പാരിസ് ഡയമണ്ട് ലീഗ്: ലോങ്ജംപിൽ എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം
Mail This Article
പാരിസ് ∙ പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. പുരുഷ ലോങ്ജംപിലെ ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിൽ മൂന്നാമത്തെ ജംപിലാണ് ശ്രീശങ്കർ 8.09 മീറ്റർ പിന്നിട്ടത്.
ഒളിംപിക്സ് ചാംപ്യനായ ഗ്രീസ് താരം മിൽത്തിയാദിസ് തെന്റഗ്ലൂ 8.13 മീറ്റർ ചാടി ഒന്നാം സ്ഥാനവും 8.11 മീറ്റർ ചാടിയ ലോക ചാംപ്യൻഷിപ് വെങ്കല മെഡൽ ജേതാവായ സ്വിറ്റ്സർലൻഡ് താരം സൈമൺ ഇഹാമർ രണ്ടാം സ്ഥാനവും നേടി. നിലവിലെ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ക്യൂബയുടെ മെയ്ക്കൊ മാസ്സോ (7.83 മീറ്റർ) ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ആദ്യ രണ്ടു ശ്രമങ്ങളിൽ യഥാക്രമം 7.79 മീറ്റർ, 7.94 മീറ്റർ എന്നിങ്ങനെയായിരുന്നു ശ്രീശങ്കർ ചാടിയത്. മൂന്നാം ശ്രമത്തിൽ 8.09 മീറ്റർ ചാടി ശ്രീശങ്കർ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തി. നാലാം ശ്രമത്തിൽ 8.11 മീറ്റർ ചാടിയ സൈമൺ ഇഹാമർ, ശ്രീശങ്കറിനെ മറികടന്നു. അഞ്ചാം ശ്രമത്തിൽ 8.13 മീറ്റർ ചാടിയ മിൽത്തിയാദിസ് തെന്റഗ്ലൂ ഇരുവരെയും മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ശ്രീശങ്കറിന്റെ നാലാമത്തെയും ആറാമത്തെയും ചാട്ടങ്ങൾ ഫൗളായി. അഞ്ചാം ശ്രമത്തിൽ 7.99 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. പാരിസ് ഡയമണ്ട് ലീഗിൽ ഇത്തവണ പങ്കെടുത്ത ഏക ഇന്ത്യൻ താരമാണ് ശ്രീശങ്കർ.
ഡയമണ്ട് ലീഗിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയ മൂന്നാമത്തെ ഇന്ത്യൻ താരമാണ് എം. ശ്രീശങ്കർ. ജാവലിൻത്രോ താരം നീരജ് ചോപ്ര, ഡിസ്കസ്ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. കരിയറിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് മത്സരത്തിലാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം കൈവരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന മൊണാക്കോ ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ ശ്രീശങ്കർ ആറാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ വർഷം ബർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവാണ് ശ്രീശങ്കർ. അഞ്ചാം ഊഴത്തിൽ 8.08 മീറ്റർ പിന്നിട്ടാണ് ശ്രീശങ്കർ മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ പുരുഷ ലോങ്ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ശ്രീശങ്കർ സ്വന്തമാക്കി.
English Summary: Sreeshankar Murali finishes third in Paris Diamond League