ADVERTISEMENT

 

 

 

 

 

 

 

 

 

 

കോട്ടയം ∙ പൂരം കഴിഞ്ഞ്, ആളൊഴിഞ്ഞ മൈതാനത്ത് വെടിക്കെട്ട് നടത്തുന്നതുപോലെയാണ് ഇത്തവണത്തെ ദേശീയ സ്കൂൾ കായികമേള. പരീക്ഷയും വേനലവധിയും കഴിഞ്ഞ്, പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പോയ വർഷത്തെ കായികമേള നടത്താനൊരുങ്ങുകയാണ് സംഘാടകർ. ജൂൺ 6 മുതൽ 12 വരെ ഡൽഹി, ഭോപാൽ, ഗ്വാളിയർ എന്നിവിടങ്ങളിലായാണ് 2022–23 അധ്യയന വർഷത്തെ ദേശീയ സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്. സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളെ ഒഴിവാക്കി നടത്തുന്ന ‘തട്ടിക്കൂട്ട്’ മേളയിൽ സീനിയർ വിഭാഗത്തിന് (അണ്ടർ 19) മാത്രമായി മത്സരമൊതുക്കി. ഗെയിംസ് മത്സരങ്ങൾ 21 ഇനങ്ങളിലേക്ക് ചുരുക്കിയപ്പോൾ ക്രിക്കറ്റ് ഉൾപ്പെടെ 15 ഇനങ്ങൾ പുറത്തായി.

ദേശീയ സ്കൂൾ കായികമേളയുടെ സംഘാടകരായ സ്കൂൾ ഗെയിംസ് ഫെ‍ഡറേഷനെ ദേശീയ കായിക മന്ത്രാലയം വിലക്കിയതിനാലാണ് ഈ വർഷത്തെ ദേശീയ മത്സരങ്ങൾ അനിശ്ചിതമായി നീണ്ടുപോയത്. വിലക്കു മാറിയതിനുശേഷം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദേശീയ മീറ്റിനെക്കുറിച്ച് തിരക്കിയപ്പോൾ ഇത്തവണ മത്സരം നടത്തുന്നില്ലെന്നായിരുന്നു ഫെഡറേഷന്റെ പുതിയ ഭരണസമിതിയുടെ മറുപടി. ദേശീയ മത്സരത്തിനു യോഗ്യത നേടിയ കേരളത്തിലെ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്ക് ഇതോടെ പരീക്ഷയ്ക്കു ലഭിക്കേണ്ട ഗ്രേസ് മാർക്ക് നഷ്ടമായി. ഒടുവിൽ ഈ മാസം രണ്ടാംവാരമാണ് ‘പേരിനൊരു മത്സരം’ നടത്തുന്നുവെന്ന വിവരം ഫെഡറേഷൻ സംസ്ഥാനങ്ങളെ അറിയിച്ചത്.

ഗെയിംസിലും അത്‌‌ലറ്റിക്സിലുമായി 499 കുട്ടികളാണ് കേരളത്തിനായി മത്സരിക്കുന്നത്. സീനിയർ വിഭാഗത്തിനു മാത്രമാണ് മത്സരമെന്നതിനാൽ ഇത്തവണ പ്ലസ്‌ വൺ, പ്ലസ്ടു പരീക്ഷകളെഴുതിയ വിദ്യാർഥികൾ മാത്രമാണ് ടീമിലുള്ളത്. കോവിഡിനെത്തുടർന്ന് മുടങ്ങിയ ദേശീയ സ്കൂൾ കായികമേള 3 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും നടത്തുന്നത്. ഒടുവിൽ നടന്ന 2019–20 കായികമേളയിൽ അത്‌ലറ്റിക്സിൽ കേരളം ഓവറോൾ ചാംപ്യൻമാരായിരുന്നു.

English Summary: National School Sports Fest of the previous academic year is held at the beginning of the new year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com