തിളങ്ങി ത്രിവർണം; ഏഷ്യൻ ഗെയിംസ് വില്ലേജിൽ ഇന്ത്യൻ പതാകയുയർന്നു
Mail This Article
മേഘാവൃതമായ മാനം, വീശിയടിക്കുന്ന കാറ്റ്, ചന്നം പിന്നം മഴ! പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ചുള്ള കുതിപ്പ് പോലെ ഹാങ്ചോയിലെ ഏഷ്യൻ ഗെയിംസ് വില്ലേജിൽ ഇന്ത്യൻ പതാകയുയർന്നു. ചൈനയുടെയും ജപ്പാന്റെയും പതാകകൾക്കു നടുവിലായി ത്രിവർണ പതാക വാനിലുയർന്നപ്പോൾ വരാനിരിക്കുന്ന മെഡൽ പോരാട്ടങ്ങളുടെ വിളംബരമായി മാറി അത്. പ്രാദേശിക സമയം ഇന്നലെ മൂന്നിനാണ് ഗെയിംസ് വില്ലേജിൽ ഇന്ത്യയുടെ പതാക ഉയർത്തൽ ചടങ്ങ് നടന്നത്. ജനഗണമന മുഴങ്ങിയപ്പോൾ കയ്യിലെ ദേശീയപതാക വീശി മുപ്പതോളം ഇന്ത്യൻ താരങ്ങൾ ആ അഭിമാനമുഹൂർത്തതിന് സാക്ഷികളായി. ചെഫ് ദെ മിഷൻ ഭുപേന്ദ്ര സിങ് ബജ്‌വയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം അണിനിരന്നത്.
ഗെയിംസിന്റെ ഉദ്ഘാടനത്തിനു മുൻപുള്ള പ്രധാന ചടങ്ങായ പതാക ഉയർത്തലിൽ പ്രധാന താരങ്ങളുടെ അസാന്നിധ്യം ഇന്ത്യൻ സംഘത്തിൽ തെളിഞ്ഞുനിന്നു. ഹാൻഡ് ബോൾ, റഗ്ബി, ഇ–സ്പോർട്സ്, വുഷു, റോവിങ് ടീമംഗങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഗെയിംസ് വില്ലേജിനു പുറത്തു താമസിക്കുന്ന വനിതാ ക്രിക്കറ്റ്, പുരുഷ ഫുട്ബോൾ ടീമുകൾക്ക് ചടങ്ങിനെത്താനായില്ല. ഇന്ത്യൻ പുരുഷ വോളിബോൾ ടീം ഈ സമയം ചൈനീസ് തായ്പേയ്ക്കെതിരെ പ്രീക്വാർട്ടർ മത്സരം കളിക്കുകയുമായിരുന്നു. പുരുഷ, വനിതാ ഹോക്കി ടീമുകൾ പരിശീലനത്തിലും.
ബോക്സിങ്, ഷൂട്ടിങ്, ചെസ് ടീമുകൾ കൂടി എത്തിയതോടെ ഹാങ്ചോവിലെ ഏഷ്യൻ ഗെയിംസ് വില്ലേജിൽ ഇന്ത്യയുടെ സംഘബലം വർധിച്ചു. ഗെയിംസ് വില്ലേജിൽ ഇന്ത്യൻ അപ്പാർട്മെന്റുകൾ ഏറക്കുറെ നിറഞ്ഞു. അത്‌ലറ്റിക്സ്, വനിതാ വോളിബോൾ, ബാഡ്മിന്റൻ, വെയ്റ്റ്‌ലിഫ്റ്റിങ്, ഗുസ്തി ടീമുകളാണ് ഇനി എത്താനുള്ളത്. വില്ലേജിലെ സോൺ ഒന്നിൽ ഇന്തൊനീഷ്യ, വിയറ്റ്നാം ടീമുകളുടെ അപ്പാർട്മെന്റുകൾക്കു നടുവിലാണ് ഇന്ത്യൻ ടീമുകളുടെ താമസസ്ഥലം.
തുഴച്ചിലിൽ ബൽരാജ് പൻവർ ഫൈനലിൽ
തുഴച്ചിലിൽ ബൽരാജ് പൻവർ മെഡൽ പോരാട്ടത്തിന് യോഗ്യത നേടി. പുരുഷ വിഭാഗം സിംഗിൾ സ്കൾ സെമിയിൽ മൂന്നാമതായി ഫിനിഷ് ചെയ്താണ് ഫൈനലിലെത്തിയത്. പുരുഷ വിഭാഗം ക്വാഡ്രപ്പിൾ സ്കൾസ്, ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ്, ഡബിൾ സ്കൾസ്, കോക്സ്ഡ് 8, കോക്സ്‌ലെസ് പെയർ, കോക്സ്‍ലെസ് 4, വനിതകളുടെ കോക്സ്‍ലെസ് 4, കോക്സ്ഡ് 8 ടീമുകൾ ഫൈനലിലെത്തി.
English Summary : Indian flag was hoisted at the Asian Games Village