വീണ്ടുമൊരു സമനില

chess
SHARE

പിന്നീട് പശ്ചാത്തപിക്കേണ്ട സാഹസികതകൾക്കു മുതിരാതെ റഷ്യൻ താരം യാൻ നീപോം നീഷി; തല മറന്ന് എണ്ണ തേയ്ക്കാതെ ചൈനീസ് താരം ഡിങ് ലിറൻ. കസഖ്സ്ഥാനിലെ അസ്താനയിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇരുവരും കരുതലോടെ കളിച്ചപ്പോൾ പതിനൊന്നാം റൗണ്ടിൽ സമനില. ഇതോടെ നീപ്പോ ഒരു പോയിന്റ് ലീഡ് നിലനിർത്തി(6–5). ഇന്നു കളിയില്ല. 12–ാം റൗണ്ട് നാളെ നടക്കും.

14 റൗണ്ടുകളുള്ള ചാംപ്യൻഷിപ്പിൽ പുതിയ ലോക ചെസ് ചാംപ്യനെ കണ്ടെത്താൻ ഇനി മൂന്നു റൗണ്ട് മാത്രം ബാക്കി. പ്രിയപ്പെട്ട റുയ്‌ലോപസ് പ്രാരംഭത്തിൽതന്നെയായിരുന്നു നീപ്പോയുടെ തുടക്കം. കറുത്ത കരുക്കളുമായി കളിച്ച ഡിങ് 15ാം നീക്കത്തിൽ സി 4 കളത്തിലേക്കു കാലാളെ തള്ളി കളിയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമം നടത്തി. 19–ാംനീക്കത്തിൽ രാജ്ഞിയെ ഇ2 കളത്തിൽ വിന്യസിച്ച് നേരിയ മുൻതൂക്കം നിലനിർത്തമായിരുന്ന നീപ്പോ പകരം സി 4 കളത്തിലെ കാലാളെ വെട്ടിമാറ്റിയപ്പോൾ കരുനില തുല്യനിലയിലായി.

 തോൽവി ഏറ്റുവാങ്ങുന്നതിനു താൽപര്യമില്ലെന്ന നിലപാടിലായിരുന്നു നീപ്പോ. ജയത്തിനുള്ള വഴികൾ തേടാതെ നീപ്പോ കരുക്കൾ നീക്കിയപ്പോൾ ഫലം  വ്യക്തമായിരുന്നു. കരുക്കൾ വെട്ടിമാറ്റി സമ്മർദം ലഘൂകരിച്ച നീപ്പോ 39 നീക്കത്തിൽ ലക്ഷ്യം നേടി.

ഇനി 3 കളികളിൽ രണ്ടിൽ ഡിങ് ലിറനാണ് വെള്ളക്കരു. ഒരു പോയിന്റ് ലീഡ് നിലനിർത്താൻ നീപ്പോയും  വിജയം നേടി തിരിച്ചുവരാൻ ഡിങ്ങും ഇറങ്ങുമ്പോൾ ഇനിയുള്ള കളികൾ ആവേശകരമാകും.

English Summary: Another draw in world chess championship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS