വിജയവോളി! ദക്ഷിണ കൊറിയയെ 3–2ന് തകർത്ത് ഇന്ത്യ നോക്കൗട്ടിൽ

Mail This Article
ഹാങ്ചോ ∙ ദക്ഷിണ കൊറിയ എന്ന വൻമരത്തെ വീഴ്ത്തി ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യൻ പുരുഷ ടീമിന്റെ വിജയക്കുതിപ്പ്. 5 സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ 25–27, 29–27, 25–22, 20–25,17–15 എന്ന സ്കോറിനാണ് ഇന്ത്യ അട്ടിമറി വിജയം നേടിയത്. രണ്ടാം ജയത്തോടെ പൂളിൽ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ പ്രീക്വാർട്ടറിലേക്കു മുന്നേറി. നാളെ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്‌പേയാണ് എതിരാളികൾ.
ഏഷ്യൻ ഗെയിംസിലെ നിലവിലെ രണ്ടാം സ്ഥാനക്കാർ, 1966 മുതലുള്ള എല്ലാ ഗെയിംസിലും മെഡലുമായി മടങ്ങിയവർ, ലോക റാങ്കിങ്ങിൽ 27–ാം സ്ഥാനക്കാർ– കടലാസിൽ കളത്തിലും ഏറെ കരുത്തരായ കൊറിയയ്ക്കു മുന്നിലേക്കാണ് റാങ്കിങ്ങിൽ 73–ാം സ്ഥാനത്തുള്ള ഇന്ത്യൻ ടീം ചങ്കൂറ്റത്തോടെ ഇറങ്ങിയത്. രണ്ടര മണിക്കൂർ നീണ്ട മത്സരത്തിനൊടുവിൽ ഇന്ത്യൻ ടീം കളിക്കു മുൻപുള്ള പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ചു. ആദ്യ സെറ്റ് നഷ്ടമാകുകയും നിർണായകമായ അഞ്ചാം സെറ്റിൽ പിന്നിൽ നിൽക്കുകയും ചെയ്തശേഷമായിരുന്നു ഉജ്വല തിരിച്ചുവരവ്. കഴിഞ്ഞ 10 വർഷത്തിനിടെ കൊറിയയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ജയം കൂടിയാണിത്.
അമിത് ഗുരിയയും മലയാളി താരം എറിൻ വർഗീസുമാണ് മത്സരത്തിൽ ഇന്ത്യൻ ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചത്. ബ്ലോക്കിങ്ങിൽ അശ്വൽ റായിയും എൽ.എം.മനോജും ചേർന്ന് കൊറിയൻ ആക്രമണത്തിന്റെ മുനയൊടിക്കുകയും ചെയ്തു.
English Summary: Asian Games: India men's volleyball team stuns South Korea 3-2 to reach knockout round