ADVERTISEMENT

ഞാനൊരു തുരങ്കത്തിലായിരുന്നു. എഫ് 1 സർക്യൂട്ട് ഉടനീളം ഒരു തുരങ്കം പോലെ. ഞാൻ വേഗം നേടിക്കൊണ്ടേയിരുന്നു. വീണ്ടും വീണ്ടും അതിവേഗം! ഞാൻ പരിധിക്കു മീതെയായിരുന്നു. എന്റെ വേഗത്തിന് പരിധിയില്ലായിരുന്നു....

1978.

പതിനെട്ട് വയസ്സുള്ള ബ്രസീലിയൻ അയർട്ടൻ സെന്ന ഗോ കാർട്ടിങ്ങിന് യൂറോപ്പിലെത്തുന്നു. ദ്രുതവേഗ ദിനങ്ങളുടെ അന്ത്യത്തിൽ, റേസിങ് തന്റെ വിളിയാണെന്ന തിരിച്ചറിവുണ്ടായി. ‘‘ഇതാണവന്റെ വഴിയെങ്കിൽ തടയില്ല’’ - അച്ഛൻ പറഞ്ഞു. ‘‘അവൻ അതിവേഗം പായുമ്പോൾ ഭയമുണ്ട്, ദൈവം തുണയാകട്ടെ’’ - അമ്മ ആശ്വസിച്ചു. സെന്ന വേഗത്തിൽ വളർന്നു. 1981 ൽ ഓപ്പൺ വീൽ റെയ്സ്, 1983 ൽ ബ്രിട്ടിഷ് ഫോർമുല 3 കിരീടം, 1984 ൽ ഇരുപത്തിനാലാം വയസ്സിൽ ഫോർമുല വൺ അരങ്ങേറ്റം - പത്തു വർഷം എഫ്-1 കാറിന്റെ വേഗത്തിൽ കടന്നു പോയി. 1994 ൽ ഇറ്റലിയിലെ സാൻ മാരിനോ ഗ്രാൻഡ് പ്രീയിൽ ലീഡ് ചെയ്യുമ്പോൾ, വളവിൽ നിയന്ത്രണം വിട്ട് റിട്ടെയിനിങ് വോളിൽ ഇടിച്ച കാർ തകർന്നു മരിച്ചു. 2014 ൽ, മരണത്തിന്റെ ഇരുപതാം വാർഷികത്തിൽ ഇതിഹാസത്തിന് അഞ്ജലി അർപ്പിക്കാൻ സാൻ മാരിനോയിലെ ട്രാക്ക് ഏതാനും ദിവസത്തേക്ക് കാണികൾക്കായി തുറന്നു. സർക്യൂട്ടിലെ പ്രമുഖർ സെന്നയെ പുകഴ്ത്തി. 2019 ൽ, വേർപാടിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ, ഏഴു തവണ ചാംപ്യനായ ലൂയിസ് ഹാമിൽട്ടൺ, തന്റെ മാതൃകാപുരുഷനാണു സെന്നയെന്ന് എഴുതി - ‘‘അഞ്ചാം വയസ്സു മുതൽ സെന്നയുടെ റേസിങ് കണ്ടു, അഞ്ചു വർഷത്തിനു ശേഷം അദ്ദേഹം മറഞ്ഞു.’’പക്ഷേ തലമുറകൾക്കിപ്പുറവും ട്രാക്കിൽ അനശ്വരൻ.

1994 സാൻ മറീനോ ഗ്രാൻഡ് പ്രീയിൽ കാറോടിക്കുന്ന അയര്‍ട്ടൻ സെന്ന. Photo: AFP
1994 സാൻ മറീനോ ഗ്രാൻഡ് പ്രീയിൽ കാറോടിക്കുന്ന അയര്‍ട്ടൻ സെന്ന. Photo: AFP

അയർട്ടൻ സെന്ന: റേസ് 162, വിജയം 41

പോഡിയം ഫിനിഷ് 80, പോൾ പൊസിഷൻ 65, ലോക കിരീടം 3. എഫ്-1 സർക്യൂട്ടിലെ ഡ്രൈവർമാരും കാണികളും വോട്ട് ചെയ്യുന്ന മോട്ടർ സ്പോർട് പോളുകളിൽ സെന്നയാണ് ഏറ്റവും മികച്ചത്, ഷൂമാക്കർ രണ്ടാമത്, ഫാൻഗിയോ മൂന്നാമത്, അലെയ്ൻ പ്രോസ്റ്റ് നാലാമത്. കണക്കുകളിൽ ഷൂമാക്കറെ വെല്ലാനാകില്ല; ഇപ്പോൾ ഹാമിൽട്ടണെയും. ഏറ്റവും സ്ഥിരത അവർക്കാണ്. പക്ഷേ സംഖ്യകൾ എപ്പോഴും മഹത്വത്തിന്റെ വിശ്വസനീയമായ അളവുകോലല്ല. സെന്നയാണ് പൂർണതയുള്ള ഡ്രൈവർ എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു.

കരിയറിന്റെ ആദ്യവർഷങ്ങളിൽ ടോൾമാൻ-ഹാർട്ട്, ലോട്ടസ്-റിനോ എന്നീ നിർമാതാക്കളുടെ കാറുകളിൽ ഗ്രാൻഡ് പ്രീ വിജയങ്ങൾ നേടിയ സെന്ന, 1988 ൽ ഫ്രഞ്ചുകാരൻ അലെയ്ൻ പ്രോസ്റ്റുമായി മക്‌ലാരൻ-ഹോണ്ടയിൽ സഖ്യം സ്ഥാപിച്ചതോടെ, എഫ്-1 ചരിത്രത്തിലെ ഏറ്റവും വലിയ പോരിന് കളമൊരുങ്ങി. ടീം മേറ്റ് എന്നു പറയാം, പക്ഷേ ട്രാക്കിൽ അവർ എതിരാളികൾ. പ്രോസ്റ്റ് ഇതിനകം നെൽസൺ പിക്വെ, നൈജൽ മാൻസൽ, നിക്കി ലോദ എന്നീ ഉശിരൻ സാരഥികളുമായി പോരടിച്ചു കഴിഞ്ഞു.

രണ്ടു ലോകകിരീടവും സ്വന്തം- 1985, 86. 1984 ലെ മൊണൊക്കോ റെയ്സിൽ സെന്നയും പ്രോസ്റ്റും ലോദയും ഒരുമിച്ച് മൽസരിച്ചിട്ടുണ്ട്. ‘പ്രഫസർ’ എന്ന വിളിപ്പേരുള്ള പ്രോസ്റ്റ് വികാരത്തിന് കീഴ്പ്പെടാതെ, സൂക്ഷ്മതയും വേഗവും ഒരുപോലെ ഉപയോഗിക്കുന്ന ബുദ്ധിമാനായ ഡ്രൈവറാണ്. സെന്നയുടെ വരവ് പ്രോസ്റ്റിനെ വേറൊരു തലത്തിലേക്ക് ഉയർത്തി. കായിക മേഖലയിലെ വിപരീതദ്വന്ദങ്ങൾ പ്രസിദ്ധമാണ്. എല്ലാ കാലത്തും അതുണ്ട്. രണ്ടു തരം വ്യക്തിത്വങ്ങളും കേളീ ശൈലികളും മാറ്റുരയ്ക്കുന്ന, അങ്ങേയറ്റം മൽസരം നിറഞ്ഞ തട്ടകം. പ്രത്യക്ഷത്തിൽ ശത്രുവെന്നു തോന്നാം, പക്ഷേ പരസ്പരം വെല്ലുവിളിച്ച് അവർ തങ്ങളുടെ അജ്ഞാതമായ ആഴങ്ങളും ഉയരങ്ങളും കണ്ടെത്തും.

സാവോ പോളോയിലെ അയര്‍ട്ടന്‍ സെന്നയുടെ പ്രതിമ. Photo: MAURO PIMENTEL / AFP
സാവോ പോളോയിലെ അയര്‍ട്ടന്‍ സെന്നയുടെ പ്രതിമ. Photo: MAURO PIMENTEL / AFP

1988 ൽ സെന്ന ലോകജേതാവായി. 1989 ൽ പ്രോസ്റ്റ്, 1990 ലും 91 ലും സെന്ന. 93 ൽ പ്രോസ്റ്റ്. സുഹൃത്തുക്കളായി തുടങ്ങിയ അവർ ശത്രുക്കളായി, ശത്രുത ട്രാക്കിൽ കൊണ്ടു വന്നു. എഫ്-1 രാഷ്ട്രീയവും അധികാരവും പ്രോസ്റ്റിന് അനുകൂലമെന്ന് സെന്ന ആരോപിച്ചു. പ്രോസ്റ്റിന്റെ നാട്ടുകാരനായ എഫ്-1 അധികാരി ഷാങ് മാരീ ബാലെസ്ട്രയുമായി സെന്ന ഉടക്കി– നിയമങ്ങൾ തനിക്കെതിരെ ഉപയോഗിക്കുന്നു! 1989 ലും 90 ലും ജാപ്പനീസ് ഗ്രാൻപ്രീയിൽ, ലോകകിരീട പോരാട്ടത്തിന്റെ അവസാന ലാപ്പിൽ സെന്നയുടെയും പ്രോസ്റ്റിന്റെയും കാറുകൾ ഉരസി. 89 ൽ പ്രോസ്റ്റിനെയും 90 ൽ സെന്നയെയും വിജയിയായി പ്രഖ്യാപിച്ചു. ട്രാക്കിൽ ഒടുങ്ങാത്ത വിജയദാഹിയായിരുന്നു വേഗത്തെ പ്രണയിച്ച, നിർഭയനായ സെന്ന. പക്ഷേ കൊടുമുടി കയറാൻ സഹായിച്ച അതേ ഗുണങ്ങൾ ജീവനെടുത്തു. സെന്നയുടെ ഡ്രൈവിങ് അപകടകരമാണെന്ന് പ്രോസ്റ്റ് ആരോപിച്ചിരുന്നു: ‘‘അയാൾ സ്വജീവനും അപരന്റെ ജീവനും അപകടത്തിലാക്കുന്നു.’’പിന്നീട് ഷൂമാക്കറും ഈ പഴി കേട്ടു. (‘ടോപ് ഗൺ’ സിനിമയിൽ ടോം ക്രൂസിന്റെ മാവെറിക്കിനെ പറ്റി ടീം അംഗങ്ങൾ പരാതി പറയുന്നു: ‘‘അയാൾ അപകടകാരിയായ പൈലറ്റാണ്!’’ അപ്പോൾ കമാൻഡിങ് ഓഫിസർ ചോദിക്കുന്നു: ‘‘പോരിനു നടുവിൽ നിങ്ങൾ ആരെ കൊണ്ടുപോകും? അപകടകാരിയേയോ സുരക്ഷിതനേയോ?’’). സെന്ന പറഞ്ഞു: ‘‘ട്രാക്കിലെ ഒരു ഗ്യാപ് മുതലാക്കുന്നില്ലെങ്കിൽ നിങ്ങളൊരു റെയ്സ് കാർ ഡ്രൈവറല്ല.’’

നനഞ്ഞ ട്രാക്കിന്റെ രാജാവായിരുന്നു സെന്ന. മഴ പെയ്ത് മൂടൽമഞ്ഞിന്റെ നേർത്ത പാളിയുള്ള ടാർമാക്കിൽ അയാളോട് മൽസരിക്കാൻ ആരുമില്ലായിരുന്നു.സാഹസത്തെ പുൽകി മരണവുമായി നടത്തുന്ന ഓട്ടപ്പന്തയം. അടിയുറച്ച ക്രിസ്തു മതവിശ്വാസി, പക്ഷേ ട്രാക്കിൽ മതചിഹ്നങ്ങൾ ധരിക്കില്ല. വിശ്വാസം മനുഷ്യന് അനശ്വരത നൽകില്ലെന്നു സെന്നയ്ക്ക് അറിയാമായിരുന്നു: ‘‘ഞാനൊരു വിശ്വാസിയാണ്, പക്ഷേ അതിനർഥം ഒരിക്കലും അപകടമുണ്ടാകില്ല എന്നല്ല, ഞാനൊരിക്കലും മരിക്കില്ല എന്നല്ല’’ ദൈവത്തെ അയാൾ തന്റെയുള്ളിൽ സ്പന്ദിക്കുന്ന ഊർജമായി കണ്ടിരിക്കാം. ‘‘മികവ് വർധിപ്പിക്കാൻ ശ്രമിക്കുന്തോറും ഞാനെന്നെ കണ്ടെത്തുന്നു. പിന്നീടറിഞ്ഞു, ഞാനല്ല കാർ നിയന്ത്രിക്കുന്നത്, എന്റെ ആത്മചോദനയാണെന്ന്; അപ്പോൾ ഞാൻ മറ്റേതോ തലത്തിലായിരുന്നു.’’

സാവോ പോളോയിൽ സെന്ന അന്ത്യവിശ്രമം കൊള്ളുന്ന ഇടം സന്ദർശിക്കുന്ന ആളുകൾ. Photo: AFP / NELSON ALMEIDA
സാവോ പോളോയിൽ സെന്ന അന്ത്യവിശ്രമം കൊള്ളുന്ന ഇടം സന്ദർശിക്കുന്ന ആളുകൾ. Photo: AFP / NELSON ALMEIDA

ട്രാക്കിനു തീപിടിച്ച റെയ്സുകൾ:

1. 1984 ൽ ഇംഗ്ലണ്ടിലെ സിൽവർസ്റ്റൺ ഗ്രാൻഡ് പ്രീ. അറ്റാക്കിങ് ഡ്രൈവിങ്ങിനു പേരു കേട്ട സെന്ന ഡിഫൻസിലും പിന്നിലല്ലെന്നു തെളിയിച്ച മൽസരം. പ്രധാന എതിരാളി പ്രോസ്റ്റിനെ ആറു ലാപ്പിൽ ഉടനീളം സെന്ന പ്രതിരോധിച്ചു, പിന്നീട് കരിയറിൽ പ്രോസ്റ്റിനെ ഏറെ അസ്വസ്ഥനാക്കിയ ടെക്നിക്.

2. 1986-സ്പെയിനിലെ ഹെരാത്ത് സർക്യൂട്ടിലെ ആദ്യ റെയ്സ്. ലീഡ് ചെയ്ത സെന്നയെ നൈജൽ മാൻസൽ പിന്തുടർന്നു പിടിക്കുന്നു, സെന്നയുടെ ഡിഫൻസ് ഡ്രൈവ്. ഫിനിഷിങ് പോയിന്റ് അടുക്കുന്നു, കുതിച്ചു കയറാൻ തുടങ്ങി മാൻസൽ, വിട്ടു കൊടുക്കാതെ സെന്ന. ഫോട്ടോ ഫിനിഷിൽ സെന്ന ജേതാവ്. സെക്കൻഡിന്റെ 14000 ൽ ഒരംശം മുന്നിൽ. എഫ്-1 ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഫിനിഷ്.

സെന്നയുടെ കാർ അപകടത്തിൽപെട്ട സ്ഥലത്ത് ആദരാഞ്ജലി അര്‍പ്പിക്കുന്ന സ്ത്രി. Photo: AFP / ANDREAS SOLARO
സെന്നയുടെ കാർ അപകടത്തിൽപെട്ട സ്ഥലത്ത് ആദരാഞ്ജലി അര്‍പ്പിക്കുന്ന സ്ത്രി. Photo: AFP / ANDREAS SOLARO

3. 1988-ലെ ജാപ്പനീസ് ഗ്രാൻഡ് പ്രീ.

സെന്ന ആദ്യ ലോകകിരീടത്തിന് തൊട്ടരികിൽ, മറികടക്കാനുള്ളത് പ്രോസ്റ്റിനെ. റേസ് തുടങ്ങി വൈകാതെ സെന്ന ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയം അന്യമാകുമെന്നു കണ്ട സെന്നയുടെ ഡെയർ ഡെവിൾ റെയ്സ് -  ഇരുപത് ലാപ്പിൽ നാലു പേരെ മറികടന്ന സെന്ന പ്രോസ്റ്റിനു പിന്നിൽ, അവിടന്നങ്ങോട്ട് അവർ തമ്മിൽ. കിരീടത്തിൽ മുത്തമിട്ടത് സെന്ന. പോഡിയം കയറുമ്പോൾ, തോളിലെ വലിയൊരു ഭാരമൊഴിഞ്ഞു.

4. 1994, സാവോ പോളോ. സ്വന്തം നാട്ടിൽ ഇതുവരെ വിജയിക്കാത്ത സെന്നയുടെ അവസാന അവസരം. സമ്മർദ്ദം, പ്രതീക്ഷ, പെയ്യാൻ നിൽക്കുന്ന മഴമേഘങ്ങൾ. ആറ് ലാപ്പ് ബാക്കിയുള്ളപ്പോൾ ട്രാക്കിൽ ഇരുൾ മൂടാൻ തുടങ്ങി. മക്‌ലാരൻ കാറിന്റെ അഞ്ചു ഗിയറും പരാജയപ്പെട്ടു, ആറാമത്തെ ഗിയറിൽ പാഞ്ഞ് ലക്ഷ്യം തൊട്ടു. മാനസികമായും ശാരീരികമായും തളർന്ന സെന്ന ആവേശത്താൽ അലറി. ട്രോഫി ഉയർത്താൻ പോലും ഊർജം ബാക്കിയില്ല. വലിയൊരു ജോലി പൂർത്തിയാക്കിയ ആശ്വാസത്താൽ ഷാംപെയ്നിൽ നനഞ്ഞു കയറി.

1994ലെ പിസിഫിക് ഗ്രാൻഡ് പ്രീയിൽ വില്യംസ് റെനോ ഓടിക്കുന്ന അയർട്ടൻ സെന്ന. Photo: AFP / Toshifumi KITAMURA
1994ലെ പിസിഫിക് ഗ്രാൻഡ് പ്രീയിൽ വില്യംസ് റെനോ ഓടിക്കുന്ന അയർട്ടൻ സെന്ന. Photo: AFP / Toshifumi KITAMURA

5. 1988, ഒരു പ്രാക്ടീസ് റെയ്സ്. ബോധമനസ്സല്ല കാറിനെ നിയന്ത്രിക്കുന്നത്, അബോധത്തിലുള്ള മറ്റെന്തോ (Driving transcendence). 350 കിലോമീറ്റർ വേഗത്തിൽ പായുന്ന വാഹനം ബോധമനസ്സിനാൽ നിയന്ത്രിക്കാൻ കഴിയില്ല, തീരുമാനങ്ങൾ എടുക്കുന്നത് വേറേതോ തലത്തിൽ. ആയോധന കലയിലെ ആ ചൊല്ല് പ്രസക്തം – If you have to think, you are dead. ഏതൊരു കായിക ഇനത്തിലും ഉന്നത നിലവാരത്തിൽ ആയിരിക്കുന്നവർ ഈ ഒഴുക്ക് അനുഭവിക്കുന്നുണ്ട്, കലാകാരൻമാരും എഴുത്തുകാരും ഇതറിയുന്നുണ്ട്. കാലത്തെ അതിജീവിക്കുന്ന സൃഷ്ടി സംഭവിക്കുന്നത് അന്തർബോധ തലത്തിലാണ്.

പോരാട്ട വീര്യം മാത്രമല്ല സെന്നയെ നയിച്ചത്. അയാൾ സഹാനുഭൂതിയുള്ള മനുഷ്യനുമായിരുന്നു. 1992 ൽ ബൽജിയം ഗ്രാൻഡ്പ്രീയിലെ പരിശീലന ഓട്ടത്തിൽ ഫ്രഞ്ച് ഡ്രൈവർ എറിക് കോൾമാന്റെ കാർ അതിവേഗ കർവിൽ ഇടിച്ചു തകർന്നു. പിന്നാലെ പാഞ്ഞു വന്ന സെന്ന വേഗം കുറച്ച്, അപകടം ഒഴിവാക്കി കാർ നിർത്തി. കോൾമാന്റെ കാൽ അപ്പോഴും ആക്സിലേറ്ററിൽ. ഫ്യുവൽ പമ്പ് ചെയ്യുന്നു, പൊട്ടിത്തെറിക്കാൻ സാധ്യത. പാഞ്ഞു ചെന്ന സെന്ന എൻജിൻ ഓഫ് ചെയ്ത് അപകടം ഒഴിവാക്കി.

1988 ലെ ബെൽജിയൻ ഗ്രാൻ പ്രി വിജയിച്ച സെന്നയുടെ ആഹ്ലാദം. രണ്ടാം സ്ഥാനത്തെത്തിയ അലെയ്ൻ പ്രോസ്റ്റ് സമീപം. Photo: AFP
1988 ലെ ബെൽജിയൻ ഗ്രാൻ പ്രി വിജയിച്ച സെന്നയുടെ ആഹ്ലാദം. രണ്ടാം സ്ഥാനത്തെത്തിയ അലെയ്ൻ പ്രോസ്റ്റ് സമീപം. Photo: AFP

വോൾസ്ട്രീറ്റ് ജേണലിലെ ഒരു ലേഖനം സെന്നയുടെ ബൗദ്ധികമായ കഴിവുകളെ വിലയിരുത്തുന്നു. കരിയറിലെ ഉന്നതിയിൽ നിൽക്കുമ്പോൾ സെന്ന ഒരു പുസ്തകമെഴുതി. Principles of race driving. നിയന്ത്രണം എന്ന കലയാണ് സാരഥിക്കു മികവു നൽകുന്നത്. കമ്പനി മേധാവിക്കും സംഘനേതാവിനും പകർത്താവുന്ന ചില സവിശേഷതകൾ റേസ് കാർ ഡ്രൈവിങ്ങിൽ കാണാം. മാനേജ്‌മെന്റിൽ അവയുടെ ഉപയോഗം ലേഖകൻ സാം വോക്കർ പരിശോധിക്കുന്നു.

1. സെന്ന അമിത വേഗത്തിൽ കാറോടിക്കുന്ന വെറുമൊരു ഡ്രൈവർ അല്ല. ബോധമനസ്സിന്റെ ഇടപെടലും വൈകാരികതയും പരമാവധി കുറച്ച് സ്വാഭാവിക പ്രകൃതിക്ക് മുൻതൂക്കം നൽകുന്നു. ട്രാക്കിൽ കാർ പറക്കുമ്പോൾ, ശരീരം സ്വസ്ഥമാക്കി, കലമ്പുന്ന മനസ്സിനെ കൊട്ടിയടച്ച്, ത്രോട്ടിലും സ്റ്റിയറിങ് വീലും ബ്രേക്കും ക്രമീകരിക്കുന്നു (Improvisation). ഈ മനോനില നേടിയെടുക്കാൻ മികച്ച പരിശീലനവും ഭക്ഷണവും ഉറക്കവും ഉറപ്പു വരുത്തുന്നു, വിശ്വാസം തുണയാകുന്നു.

1989ലെ പോർച്ചുഗീസ് ഗ്രാൻഡ് പ്രീക്ക് തയാറെടുക്കുന്ന സെന്ന. Photo: Jean-Loup GAUTREAU and Pascal PAVANI / AFP
1989ലെ പോർച്ചുഗീസ് ഗ്രാൻഡ് പ്രീക്ക് തയാറെടുക്കുന്ന സെന്ന. Photo: Jean-Loup GAUTREAU and Pascal PAVANI / AFP

2. അപകടം മുന്നിൽ കാണുമ്പോൾ റിഫ്ലക്സ് മാത്രം മതിയാകില്ല. അതിവേഗം തീരുമാനമെടുക്കാൻ മണിക്കൂറുകൾ നീണ്ട പരിശീലനത്തിലൂടെ ശ്രദ്ധയും ഭാവനയും (Focus and visualization) മെച്ചപ്പെടുത്തും. ട്രാക്കിൽ മൽസരത്തലേന്ന് ഓടി പരിസരം പരിചയിക്കും, ശരീരം വാഹനമായി സങ്കൽപിക്കും.

3. റെയ്സിലെ അപകട മുനമ്പാണ് ഹെയർപിൻ വളവുകളും ടയർ അട്ടിയിട്ട മേഖലകളും (Chicane). വളവുകളിൽ മുൻതൂക്കം നേടാൻ, ബ്രേക്ക് അവസാന നിമിഷം വരെ വൈകിപ്പിക്കാം. വേഗത നേരത്തേ കുറച്ച് ഏറ്റവും ചെറിയ ഡയറക്ട് റൂട്ട് വഴി എക്സിറ്റ് ചെയ്യുകയാണ് മറ്റൊരു രീതി, ഇത് പ്രതിരോധ തന്ത്രം. അപകടം നിറഞ്ഞ മൂന്നാമതൊരു രീതിയുണ്ട് - വളവുകളിൽ സെന്ന എക്സിറ്റ് മാത്രം ലക്ഷ്യമാക്കി ആംഗുലർ ടേണിങ് നടത്തും, മറ്റേതൊരു ഡ്രൈവർക്കും മുമ്പ് ആക്സിലേറ്ററിൽ കാലമരും.

4. എഫ്-1 ൽ ഒരൊറ്റ ബ്രേക്കിങ്, നഷ്ടമായ ഒരു ഗിയർ ചേഞ്ച്‌, മതിയാകും തോൽവി ഉറപ്പിക്കാൻ. അതൊഴിവാക്കാൻ സെന്ന യന്ത്രത്തെ ആഴത്തിൽ പഠിച്ചു, എൻജിനീയറിങ് വിദഗ്ധരുമായി നിരന്തരം സംഭാഷണം നടത്തി. ഓരോ യന്ത്രഭാഗവും ഇന്ദ്രിയങ്ങളാൽ അറിയാവുന്ന രീതിയിൽ കോക്പിറ്റ് രൂപകൽപന ചെയ്യണമെന്നു നിർദേശിച്ചു (Knowing the machine).

ഫ്രാൻസിൽ പരിശീലനത്തിനിടെ തങ്ങളുടെ സമയം പരിശോധിക്കുന്ന ഗെർഹാഡ് ബെർഗറും അയർട്ടന്‍ സെന്നയും. Photo: AFP / Eric Feferberg
ഫ്രാൻസിൽ പരിശീലനത്തിനിടെ തങ്ങളുടെ സമയം പരിശോധിക്കുന്ന ഗെർഹാഡ് ബെർഗറും അയർട്ടന്‍ സെന്നയും. Photo: AFP / Eric Feferberg

സെന്നയുടെ വിജയങ്ങൾ ബ്രസീലിൽ തരംഗമായി. രാജ്യത്ത് മോട്ടർ സ്പോർട്സ് വളരാൻ തുടങ്ങി. കേബിൾ ടെലിവിഷൻ സെന്ന എന്ന ലെജൻഡിനെ ബ്രസീലിൽ വളർത്തി. ഫുട്‌ബോൾ ദൈവങ്ങളുടെ ഇടയിൽ സ്ഥാനം ഉറപ്പിക്കുക ചെറിയ കാര്യമല്ല. രാജ്യം ആഭ്യന്തര പ്രശ്നങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും ആണ്ടപ്പോൾ ജനങ്ങൾ ദാരിദ്ര്യത്താൽ വലഞ്ഞു. പക്ഷേ സെന്നയുടെ വിജയങ്ങൾ അവർക്ക് ആനന്ദമായി. നാടിന്റെ ഹാനികളിൽ അസ്വസ്ഥനായ വീരനായകൻ, കനത്ത പ്രൈസ് മണിയിൽ വലിയൊരു ഭാഗം അബലർക്കു ദാനം ചെയ്തു.

കാറ്റ് മാറി വീശുകയായിരുന്നു. 1990 കളിൽ മോട്ടർ സ്പോർട്സിൽ വിവര സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ സെന്ന അസ്വസ്ഥനായി. ഗെയിമിന്റെ വിശുദ്ധി നഷ്ടപ്പെടും എന്നയാൾ കരുതി, പക്ഷേ മാറ്റങ്ങളെ തടയാൻ കഴിയില്ല. നാലാം കിരീടം നേടി 1993 ൽ അലെയ്ൻ പ്രോസ്റ്റ് കളമൊഴിഞ്ഞു. സെന്ന വില്യംസ്-റിനോയിൽ ചേക്കേറി. 1994 ൽ ഇറ്റലിയിലെ സാൻ മാരിനോ റെയ്സിന് ഇറങ്ങുന്ന സെന്ന കാറിൽ തൃപ്തനല്ല. സീസൺ നന്നായി തുടങ്ങിയതുമില്ല. പുതിയ ടീം, കാർ, എൻജിനീയറിങ്. വാഹനത്തിൽ മാറ്റങ്ങൾ വർധിച്ചു, ഡ്രൈവറും യന്ത്രവുമായുള്ള ഇഴയടുപ്പം നഷ്ടമായി. ട്രാക്കിൽ അപകടങ്ങളുടെ പരമ്പര. റുബൻസ് ബാരിചെല്ലോയ്ക്ക് പരുക്ക്, ഓസ്‌ട്രിയൻ ഡ്രൈവർ റോളൻഡ് റാറ്റ്സൻബർഗർ കൊല്ലപ്പെട്ടു. സെന്ന സമ്മർദ്ദത്തിന് അടിമയായി, ഇതാദ്യമായി ഭയം അയാളെ വിഴുങ്ങി, ശരീരഭാഷയിൽ അതു കാണാമായിരുന്നു.

മൽസര ദിവസം ട്രാക്കിൽ ഷൂമാക്കറെ മറികടന്നു കുതിച്ച സെന്നയുടെ കാർ ഏഴാം ലാപ്പിലെ ഹെയർപിന്നിൽ നിയന്ത്രണം വിട്ട് ചുവരിൽ ഇടിച്ചു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ അയാൾ ബോധത്തിൽനിന്ന് അബോധത്തിലേക്ക് യാത്ര തുടങ്ങിയിരുന്നു. കമന്ററി ബോക്സിൽ അലെയ്ൻ പ്രോസ്റ്റ് തലയിൽ കൈവച്ചു. കാറിന് 304 കിലോമീറ്റർ വേഗമായിരുന്നു. ആഘാതത്തിനു മുമ്പ് വേഗം ഇരുനൂറായി കുറച്ചു, പക്ഷേ സെന്നയുടെ ശ്രമം വിഫലമായി. നീണ്ട അന്വേഷണത്തിനു ശേഷം, ഡ്രൈവറുടെ പിഴവല്ല, കാറിന്റെ തകരാറാണ് അപകട കാരണമെന്ന് ഇറ്റാലിയൻ കോടതി വിധിയെഴുതി. സാവോ പോളോയിൽ വിലപിക്കുന്ന വൻ ജനാവലിയെ സാക്ഷിയാക്കി സെന്ന മണ്ണോടു ചേർന്നു. രണ്ടു മാസത്തിനു ശേഷം ലൊസാഞ്ചലസിലെ റോസ് ബൗളിൽ കിരീടം നേടിയ ബ്രസീലിയൻ ഫുട്‌ബോൾ ടീം മുറിവുണക്കി. സെന്നയുടെ സ്വാധീനം നിലനിന്നു. മരണശേഷം എഫ്-1 സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു, അപകടം കുറഞ്ഞു. സഹോദരി വിവിയൻ ഒരു ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചു, പ്രൈസ് മണി ഉപയോഗിച്ച് അവർ ബ്രസീലിൽ അനേകായിരം ദരിദ്ര വിദ്യാർഥികളെ സഹായിച്ചു.

അയർട്ടൻ സെന്നയുടെ കാർ അപകടത്തിൽപെട്ടപ്പോൾ പരിശോധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
അയർട്ടൻ സെന്നയുടെ കാർ അപകടത്തിൽപെട്ടപ്പോൾ പരിശോധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.

ഒരു അഭിമുഖത്തിൽ, ഏതു പോരാട്ടമാണ് കൂടുതൽ ആസ്വദിച്ചതെന്ന ചോദ്യത്തിനു മറുപടിയായി സെന്ന പറഞ്ഞു: ‘‘അത് പ്രോസ്റ്റുമായോ മാൻസലുമായോ ഷൂമാക്കറുമായോ അല്ല, പതിനെട്ടാം വയസ്സിൽ യൂറോപ്പിൽ ആദ്യമായി ഗോ കാർട്ടിങ്ങിൽ എതിരാളിയായ ഫുള്ളർട്ടണുമായുള്ള റെയ്സ്. രാഷ്ട്രീയമോ ദേശീയതയോ വാണിജ്യമോ സാങ്കേതികതയോ ഭാരപ്പെടുത്താതെ, കാറിനെ കാറ്റു പോലെ പറത്തുന്നതിന്റെ ആനന്ദം. ‘ഏറ്റവും പ്രിയമുള്ള കാര്യം ചെയ്യുമ്പോൾ, നിങ്ങൾ ആ വികാരവും മനോഭാവവും നിശ്ചയദാർഢ്യവും ചുറ്റുമുള്ളവരിലേക്ക് പകരുന്നു.’

അനുബന്ധം:

1. സെന്നയുടെ ഡ്രൈവ് ഞാൻ തൽസമയം കണ്ടിട്ടില്ല. 'സ്പോർട്സ്റ്റാർ' വായിക്കുന്ന കാലം മുതൽ അറിയാം. ഈ ലേഖനമെഴുതാൻ എഫ്-1 വിഡിയോകളും ഓട്ടോ സ്പോർട്സ് മാഗസിനുകളും സഹായിച്ചു. ഏറ്റവും പ്രധാനം അസിഫ് കപാഡിയയുടെ ഡോക്യുമെന്ററി (Senna, 2010). എഫ്-1 റിയൽ ഫുട്ടേജിന്റേയും ഫാമിലി വിഡിയോ ക്ലിപ്പുകളുടേയും വിദഗ്ധമായ സംയോജനം. സിനിമ പോലെ നാടകീയവും ആവേശകരവും. റോൺ ഹൊവാർഡിന്റെ 'റഷ്' പോലെ തീവ്രം. ഫ്രെയിമിൽ സെന്നയുടെ വൈകാരിക തലം. നിരൂപകരും ആരാധകരും പ്രശംസിച്ചു. അലെയ്ൻ പ്രോസ്റ്റിന് ഒരൊറ്റ കാര്യത്തിൽ മാത്രമായിരുന്നു വിയോജിപ്പ്. അവസാന വർഷത്തിൽ അവരുടെ സൗഹൃദം തിരിച്ചു വന്നിരുന്നു. സെന്ന ഇല്ലാതെ പ്രോസ്റ്റ് ഇല്ല; പ്രോസ്റ്റ് ഇല്ലാതെ സെന്നയും.

2. റോൺ ഹൊവാർഡിന്റെ സിനിമ 'റഷ്' (2013) തുടങ്ങുമ്പോൾ നിക്കി ലോദ (ഡാനിയൽ ബ്രൾ): ‘‘ഓരോ ഫോർമുല-വൺ സീസണിലും തുടക്കത്തിൽ ഇരുപത്തഞ്ച് ഡ്രൈവർ ഉണ്ടാകും. ഓരോ വർഷവും ചുരുങ്ങിയത് രണ്ടു പേർ മരിക്കും. ആരാണ് ഇങ്ങനെയൊരു ജോലി ചെയ്യുക? കിറുക്കന്മാർ, വിമതന്മാർ, സ്വപ്നാന്വേഷികൾ. ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ ആശിക്കുന്നവർ, അതിനു വേണ്ടി മരിക്കാനും തയ്യാറായവർ.’’സിനിമ പുരോഗമിക്കുമ്പോൾ എതിരാളി ജയിംസ് ഹണ്ട് (ക്രിസ് ഹെംസ് വർത്ത്): ‘‘ഇത് അദ്ഭുതകരമായ ജീവിതരീതിയാണ്. ഓരോ ദിനവും നിങ്ങളുടെ അവസാനത്തേത് എന്ന നിലയിൽ ജീവിക്കുക.’’അവസാന രംഗത്തിൽ ഹണ്ട്: ‘‘ഇതിനു വേണ്ടിയല്ലേ നമ്മൾ ഇവിടെ ആയിരിക്കുന്നത്? മരണത്തെ മുഖാമുഖം കാണാൻ, മരണത്തെ വഞ്ചിക്കാൻ!’’

English Summary: Ayrton Senna, Life and Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com