കകാമിഗാര (ജപ്പാൻ) ∙ ജൂനിയർ ഏഷ്യ കപ്പ് വനിതാ ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്വല ജയം. ഉസ്ബെക്കിസ്ഥാനെ 22–0നാണ് ഇന്ത്യ തകർത്തു വിട്ടത്. ഇന്ത്യയ്ക്കായി അന്നു 6 ഗോളും മുംതാസ് ഖാൻ, ദീപിക എന്നിവർ 4 വീതം ഗോളും നേടി. വൈഷ്ണവി ഫാൽക്കെ (2), സുനെതില ടോപ്പോ (2), ദീപകി സോറങ് (2), മഞ്ജു ചൗരസ്യ, നീലം എന്നിവരും ലക്ഷ്യം കണ്ടു.
3–ാം മിനിറ്റിൽ പെനൽറ്റി കോർണറിലൂടെ ഗോളടി തുടങ്ങിയ ഇന്ത്യ 60–ാം മിനിറ്റിലാണ് അവസാന ഗോൾ നേടിയത്. ആദ്യ ക്വാർട്ടറിൽ 3–0, ഹാഫ്ടൈമിൽ 10–0, മൂന്നാം ക്വാർട്ടറിൽ 15–0 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ ലീഡ്. നാളെ ഇന്ത്യ മലേഷ്യയെ നേരിടും.
പൂൾ എയിൽ ദക്ഷിണ കൊറിയ, ചൈനീസ് തായ്പെയ് എന്നിവരും ഇന്ത്യയ്ക്കൊപ്പമുണ്ട്. ജപ്പാൻ, ചൈന, ഇന്തൊനീഷ്യ, കസഖ്സ്ഥാൻ, ഹോങ്കോങ് എന്നിവരാണ് പൂൾ ബിയിൽ. ഇന്നലെ മറ്റു മത്സരങ്ങളിൽ ജപ്പാൻ 23–0ന് ഹോങ്കോങ്ങിനെയും ചൈന 18–0ന് ഇന്തൊനീഷ്യയെയും ദക്ഷിണ കൊറിയ 5–1ന് ചൈനീസ് തായ്പെയിയെയും തകർത്തു.എ, ബി പൂളുകളിലെ ആദ്യ 2 സ്ഥാനക്കാർ സെമിഫൈനലിലെത്തും.
ജൂനിയർ വനിതാ ഏഷ്യ കപ്പിൽ ഇന്ത്യ ഇതുവരെ ജേതാക്കളായിട്ടില്ല. പുരുഷ ടീം കഴിഞ്ഞ ദിവസം ഒമാനിലെ സലാലയിൽ നടന്ന ചാംപ്യൻഷിപ്പിൽ പാക്കിസ്ഥാനെ 2–1നു തോൽപിച്ച് കിരീടം നിലനിർത്തിയിരുന്നു.
English Summary: India defeated Uzbekistan in juniour asia cup