ADVERTISEMENT

അസ്താന (കസഖ്സ്ഥാൻ) ∙ 17–ാം ലോക ചെസ് ചാംപ്യനെ കണ്ടെത്താൻ ഇന്നു ടൈബ്രേക്കർ. ഇന്നലെ ഡിങ് ലിറൻ–യാൻ നീപോംനീഷി 14–ാം റൗണ്ട് മത്സരം 90 നീക്കങ്ങളിൽ സമനിലയിൽ പിരിഞ്ഞു. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ രണ്ടു പേരും ഏഴു വീതം പോയിന്റ് നേടിയതോടെയാണ് വിധിനിർണയം ടൈബ്രേക്കറിലേക്കു നീളുന്നത്.

 ഇന്നലെ വെള്ളക്കരുക്കളുമായി ഡിങ് ലിറന്റെ തുടക്കത്തിന് നിംസോ ഇന്ത്യൻ പ്രതിരോധത്തിലായിരുന്നു നീപ്പോയുടെ മറുപടി. ആർക്കും വ്യക്തമായ മുൻതൂക്കം ലഭിക്കാത്ത പ്രാരംഭഘട്ടം. എതിരാളിയുടെ രാജാവിനു നേരെ ആക്രമണത്തിന് ആദ്യ സൂചന നൽകിയത് ഡിങ്ങാണ്. 

മധ്യഘട്ടം പിന്നിട്ടതോടെ തന്റെ കാലാൾ നിരയെ ദുർബലമാക്കി ഡിങ് എതിരാളിയുടെ ശക്തനായ ബിഷപ്പിനെ വെട്ടിമാറ്റാൻ അവസരം നൽകിയതോടെ ആനുകൂല്യം നീപ്പോയ്ക്കായി. ഒരു കാലാളെ കൂടുതൽ ലഭിക്കാനുള്ള അവസരം കളഞ്ഞു കുളിച്ചെങ്കിലും രാജ്ഞിയുടെ വശത്ത് റൂക്കുകളെ വിന്യസിച്ച് അനുകൂലമായ എൻഡ് ഗെയിമിലേക്ക് നീപ്പോ കടന്നു. എന്നാൽ, നീപ്പോയുടെ ദുർബലമായ 36–ാം നീക്കത്തോടെ (ഇ5) സമനില സാധ്യതകൾ വീണ്ടും തെളിഞ്ഞു. 

രാജ്ഞിയുടെ വശത്ത് ഒരു കാലാൾ കൂടുതലുണ്ടെങ്കിലും ചെസ് തത്വങ്ങളനുസരിച്ച് സമനിലയെന്നു പറയാവുന്ന പൊസിഷൻ. റൂക്ക് ആൻഡ് പോൺ എൻഡ് ഗെയിമിൽ കളി ഏഴാം മണിക്കൂറിലേക്കു നീണ്ടെങ്കിലും ഫലം മറ്റൊന്നായില്ല.

English Summary : World chess championship, tiebreaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com