെയ്യൂ...
English Summary: Kannur Beach Marathon