സലാല (ഒമാൻ) ∙ ജൂനിയർ ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ ഇന്നു പാക്കിസ്ഥാനെ നേരിടും. പൂൾ എയിൽ ആദ്യ 2 മത്സരങ്ങളിൽ ആധികാരിക വിജയം നേടിയ ഇന്ത്യ ഇന്നും വിജയമുറപ്പിച്ചാണു കളത്തിലിറങ്ങുന്നത്.
ചൈനീസ് തായ്‌പേയിയെ 18–0ന് ആദ്യമത്സരത്തിൽ തൂത്തുവാരിയ ഇന്ത്യ ജപ്പാനെതിരെ 3–1 വിജയവും നേടി. പാക്കിസ്ഥാനും തുടക്കം മോശമാക്കിയില്ല. ചൈനീസ് തായ്‌പേയിക്കെതിരെ 15–1നും തായ്‌ലൻഡിനെതിരെ 9–0നും വിജയം നേടി.
2015ലെ ജൂനിയർ ഏഷ്യാ കപ്പ് ഫൈനലിലാണ് ഇരുടീമും മുൻപ് ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 6–2നു ജയിച്ചു. 2011 മുതൽ ഇതുവരെ ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ആകെ 7 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ 5 വട്ടം ഇന്ത്യ ജയിച്ചു. ഒരു കളി സമനിലയായി. പൂൾ എയിലെ അവസാന മത്സരത്തിൽ ഞായറാഴ്ച തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.
English Summary: India will face Pakistan today in junior asia cup hockey