ഭാരതം നമ്മോടൊപ്പമുണ്ട്, ഭാരത് മാതാ കി ജയ് എന്നാണു പറയുന്നത്: പി.ആർ. ശ്രീജേഷ്
Mail This Article
ന്യൂഡൽഹി∙ ഭാരതം എന്ന പേര് എപ്പോഴും നമ്മോടൊപ്പമുള്ളതാണെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. ഇന്ത്യയിൽനിന്നു ഭാരതത്തിലേക്കുള്ള മാറ്റം ബുദ്ധിമുട്ടുള്ളതായിരിക്കാമെന്നും ശ്രീജേഷ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക യാത്രയയപ്പിനിടെ പ്രതികരിച്ചു. ‘‘എപ്പോഴും ഭാരത് മാതാ കി ജയ് എന്നാണു നമ്മൾ പറയുന്നത്. ഭാരതം എന്ന വാക്ക് നമ്മളോടൊപ്പമുണ്ട്. ഇന്ത്യയ്ക്കു പകരം ഭാരത് എന്നാക്കുന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്.’’- ശ്രീജേഷ് വ്യക്തമാക്കി.
‘‘ഇന്ത്യയെന്ന പേരു വർഷങ്ങളായി നമ്മള്‍ ഉപയോഗിക്കുന്നതാണ്. അതുകൊണ്ടു തന്നെ പുതിയ പേര് എന്നെ സംബന്ധിച്ചിടത്തോളം കുറച്ച് അകൽച്ചയുള്ളതായിരിക്കാം. പക്ഷേ യുവാക്കൾക്ക് ഇതു പുതിയ ഒരു അനുഭവമാകും. അവർ അതുമായി പൊരുത്തപ്പെടും. എന്നാൽ ഇന്ത്യയിൽനിന്നു ഭാരതിലേക്കുള്ള മാറ്റം ഒരു വെല്ലുവിളി തന്നെയാണ്.’’- ശ്രീജേഷ് വ്യക്തമാക്കി.
ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക വസ്ത്രവും താരങ്ങളുടെ ജഴ്സിയും കിറ്റും ചടങ്ങിൽ പുറത്തിറക്കി. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറാണു സെറിമോണിയൽ ഡ്രസ് പുറത്തിറക്കിയത്. പി.ആർ. ശ്രീജേഷ്, സവിത പുനിയ എന്നിവർ ഔദ്യോഗിക വസ്ത്രമണിഞ്ഞാണു ചടങ്ങിനെത്തിയത്. സംഘത്തിന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) ഔദ്യോഗിക യാത്രയയപ്പും നൽകി. ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ നേതൃത്വം നൽകി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിലെ പേര് ഭാരത് എന്നുമാറ്റണമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മുതൽ ഈ മാറ്റം വേണമെന്നും ബിസിസിഐ ഇതിനായി മുന്‍കൈ എടുക്കണമെന്നും സേവാഗ് പ്രതികരിച്ചു.
English Summary: Bharat is always there: PR Sreejesh