അരുണാചലിൽ നിന്നുള്ള വുഷു താരങ്ങൾക്ക് ചൈന വീസ നിഷേധിച്ചു; പ്രതിഷേധവുമായി ഇന്ത്യ

Mail This Article
ന്യൂഡൽഹി∙ അരുണാചല്‍ പ്രദേശിൽ നിന്നുള്ള മൂന്ന് വുഷു താരങ്ങൾക്ക്, ഏഷ്യൻ ഗെയിംസിനുള്ള വീസ ചൈന നിഷേധിച്ചു. വനിതാ താരങ്ങളായ ന്യേമൻ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവർക്കാണ് ട്രാവൽ ഡോക്യുമെന്റ് ലഭിക്കാത്തത്. നേരത്തെ ഗെയിംസ് സംഘാടകരിൽനിന്ന് ഇവർക്ക് അക്രഡിറ്റേഷൻ കാർഡുകൾ ലഭിച്ചിരുന്നു. വുഷു ടീമിലെ മറ്റ് അംഗങ്ങൾ ബുധനാഴ്ച തന്നെ പുറപ്പെട്ടിരുന്നു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധ സൂചകമായി കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനയിലേക്കുള്ള യാത്ര റദ്ദാക്കി. ഇന്ത്യൻ പൗരന്മാരെ രണ്ടായി കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഡൽഹിയിലും ബെയ്ജിങിലും പ്രതിഷേധം അറിയിക്കുമെന്നും അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേരത്തെയും സമാന രീതിയിൽ ഇന്ത്യൻ താരങ്ങളോട് ചൈന പെരുമാറിയിരുന്നു. ജൂലൈയിൽ ചൈനയിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുക്കാനിരിക്കെ വുഷു താരങ്ങളുടെ വീസയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിഷേധ സൂചകമായി ഇന്ത്യ മത്സരത്തിൽനിന്ന് പിന്മാറുകയായിരുന്നു. സെപ്റ്റംബർ 24നാണ് ഏഷ്യൻ ഗെയിംസ് വുഷു മത്സരങ്ങൾ ആരംഭിക്കുന്നത്.
English Summary: Asian Games: Arunachal's wushu players unable to travel to China