ജയസൂര്യയോട് സഞ്ജു: ‘ഞാനും ആരാധകൻ’
Mail This Article
സനത് ജയസൂര്യയോടുള്ള ആരാധന അഭിമാനത്തോടെ പങ്കുവച്ച് സഞ്ജു സാംസൺ. സഞ്ജുവിന്റെ ബാറ്റിങ് മികവിനെ പ്രകീർത്തിച്ച് ജയസൂര്യ. മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാര വേദിയിൽ ജയസൂര്യയും സഞ്ജുവും തമ്മിൽ നടത്തിയ സംഭാഷണം ഇങ്ങനെ:
സഞ്ജു: ജയസൂര്യ സർ, ഞങ്ങളെല്ലാവരും താങ്കളുടെ ആരാധകരാണ്. താങ്കളുടെ ബോളിങ് ആക്‌ഷൻ അനുകരിക്കാത്ത മലയാളികളുണ്ടാകില്ല.
ജയസൂര്യ: സഞ്ജുവിനെ കാണാനിടയായതിൽ സന്തോഷം. ഐപിഎലിൽ നന്നായി കളിക്കാൻ കഴിയട്ടെ. സഞ്ജു മികച്ച കളിക്കാരനാണ്. ഇനിയുമേറെ ദൂരം പോകാൻ കഴിയും. ഐപിഎലിലും ഇന്ത്യൻ ടീമിനു വേണ്ടിയും നന്നായി കളിക്കണം. എല്ലാ ആശംസകളും നേരുന്നു.
സഞ്ജു: ജയസൂര്യ സർ, താങ്കളുടെ വളരെയടുത്താണ് ഞാൻ താമസിക്കുന്നത്. വിഴിഞ്ഞത്താണ് എന്റെ വീട്. കടലിലൂടെ കുറച്ചുനേരം സഞ്ചരിച്ചാൽ എത്താവുന്നിടത്താണു താങ്കളുടെ വീട്. അവിടെ എത്താനും താങ്കളെ കാണാനും ആഗ്രഹമുണ്ട്.
ജയസൂര്യ: തീർച്ചയായും വരൂ. നിങ്ങൾക്കെപ്പോഴും സ്വാഗതം. നേരിൽ കാണാൻ എനിക്കും ആഗ്രഹമുണ്ട്. മുന്നോട്ടുള്ള നിങ്ങളുടെ യാത്ര തുടരൂ. വലിയ വിജയങ്ങൾ ഇനിയും താങ്കളെ കാത്തിരിക്കുന്നുണ്ട്.
English Summary : I am also Sanath Jayasuriya's fan says sanju samson