ഹാരിത്ത് നോഹയ്ക്ക് ആദ്യ രാജ്യാന്തര കിരീടം

Mail This Article
ഇസ്മിർ (തുർക്കി) ∙ ട്രാൻസ് അനറ്റോലിയ റാലിയിൽ ജേതാവായി മലയാളി താരം ഹാരിത്ത് നോഹ. 450 സിസി വരെയുള്ള മോട്ടർ സൈക്കിളുകളുടെ ബി വൺ ക്ലാസ് മത്സരത്തിലാണു ഷൊർണൂർ സ്വദേശിയുടെ സ്വപ്നതുല്യമായ നേട്ടം. ഏഴു ദിവസമായി തുർക്കിയിൽ നടന്ന കഠിനമായ മത്സരത്തിലാണു ഹാരിത്ത് ഒന്നാമനായി രാജ്യാന്തര മത്സരങ്ങളിലെ ആദ്യജയം കരസ്ഥമാക്കിയത്. 2024ലെ ഡാകർ റാലിയിൽ മത്സരിക്കാൻ ഇതോടെ ആത്മവിശ്വാസം വർധിച്ചതായി ഹാരിത്ത് അഭിപ്രായപ്പെട്ടു.
നാലു ഡാകർ റാലികളിൽ മത്സരിച്ചിട്ടുള്ള ഹാരിത്ത് നോഹ അടുത്ത ഡാകറിനുള്ള പരിശീലനമായാണു ട്രാൻസ് അനറ്റോലിയ മത്സരത്തിനിറങ്ങിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 2021ൽ ഡാകർ റാലിയിൽ ആദ്യ ഇരുപതിലെത്തി നോഹ അഭിമാനനേട്ടം കൈവരിച്ചിരുന്നു. പാലക്കാട് ജില്ലയിലെ ഷൊർണൂർ കൊയ്ത്തുവീട്ടിൽ റാഫിയുടെ മകനാണു ഹാരിത്ത് നോഹ.
English Summary: first International title for Harith Noah