വിസ്മയച്ചെപ്പ് തുറന്നു; ഏഷ്യൻ ഗെയിംസ് വേദികളൊരുങ്ങി; ടീമുകളുടെ വരവ് തുടരുന്നു

Mail This Article
ഒരു കിളിക്കൂട്ടിൽ ഒളിംപിക്സ് നടത്തിയവരാണ് ചൈനക്കാർ. ഇത്തവണ അവർ ഏഷ്യൻ ഗെയിംസ് നടത്താൻ പോകുന്നത് ഒരു താമരക്കുമ്പിളിലാണ്! 2008 ബെയ്ജിങ് ഒളിംപിക്സിന്റെ പ്രധാനവേദി ‘ബേഡ്സ് നെസ്റ്റ്’ സ്റ്റേഡിയമായിരുന്നെങ്കിൽ ഹാങ്ചോ ഏഷ്യൻ ഗെയിംസിന്റെ പ്രധാന വേദി ‘ബിഗ് ലോട്ടസ്’ എന്നറിയപ്പെടുന്ന സ്റ്റേഡിയമാണ്. തടാകനഗരമായ ഹാങ്ചോവിൽ ആ താമര വിരിയാൻ ഇനി 3 ദിനങ്ങൾ മാത്രം!
ഗെയിംസ് വേദിയിലേക്ക് മത്സരാർഥികളുടെ വരവ് തുടരുകയാണ്. ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് ഹാങ്ചോവിലെത്തും. 6 നഗരങ്ങളിലെ 60 വേദികളിലായി പരന്നുകിടക്കുന്നുവെങ്കിലും 19–ാമത് ഏഷ്യൻ ഗെയിംസിന്റെ ഹൃദയം ഹാങ്ചോവിലെ ഒളിംപിക്സ് സ്പോർട്സ് സെന്ററാണ്. വിരിയാനൊരുങ്ങുന്ന താമരയുടെ മാതൃകയിൽ 2 സ്റ്റേഡിയങ്ങളാണ് ഇവിടെയുള്ളത്. ഉദ്ഘാടന, സമാപന വേദിയായ ബിഗ് ലോട്ടസിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ നടക്കുമ്പോൾ തൊട്ടരികിലുള്ള കുഞ്ഞൻ താമര സ്റ്റേഡിയം (സ്മോൾ ലോട്ടസ്) ടെന്നിസ് മത്സരങ്ങൾക്കു വേദിയാകും. അക്വാട്ടിക്സ്, സ്ക്വാഷ് മത്സരങ്ങളും ഒളിംപിക് സ്പോർട്സ് സെന്ററിനുള്ളിലാണ്.
ഏഷ്യൻ ഗെയിംസിന്റെ ആതിഥേയ നഗരമായ ഹാങ്ചോവിലെ വിസ്മയങ്ങളായ പട്ടും തടാകവും പൗരാണികതയുമെല്ലാം ഇഴചേർത്ത ശിൽപഭംഗിയിലാണ് ബിഗ് ലോട്ടസിന്റെ രൂപകൽപന. 80,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം വിസ്തൃതിയിൽ കിളിക്കൂടിനൊപ്പം നിൽക്കും. 2020ൽ ആരംഭിച്ച സ്റ്റേഡിയത്തിന്റെ നിർമാണം 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ സംഘാടകർ പിന്നീട് 3 തവണ നവീകരിക്കുകയും ചെയ്തു.
റോവിങ് ടീം ഇന്നിറങ്ങും
റോവിങ്ങിൽ ഇന്ത്യൻ ടീം ഇന്നു മത്സരത്തിനിറങ്ങും. വൈകിട്ട് അഞ്ചിന് നടക്കുന്ന വനിതകളുടെ കോക്സ്ഡ് 8 ടീം ഇനത്തിൽ മലയാളികളായ പി.ബി.അശ്വതിയും കെ.ബി.വർഷയും മത്സരിക്കും.
English Summary: Asian games venues are ready