തിരുവനന്തപുരം∙ കേരള സ്പോർട്സ് കൗൺസിലും കൗൺസിലിന്റെ അംഗീകാരമുള്ള ഹോക്കി സംഘടനയായ കേരള ഹോക്കിയും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. കേരള ഹോക്കി ഭാരവാഹികൾക്കെതിരെ മുൻ ഹോക്കി താരങ്ങൾ നൽകിയ പരാതികൾ അന്വേഷിക്കാൻ സ്പോർട്സ് കൗൺസിൽ സമിതിയെ നിയോഗിച്ചു. സ്പോർട്സ് കൗൺസിലിന്റെ സ്ഥിരം സമിതി അംഗവും കൗൺസിൽ അംഗവും നിയമോപദേശകനും ഉൾപ്പെട്ടതാണു സമിതി. തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കൃത്രിമം കാട്ടിയെന്നും കായിക നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

2022 മേയിൽ നടന്ന കേരള ഹോക്കി ഭാരവാഹി തിരഞ്ഞെടുപ്പ് സ്പോർട്സ് കൗൺസിൽ ഇതുവരെ അംഗീകരിച്ചിട്ടുമില്ല. തിരഞ്ഞെടുപ്പ് സംബന്ധിച്ചു കൗൺസിലിന്റെ നിരീക്ഷകൻ നൽകിയ റിപ്പോർട്ട് പൂർണമല്ലെന്നു ചൂണ്ടിക്കാട്ടിയാണിത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയും കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റുമായ വി.സുനിൽ കുമാറാണു കേരള ഹോക്കിക്ക് നേതൃത്വം നൽകുന്നത്. ഇദ്ദേഹം പ്രസിഡന്റായ പാനൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തലസ്ഥാനത്തെ സിപിഎം നേതാവ് ആയ കരമന ഹരി ആയിരുന്നു കൗൺസിലിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ.

തിരഞ്ഞെടുപ്പിൽ അതൃപ്തി രേഖപ്പെടുത്തുന്ന റിപ്പോർട്ടാണ് ഹരി നൽകിയതെന്നും വിശദമായ റിപ്പോർട്ട് തന്നിട്ടില്ലെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി അറിയിച്ചു. മുൻകാല താരങ്ങൾ ഉന്നയിച്ച പരാതികളെല്ലാം നേരത്തേ ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നും കൗൺസിലിന്റെ അന്വേഷണത്തിൽ വിവരങ്ങൾ തേടിയാൽ‌ വ്യക്തമാക്കുമെന്നും വി.സുനിൽകുമാർ പറഞ്ഞു. 

English Summary: Complaint against Kerala Hockey, investigation