പത്തു വർഷത്തോളം തുടർച്ചയായി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗമായിരുന്നു യു.ഷറഫലി. 5 തവണ നെഹ്‌റു കപ്പിലും 3 തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഷറഫലി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള പൊലീസ് ടീമുകളിലൂടെയാണ് ശ്രദ്ധേയനായത്. കളിക്കളത്തിൽ ഡിഫൻഡറായിരുന്നു. 9 തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും 2 തവണ ദേശീയ ഗെയിംസിലും കളിച്ചു.
ആർആർഎഫ് കമൻഡാന്റായി വിരമിച്ച ശേഷം പരിശീലകനും സംഘാടകനുമായി തുടരുന്നതിനിടെയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഷറഫലിയെ തേടിയെത്തുന്നത്. ഷറഫലി സംസാരിക്കുന്നു...
ഈ അവസരത്തെ എങ്ങനെ കാണുന്നു ?
വളരെ സന്തോഷം. ഈ ഉത്തരവാദിത്തം എന്നെ ഏൽപിച്ചതിൽ സംസ്ഥാന സർക്കാരിനോടു നന്ദി പറയുന്നു. സർക്കാരിന്റെ നയങ്ങൾക്ക് അനുസരിച്ച് കേരളത്തിന്റെ കായിക രംഗത്തെ വളർത്താൻ ഞാൻ പരമാവധി ശ്രമിക്കും.
എന്തൊക്കെ മാറ്റങ്ങളാണ് ആഗ്രഹിക്കുന്നത് ?
സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തന രീതിയൊക്കെ കൃത്യമായി മനസ്സിലാക്കിയതിനുശേഷം പോസിറ്റീവ് ആയ ഇടപടലുകൾ നടത്തണമെന്നാണ് ആഗ്രഹം. സംസ്ഥാനത്തെ പല കായിക സംഘടനകളും വിഘടിച്ചു നിൽക്കുകയാണെന്നു തോന്നിയിട്ടുണ്ട്. ഇവരെയെല്ലാവരെയും ഒന്നിപ്പിച്ച് കൂട്ടായ ഒരു മുന്നേറ്റം നടത്തണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള ശ്രമങ്ങളുണ്ടാകും.
English Summary: Kerala Sports Council President U. Sharafali talks to Manorama